കാറില്‍ ഒരു വയസ്സുകാരി ചൂടേറ്റു മരിച്ചു. 

0
56
പി പി ചെറിയാന്‍.

ടെക്‌സസ് :  ഹൂസ്റ്റണ്‍ ഡേ കെയറില്‍ മൂന്നു കുട്ടികളെ കൊണ്ടുവിടുന്നതിനാണ് മാതാവ് മൂന്നു പേരേയും കാറില്‍ കയറ്റിയത്. വ്യാഴാഴ്ചയായിരുന്നു സംഭവം, കാറില്‍ രണ്ടു കാര്‍ സീറ്റേ ഉണ്ടായിരുന്നുള്ളൂ. മൂന്നാമത്തെ കുട്ടിയെ കാറിനു പുറകില്‍ ഇരുത്തി. രാവിലെ 8.30ന് വീട്ടില്‍ നിന്നും പുറപ്പെട്ട മാതാവ് ഡെ കെയറില്‍ 2 കുട്ടികളെ ഇറക്കി. മൂന്നാമത്തെ കുട്ടിയുടെ കാര്യം ഇവര്‍ മറന്നുവെന്നാണ് പറയുന്നത്.

കാറുമായി തിരികെ വീട്ടില്‍ എത്തി  നാലുമണിയോടെ കുട്ടികളെ പിക്ക് ചെയ്യുന്നതിന് ഇവര്‍ കാറുമായി ഡേ കെയറില്‍ എത്തി. രണ്ടു കുട്ടികളെയാണ് ഡേ കെയര്‍ അധികൃതര്‍ മാതാവിനടുക്കല്‍ എത്തിച്ചത്. മൂന്നാമത്തെ കുട്ടി എവിടെയെന്നു തിരക്കിയപ്പോഴാണ് ഡേ കെയറില്‍ ഇറക്കിയിട്ടില്ല എന്നറിയുന്നത്. ഉടനെ കാറിനു പുറകില്‍ നോക്കിയപ്പോള്‍ കാറിനുള്ളിലെ കാര്‍പറ്റില്‍ ഒരുവയസ്സുള്ള കുട്ടി മരിച്ചു കിടക്കുകയായിരുന്നു.  പുറത്ത് താപനില 98 ഡിഗ്രിയായിരുന്നുവെന്നും എന്നാല്‍ രാവിലെ മുതല്‍ കാര്‍ വീടിനു വെളിയില്‍ പാര്‍ക്ക് ചെയ്തതിനാല്‍ കാറിനകത്തെ താപനില 128 ഡിഗ്രി വരെ ഉയര്‍ന്നിരിക്കാമെന്നും അങ്ങനെയാണ് കുട്ടി മരിക്കാനിടയായതെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലിസ് അറിയിച്ചു. കുട്ടിയുടെ യഥാര്‍ഥ മരണകാരണം കണ്ടെത്തുന്നതിന് ഓട്ടോപ്‌സിക്ക് അയച്ചിരിക്കുകയാണെന്നും പൊലിസ് പറഞ്ഞു.

ഈ വര്‍ഷം അമേരിക്കയില്‍ ചൂടേറ്റ് മരിക്കുന്ന കുട്ടികളുടെ എണ്ണം ഇതോടെ ഇരുപതായി. 1991 ലാണ് ടെക്‌സസില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ കാറിലിരുന്നു ചൂടേറ്റു മരിച്ചത് (145). മാതാപിതാക്കളുടെ ശ്രദ്ധ കുറവാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു.

Share This:

Comments

comments