അശ്രാന്തം.(കവിത)

0
815

മഞ്ജുള ശിവദാസ്.

ഒന്നീന്നു തുടങ്ങുമ്പോഴും-
ഒന്നിടവിട്ടു വരും ദുരിതങ്ങൾ,
ഒന്നാകെ വിഴുങ്ങീട്ടകലും-
ഒന്നിലുടക്കി മരിയ്ക്കും മർത്യൻ.

ഒന്നൊന്നിലുമധികം തങ്ങി-
ഉഴപ്പാതെ കരേറീടുന്നവർ,
പരലോകം പൂകുമ്മുൻപേ-
എത്തിച്ചതെടുക്കും തീർച്ച..

ഇഹലോകത്തുണ്ടാം ഇണ്ടലി-
ലാണ്ടീടരുതെന്നറിയേണം,
സ്ഥിരവാസികളല്ലാത്തവരുടെ-
സുഖ ദുഃഖവുമസ്ഥിരമല്ലേ.

ആരാനുടെ വീഴ്ചകളെണ്ണി-
വീമ്പുപറഞ്ഞിരുന്നവർ ചിലർ-
അവനോനുടെ നേരം വെറുതേ-
പൊയ്പോയതറിഞ്ഞില്ലെന്നേ.

ആരാന്റെ വിചാരങ്ങൾക്കൊ-
ത്തവനവനുടെ പാത ത്യജിച്ചാൽ,
നഷ്ടങ്ങൾ നികത്താൻ-
പഴികൾക്കാവില്ലതു കഷ്ടം തന്നെ.

വീഴുന്നതു തെറ്റല്ലെന്നേ,
സ്വപ്‌നങ്ങൾ ത്യജിയ്ക്കരുതപ്പോൾ,
അശ്രാന്ത പരിശ്രമിയൊരുനാൾ-
ലക്ഷ്യത്തെ പുൽകിടുമെന്നേ..

പാഠങ്ങൾനൽകിയ പിഴവുക-
ളറിവായ് അകമുണർത്തിടേണം.
വിജയത്തിനു വഴികൾ തെളിയ്ക്കും-
വീഴ്ചകളിലെ മുറിവുകളെല്ലാം.

Share This:

Comments

comments