ഒർലാണ്ടോ പള്ളിയിൽ പരി .എൽദോ മോർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 10ന്. 

0
296
>ബിജോയ് ചെറിയാൻ.
ഒർലാണ്ടോ (ഫ്‌ളോറിഡ ): കോതമംഗലം ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന മഹാപരിശുദ്ധനായ എൽദോ മോർ ബസേലിയോസ് ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ ഒക്ടോബർ  മാസം 10 ന് ഒർലാണ്ടോ സെൻറ്‌ എഫ്രേം യാക്കോബായ സുറിയാനിപ്പള്ളിയിൽ ആചരിക്കുന്നു .
1653 ലെ കൂനൻ കുരിശു സത്യവും തുടർന്നുണ്ടായ പോർട്ടുഗീസ് പീഡകളും നിമിത്തം  സമാനതകളില്ലാത്ത ദുരിതപർവ്വത്തിലൂടെകടന്നുപോകുകയായിരുന്നു സുറിയാനിസഭയിൽ  സത്യവിശ്വാസസംരക്ഷണത്തിനു  ഇടയന്മാരില്ലാതെ വിഷമിച്ചിരിക്കുമ്പോൾ  മലങ്കരസഭയിൽനിന്നുള്ള തുടർച്ചയായ അപേക്ഷകൾ  പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൽ എത്തി . തുടർന്ന്  പരി .അബ്‌ദേദ് മ്ശിഹാ പ്രഥമൻ പാത്രിയർക്കീസ് ബാവാ ”മലങ്കരയിലെ കഷ്ട്ടപ്പെടുന്ന  ആടുകളുടെ അടുക്കലേക്കു പോകുവാൻ ആരെങ്കിലും തയ്യാറുണ്ടോ” എന്ന ചോദ്യത്തിന് ”ഞാൻ തയ്യാറാണ്” എന്ന് പറഞ്ഞു സ്വയം മുന്നോട്ടുവന്ന ബാവാതിരുമേനി തൻറെ മഫ്രിയാനോ  സ്ഥാനം രാജിവെക്കുകയും യാത്രയ്ക്ക് തയ്യാറാവുകയും ചെയ്തു .92 വയസ്സ് പ്രായമുണ്ടായിരുന്ന ബാവാതിരുമേനി ഹിദായത്തുള്ള എന്ന ഒരു എപ്പിസ്കോപ്പയോടും റമ്പാച്ചൻമാരോടും സ്വന്ത സഹോദരനോടും ഒപ്പം ബസ്രയിൽനിന്നും പായ്ക്കപ്പലിൽ സൂററ്റ് വഴി തലശ്ശേരിയിൽ വന്നിറങ്ങി .അവിടെ നിന്നും കാൽനടയായി പള്ളിവാസൽ വഴി കോതമംഗലത്തിനടുത്തുള്ള കോഴിപ്പള്ളിയിൽ എത്തിച്ചേർന്നു .വനാന്തരത്തിലൂടെയുള്ള യാത്രക്കിടയിൽ  കൂടെവന്ന റമ്പാച്ചൻമാരെയും സ്വന്തസഹോദരനെപോലും  വന്യമൃഗങ്ങൾ കടിച്ചുകീറിത്തിന്നുന്നത്  കണ്ടിട്ടും സത്യവിശ്വാസ സംരക്ഷണത്തിൽനിന്നും അണുവിട  വ്യതിചലിക്കാതെ ആ പിതാവ് യാത്രതുടർന്നു .യാത്രാമധ്യേ അനേകം അത്ഭുതങ്ങൾ പ്രവർത്തിച്ച പരി .ബാവ ഒരു നായർ യുവാവിനാൽ വഴികാണിക്കപ്പെട്ട്‌ കോതമംഗലം ചെറിയപള്ളിയിൽ എത്തിച്ചേർന്നു .പള്ളിയിൽ എത്തി അൽപ ദിവസങ്ങൾക്കകം ദീര്ഘയാത്രയുടെ ക്ഷീണത്താൽ കിടപ്പിലായ പരി .ബാവ തിരുമേനി തൻറെ പിൻഗാമിയായി കൂടെവന്ന ഹിദായത്തുള്ള എപ്പിസ്കോപ്പയെ  മോർ ഇവാനിയോസ് ഹിദായത്തുള്ള എന്ന പേരിൽ മെത്രാപ്പോലീത്തയായി വാഴിച്ചു . തന്റെ മരണസമയം മുൻകൂട്ടി മനസ്സിലാക്കിയ ബാവാതിരുമേനി തൻറെ  മരണസമയത്തു പടിഞ്ഞാറെകുരിശിങ്കൽ ദിവ്യപ്രകാശം കാണുമെന്നറിയിക്കുകയും അപ്രകാരം സംഭവിക്കുകയും ചെയ്തു .സത്യവിശ്വാസസംരക്ഷണത്തിനായി പുറപ്പെട്ട പരി .പിതാവ് പരി .അന്ത്യോഖ്യ സിംഹാസനത്തിൻറെ കൈവെയ്പ്പു മുറിഞ്ഞുപോകാതിരിക്കാൻ ഒരുമെത്രാപ്പോലീത്തയെ മലങ്കരയ്ക്കു സമ്മാനിച്ചു .കന്നിമാസം 19 ന് കാലം ചെയ്‌ത പരി .പിതാവിനെ പിറ്റേദിവസം പരിശുദ്ധ മദ്ബഹായിൽ കബറടക്കി . കോതമംഗലത്തിൻറെ തിലകക്കുറിയായി സ്ഥിതിചെയ്യുന്ന ഈ ദേവാലയവും  പരിശുദ്ധൻറെ കബറിടവും അനേകായിരങ്ങൾക്ക് ആശാകേന്ദ്രമായി നിലകൊള്ളുന്നു .ലോകത്തിൻറെ  നാനാഭാഗങ്ങളിലും ഉള്ള എൽദോ ,ബേസിൽ നാമധാരികളെല്ലാംതന്നെ ഈ പരിശുദ്ധ ദേവാലയത്തിൽ മാമ്മോദീസ ഏറ്റവരാണ് .
ഒക്ടോബർ  10  ഞായറാഴ്ച  8 .45  ന്  പ്രഭാതപ്രാർത്ഥന ,വി .കുർബാന ,മധ്യസ്ഥപ്രാർത്ഥന ,ധൂപപ്രാർത്ഥന എന്നിവ വികാരി റവ .ഫാ .പോൾ പറമ്പാത്തിന്റെ  മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടും .തുടർന്ന്  നേർച്ചവിളമ്പു ആശീർവാദം എന്നിവയോടുകൂടി പെരുന്നാൾ ചടങ്ങുകൾ അവസാനിക്കും .പെരുന്നാൾ ചടങ്ങുകൾക്ക് കോവിഡ്പ്രോട്ടോകോൾ ബാധകമായിരിക്കും .

Share This:

Comments

comments