നേർ രേഖ.(കവിത)

0
523

രാജു കാഞ്ഞിരങ്ങാട്.

ഒരാൾക്ക് അധികദൂരം സഞ്ചരിക്കുവാൻ –
കഴിയില്ല
മറ്റൊരാളുടെ കൂടെ
യാത്രയ്ക്കിടയിൽ എവിടെ വെച്ചും ഏതു
സമയത്തും
ഒറ്റയായിപ്പോയേക്കാം

ഇഷ്ടത്തിൻ്റെ ദൈർഘ്യത്തേക്കാൾ
കൂടുതലാണ്
കഷ്ടത്തിൻ്റെ ദൈർഘ്യം
കാത്തിരുന്ന നഷ്ടങ്ങളെക്കുറിച്ചോർത്തിട്ട്
കാര്യമില്ല

കവിതയുടെ കൈയും പിടിച്ച്
ഏകാന്തതയിലൂടെ ഭാവനയിലേക്കൊന്ന്
നടക്കണം
ജീർണ്ണിച്ചതെങ്കിലും അതിരുകളിൽ ഉപേക്ഷി-
ച്ചു പോയ ഉടുപ്പുടവകളെ ഓർക്കണം

പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ
പ്രതീക്ഷിക്കാത്ത കരങ്ങൾ
ഒരു താങ്ങായേക്കും
അപ്രതീക്ഷിത നേരങ്ങളിൽ
മനസ്സിൽ നിറഞ്ഞു നിൽക്കുന്നൊരാളിൽ നിന്ന്
താഡനമേറ്റേക്കും

ജീവിതത്തിൻ്റെ നേർരേഖകൾ
കണ്ടവരാരുമില്ല
ജീവിത കുപ്പായങ്ങൾക്ക്
ഒരേ അളവല്ല

Share This:

Comments

comments