ജീവത്യാഗം ചെയ്ത ആറ് വൈദീകര്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്.

0
276

ജോയിച്ചൻ പുതുക്കുളം.

ഫ്രോസിനോണ്‍: പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഫ്രഞ്ച് പട്ടാളക്കാരുടെ അധിനിവേശത്തില്‍ ദിവ്യകാരുണ്യം സംരക്ഷിക്കുന്നതിനിടെ രക്തസാക്ഷിത്വം വരിച്ച സിസ്‌റ്റേര്‍ഷ്യന്‍ സന്ന്യാസസമൂഹാംഗങ്ങളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. സിമിയോണ്‍ കാര്‍ഡണ്‍, മോഡെസ്‌റ്റെമാരി ബര്‍ഗന്‍, മാറ്റുറിന്‍ പിട്രെ, ആല്‍ബെര്‍ട്ടിന്‍ മാരി മെയ്‌സനേഡ് എന്നിവര്‍ അടക്കം ആറ് പേരെ വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മര്‍ചേല്ലൊ സെമരാരോയാണ് സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്. ഏപ്രില്‍ 17നു വത്തിക്കാനില്‍ നിന്ന് നൂറുകിലോമീറ്റര്‍ തെക്കുമാറിയുള്ള കാസമാരിയിലെ സിസ്‌റ്റേര്‍ഷ്യന്‍ ആശ്രമത്തിലാണ് വാഴ്ത്തപ്പെട്ട പദ പ്രഖ്യാപന ചടങ്ങ് നടന്നത്.

 

കഷ്ടതകളും പീഢകളും സുവിശേഷവത്ക്കരണത്തിന്റെ ഭാഗമാണെന്ന് തിരുകര്‍മ്മങ്ങള്‍ക്കിടെ കര്‍ദ്ദിനാള്‍ ഉദ്‌ബോധിപ്പിച്ചു. കഷ്ടപ്പാടുകളിലും അനര്‍ത്ഥങ്ങളിലും നമ്മുടെ വിശ്വാസത്തിന്റെയും യേശുവുമായുള്ള നമ്മുടെ ബന്ധത്തിന്റെയും മാറ്റുരച്ചു നോക്കാനുള്ള അവസരം കണ്ടെത്താന്‍ നാം വിളിക്കപ്പെടുന്നുവെന്നും കൂടുതല്‍ തീക്ഷ്ണതയുള്ള പ്രേഷിതരായി തീരുന്നതിനും കൊടുങ്കാറ്റിന്‍റെ വേളയില്‍ സ്വന്തം മക്കളെ കൈവിടാത്ത പിതാവിലുള്ള വിശ്വാസത്തില്‍ വളരുന്നതിനുമുള്ള സാധ്യതയായി ക്ലേശങ്ങളെ കണക്കാക്കണമെന്നും കര്‍ദ്ദിനാള്‍ മര്‍ചേല്ലൊ സെമരാരോ കൂട്ടിച്ചേര്‍ത്തു.

 

1799ല്‍ തെക്കെ ഇറ്റലിയിലെ നേപ്പിള്‍സില്‍ ആധിപത്യമുറപ്പിച്ച ഫ്രഞ്ചു സൈന്യം വടക്കോട്ടു നീങ്ങാന്‍ നിര്‍ബന്ധിതമായ വേളയില്‍ ദേവാലയങ്ങള്‍ക്കും സന്ന്യാസാശ്രമങ്ങള്‍ക്കും നേരെ നടത്തിയ നിഷ്ഠൂരാക്രമണങ്ങളിലാണ് ആറ് സന്ന്യാസികളും രക്തസാക്ഷിത്വം വരിച്ചത്. അക്രമത്തിന്റെയും കോലാഹലങ്ങളുടെയും ഇടയില്‍ കാസമാരി ആശ്രമത്തിലെ മിക്ക സന്യാസികളും രക്ഷപ്പെട്ടപ്പോള്‍, സൈന്യം ദിവ്യകാരുണ്യം നശിപ്പിക്കാതിരിക്കുവാന്‍ ആറ് സന്യാസികള്‍ സധൈര്യം നിലകൊള്ളുകയായിരിന്നു.

Share This:

Comments

comments