ജോയിച്ചൻ പുതുക്കുളം.
അമേരിക്കന്‍ മലയാളികളുടെ അഭിമാന സംഘടനയായ ഫോമയുടെ 2022 2024 കാലയളവിലേക്കുള്ള ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ബിനു ജോസഫിന്റെ തീരുമാനത്തെ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ ധങഅജപ. പിന്തുണച്ചു. പ്രസിഡന്റ്, ശ്രീ ഷാലു പുന്നൂസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബോര്‍ഡ് ഓഫ് ട്രസ്റ്റീ എക്‌സിക്യൂട്ടീവ് കമ്മിറ്റി എന്നിവയുടെ സംയുക്ത യോഗത്തിലാണ് ഐക്യകണ്ഡേനയുള്ള ഈ തീരുമാനം കൈക്കൊണ്ടത്.
സാഹോദര്യ പട്ടണമായ ഫിലാഡല്‍ഫിയയില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി വിവിധ സാമൂഹിക, സാംസ്കാരിക മേഖലകളില്‍ വ്യത്യസ്തതയാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ പ്രാവീണ്യം തെളിയിച്ചിട്ടുള്ള മികച്ച സംഘാടകനാണ് ബിനു ജോസഫ് .
2012 – 2014 കാലഘട്ടത്തില്‍, ഫോമായുടെ ചരിത്രത്തില്‍ ആദ്യമായി നടത്തിയ യംഗ് പ്രൊഫെഷണല്‍ സമ്മിറ്റ് ന്റെ നേതൃത്വ നിരയില്‍ പ്രവര്‍ത്തിക്കുകയും സമ്മിറ്റിന്റെ വിജയശില്പികളിലെ പ്രധാനികളില്‍ ഒരാളാകുവാനും സാധിച്ചു. 2014 ല്‍ ഫിലാഡല്‍ഫിയാല്‍ വച്ച് നടന്ന ഫോമാ കണ്‍വെന്‍ഷനില്‍ വിവിധ കമ്മിറ്റികളിലും, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചു.
20142016 കാലഘട്ടത്തില്‍ ഫോമയുടെ നാഷണല്‍ കമ്മിറ്റി മെമ്പര്‍ ആയിരുന്നു. 20162018 ല്‍ ഫോമായുടെ ഔദ്യോഗീക വെബ്‌സൈറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ ആയി പ്രവര്‍ത്തിച്ചുകൊണ്ട് സൈറ്റിന് പുതിയ രൂപവും ഭാവവും നല്‍കി. 2018 ല്‍ നടന്ന ഷിക്കാഗോ കണ്‍വെന്‍ഷനില്‍ ഓണ്‍ലൈന്‍ റെജിസ്‌ട്രേഷന്‍റെ കാര്യങ്ങള്‍ ക്രമപ്പെടുത്തിയത്തിനും ചുക്കാന്‍പിടിച്ചു.. അങ്ങനെ കണ്‍വെന്‍ഷന്റെ വിജയത്തിനായി വിവിധ കമ്മിറ്റികളില്‍ എക്‌സിക്യൂട്ടീവ് ബോഡിയോടൊപ്പം സജീവമായി നിലകൊണ്ടു.
വിവിധ കലാ, സാമൂഹിക സംഘടനകളുടെ ജീവകാരുണ്യ, ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍. പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം, ഫോമയുടെ അംഗ സംഘടനകില്‍ ഏറ്റവും പ്രമുഖവും, പ്രവര്‍ത്തന മേഖലയില്‍ ഏറ്റവും മികച്ചതുമായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയായുടെ ആജീവനാന്ത അംഗമാണ്.
കോവിഡ് മഹാമാരി താണ്ഡവമാടിയ 2019 മുതല്‍ “കരുതല്‍ ആണ്കരുത്ത്, നമുക്ക് ഒന്നിച്ചു നേരിടാം ” എന്ന ആപ്തവാക്യത്തില്‍ നടത്തിവരുന്ന മാപ്പിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
അമേരിക്കയിലെ മലയാളി സംഘടനകളില്‍ ആദ്യമായി കോവിഡു വാക്‌സിനേഷന്‍ ക്ലിനിക്ക് നടത്തി വിജയിപ്പിച്ചതിനു മുന്‍പന്തിയില്‍ നിന്ന ബിനു, കോവിഡ് കാലത്തു നടന്ന ഫോമയുടെ സുപ്രധാനമായ പല സൂം മീറ്റിങ്ങുകളുടെയും ഫോമാ ഇലക്ഷന്റെയും വിജയകരമായ നടത്തിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചു . മാപ്പ് കമ്മറ്റി മെമ്പര്‍, തുടര്‍ച്ചയായി നാല് വര്‍ഷം പ്രോഗ്രാം കോര്‍ഡിനേറ്റര്‍, എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുള്ള ബിനു, 2020 മുതല്‍ മാപ്പ് ജനറല്‍ സെക്രട്ടറിയായി തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ നന്മയുടെ വഴിയേ തന്റെ ജൈത്രയാത്ര തുടരുന്നു
ഐ.റ്റി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന്റെ സാന്നിധ്യം ഫോമയുടെ വളര്‍ച്ചയ്ക്ക് ഏറെ ഗുണം ചെയ്യുമെന്ന് മാപ്പ് പ്രസിഡന്റ് പുന്നൂസിന്റെ നേതൃത്വത്തിലുള്ള മാപ്പ് പ്രവര്‍ത്തന സമതി വിലയിരുത്തി.