style="text-align: center;">നിശബ്ദ ദൂരം (കവിത) ഗീതാ രാജന്‍
അകലേക്ക് പറന്ന ചിറകിന്റെ മൌനം
ഒരുക്കുന്നുണ്ടൊരു കൂട് ശൂന്യത കൊണ്ട്!
നിറച്ചു വയ്ക്കുന്നുണ്ടതില്‍ ഇരുള്‍ വിരിയും
പകലിന്‍ കരി മൊട്ടുകളൊക്കെയും !!
ഇരുളില്‍ ജനിക്കുന്നുണ്ട് ചിത്രങ്ങളേറെ
നിറമാര്‍ന്ന ചായങ്ങളൊക്കെ നിറച്ചിട്ടും,
പകിട്ടാര്‍ന്ന ചമയങ്ങളൊക്കെ കൊടുത്തിട്ടും,
തെളിവാര്‍ന്നു നില്‍ക്കാതെ മാഞ്ഞു പോകുന്നു
നിശ്ചലതയിലെ ഇളക്കങ്ങള്‍ എന്ന പോലെ!!
കിതച്ചു പായുന്നുണ്ട് ദൂരങ്ങളേറെ താണ്ടുവാന്‍
തേടിയലയുന്നു ആശ്രയമായോരിടമിത്ര ദൂരം;
മരുഭൂവില്‍ മുളച്ചൊരു പേരാലിന്‍ കൊമ്പത്ത്
കൂട് കൂട്ടുവാന്‍ കൊതിച്ചെത്തിയ പക്ഷി പോലെ!
നുഴഞ്ഞു കയറുവാന്‍ നടത്തും പാഴ്വേല
നടുങ്ങുന്നു കണ്ടൊരു അഗ്നിയാം പരിവേഷം
ചാലിച്ചു ചേര്‍ത്തൊരു ഭ്രാന്തന്‍ ചുഴിയില്‍
ഉഴലുന്നു പിടയുന്നു നിസഹായതയെന്നും!!
അപ്പോഴും നിന്നിലേക്ക് മാത്രമൊതുങ്ങുന്ന
ലോകം, വിണ്ണിലെക്കൊഴിയുന്നു ഞാന്‍
നിശബ്ദ ദൂരമെന്ന പോലെ!!
Comments
comments