എല്‍സ.
മുറിഞ്ഞുപോയ കവിതകളുടെ
സമാഹാരമാണു പെണ്ണ്
നോവുകുടിച്ചു ദാഹമകറ്റുന്ന
ഉണങ്ങാത്ത മുറിവ്
രുചിവ്യത്യാസമറിയാതെ
ജീവിതം ഭക്ഷിക്കുന്നവൾ
വാതിൽപ്പടിയിലെ
മുഴച്ചുനിൽക്കുന്ന ആണികളിലുടക്കി
കീറിപ്പോകുന്ന ദിനങ്ങളെ
കണ്ണീരിഴകളാൽ
തയ്ച്ചുചേർക്കുന്നവൾ
മോഹമഷിക്കൂട്ടുകളെ
നേർപ്പിച്ചു നേർപ്പിച്ച്
ഒടുവിലൊരു കടലും
നരച്ച ആകാശവും
ആരും കാണാത്തിരകളും
വരച്ചെടുത്ത്
ഒന്നുംപറയാതെ
യാത്രപോകുന്നൾ