ജോയിച്ചൻ പുതുക്കുളം.
ലെസോത്തോ: ആഫ്രിക്കന്‍ രാജ്യമായ ലെസോത്തോയില്‍ നിന്നുള്ള പ്രഥമ കര്‍ദ്ദിനാള്‍ സെബാസ്റ്റ്യന്‍ കോട്ടോ ഖൊറായ് ദിവംഗതനായി. 91 വയസ്സായിരിന്നു. ലെസോത്തോയിലെ മസെനോഡില്വെച്ചായിരിന്നു അന്ത്യം. രാജ്യത്തെ ഏക കര്‍ദ്ദിനാള്‍ കൂടിയായിരിന്നു അദ്ദേഹം. 40 വര്‍ഷത്തോളം, മൊഹാലെ ഹോക്ക് രൂപതയെ നയിച്ച സെബാസ്റ്റ്യന്‍ കോട്ടോ 2006ല്‍ 75 വയസ്സ് തികഞ്ഞപ്പോള്‍ കാനോന്‍ നിയമപ്രകാരം രാജി സമര്‍പ്പിക്കുകയായിരിന്നു. എന്നാല്‍ 2014 ഫെബ്രുവരി വരെ രൂപതയുടെ അപ്പോസ്തോലിക അഡ്മിനിസ്ട്രേറ്ററായി തുടര്‍ന്നു. രൂപതയിലെ ജനങ്ങളോടും കര്‍ദിനാള്‍ ഉള്‍പ്പെട്ട മേരി ഇമ്മാക്കുലേറ്റിന്റെ ഒബ്ലേറ്റു സമൂഹത്തോടും പാപ്പ അനുശോചനം അറിയിച്ചിട്ടുണ്ട്. കര്‍ദ്ദിനാള്‍ ഖൊരായ് പൗരോഹിത്യത്തിലേക്കുള്ള പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദീര്‍ഘകാല പ്രതിബദ്ധതയെയും സഭയോടുള്ള സമര്‍പ്പണത്തെയും ഫ്രാന്‍സിസ് പാപ്പ അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു.
1929 സെപ്റ്റംബര്‍ 11ന് ലെറിബെ രൂപതയില്‍ ജനിച്ച അദ്ദേഹം 11ാം വയസ്സില്‍ ജ്ഞാനസ്നാനം സ്വീകരിച്ചു. പ്രാദേശിക സെമിനാരികളിലെ പഠനശേഷം 1950ല്‍ മേരി ഇമ്മാക്കുലേറ്റിന്റെ ഒബ്ലേറ്റു സമൂഹത്തില്‍ പ്രവേശിച്ചു. 1956 ഡിസംബര്‍ 21 ന് വൈദികനായി. ലെസോത്തോയിലെ സെമിനാരികളില്‍ വിവിധ പദവികള്‍ വഹിച്ച ശേഷം 1971 ല്‍ മസെരു അതിരൂപതയുടെ വികാരി ജനറലായും കത്തീഡ്രല്‍ ദേവാലയത്തിന്റെ റെക്ടര്‍ ആയും സേവനം ചെയ്തു. 1977 നവംബറില്‍ പോള്‍ ആറാമന്‍ അദ്ദേഹത്തെ മൊഹാലെ ഹോക്കിന്റെ ആദ്യ മെത്രാനായി നിയമിച്ചു. 87 വയസ്സുള്ളപ്പോള്‍ 2016ല്‍ ഫ്രാന്‍സിസ് പാപ്പയാണ് അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്.