കറുത്ത വര്‍ഗക്കാരനെ കൊലപ്പെടുത്തിയ കേസില്‍ പിതാവിനും മകനും അയല്‍വാസിക്കും ജീവപര്യന്തം.

0
88
പി.പി ചെറിയാന്‍.

ജോര്‍ജിയ: 25 വയസ്സുകാരനായ കറുത്തവര്‍ഗക്കാരന്‍ അഹമ്മദ് ആര്‍ബറി വെടിയേറ്റു കൊല്ലപ്പെട്ട കേസില്‍ വെളുത്ത വര്‍ഗക്കാരനായ പിതാവിനേയും മകനേയും അയല്‍വാസിയേയും ജീവപര്യന്തം ശിക്ഷിച്ചു ഫെഡറല്‍ കോടതി ഉത്തരവിട്ടു. ജോര്‍ജിയ സംസ്ഥാനത്ത് ഗ്ലില്‍ കൗണ്ടിയിലെ ബ്രണ്‍സ്വിക്കില്‍ 2020 ഫെബ്രുവരി 23 നായിരുന്നു സംഭവം. ആര്‍ബറിയുടെ കൊലപാതകം വംശീയ ആക്രമണമാണെന്നാണു ഫെഡറല്‍ കോടതി കണ്ടെത്തിയത്.

പ്രതികളുടെ പണി നടന്നു കൊണ്ടിരുന്ന വീടിനു സമീപം ചുറ്റിക്കറങ്ങി കൊണ്ടിരുന്ന യുവാവ് മോഷ്ടാവ് എന്നു കരുതിയാണു നിറയൊഴിച്ചതെന്നു പ്രതികള്‍ കോടതിയില്‍ വാദിച്ചു. ആര്‍ബറി നിരായുധനായിരുന്നു. ഇയാള്‍ ആക്രമണത്തെ ചെറുക്കാന്‍ ശ്രമിച്ചിരുന്നു.

പ്രതികള്‍ വാഹനത്തില്‍ പിന്തുടര്‍ന്നു വഴി ബ്ലോക്ക് ചെയ്തപ്പോള്‍ അവരില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ യുവാവ് ശ്രമിച്ചു. പക്ഷേ വാഹനത്തില്‍ നിന്നിറങ്ങിയ മകന്‍ ട്രാവിസ് മെക്ക്‌മൈക്കിള്‍ ആര്‍ബറിക്കു നേരെ നിറയൊഴിക്കുകയായിരുന്നു. ഇതേ വാഹനത്തില്‍ പിതാവ് ഗ്രിഗറി മെക്ക് മൈക്കിളും ഉണ്ടായിരുന്നു. മറ്റൊരു വാഹനത്തില്‍ അയല്‍വാസി സംഭവം വീഡിയോ റെക്കാര്‍ഡ് ചെയ്തതു പിന്നീട് വൈറലായി.

ഗ്ലെന്‍ കൗണ്ടി പൊലിസ് സംഭവത്തില്‍ രണ്ടു മാസത്തിനകം നടപടികള്‍ ഒന്നും സ്വീകരിച്ചിരുന്നില്ല. പിന്നീട് പ്രതിഷേധം ശക്തിപ്പെട്ടതോടെ ജോര്‍ജിയ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ പിതാവിനേയും മകനേയും അറസ്റ്റ് ചെയ്തു. കേസില്‍ കൗണ്ടി സൂപ്പീരിയര്‍ കോടതി മൂന്നു പേര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. പിന്നീട് വംശീയ ആക്രമണമാണെന്നു കണ്ടെത്തിയാണു ഫെഡറല്‍ കോടതിയും ശിക്ഷിച്ചത്.

Share This:

Comments

comments