വടക്കാങ്ങര ടാലന്റ് പബ്ലിക് സ്‌ക്കൂള്‍ വിദ്യാര്‍ഥികളുടെ ശ്രദ്ധേയമായ ഹൃസ്വ ചിത്രത്തിന് മാനേജ്മെന്റിന്റെ അംഗീകാരം.

0
319

അഫ്സല്‍ കിളയില്‍.

വടക്കാങ്ങര ടാലന്റ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും മലയാളം അധ്യാപിക സഫ്ന ടീച്ചറും കൂടി ചേര്‍ന്ന് തയ്യാറാക്കിയ ” തെറ്റില്‍ നിന്നും ശരിയിലേക്ക്” എന്ന ഹൃസ്വ ചിത്രം തന്മയത്വമാർന്ന അവതരണം കൊണ്ടും സന്ദേശത്തിന്റെ പ്രാധാന്യം കൊണ്ടും ശ്രദ്ധേയമായി. യുട്യൂബില്‍ അപ്ലോഡ് ചെയ്ത് ദിവസങ്ങള്‍ക്കകം ആയിരക്കണക്കിനാളുകളാണ് ഈ ഹൃസ്വചിത്രം കാണുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തത്.

കൂട്ടുകാരുടെ മനോഹരമായ വസ്തുക്കള്‍ സ്വന്തമാക്കണമെന്ന കൗതുകത്തില്‍ നടത്തിയ ഒരു മോഷണം വളരെ മതൃകാപരമായി തിരുത്തുന്ന അധ്യാപികയും സഹപാഠികളുമാണ് ചിത്രം അടയാളപ്പെടുത്തത്. കൗമാരത്തിന്റെ കൗതുകത്തില്‍ സുന്ദരമായ എന്തും സ്വന്തമാക്കണമെന്ന മോഹമുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ താന്‍ ചെയ്ത ഒരു തെറ്റിന്റെ പേരില്‍ തന്റെ സഹപാഠി ശിക്ഷിക്കപ്പെടുകയെന്നത് നിഷ്‌കളങ്കമായ ബാല്യത്തിന് സഹിക്കാനാവുന്നില്ല. അവിടെ കുറ്റമേറ്റ് പറഞ്ഞ് മാപ്പു ചോദിക്കാനും തന്റെ കൂട്ടുകാരന്റെ അഭിമാനം സംരക്ഷിക്കാനുമുള്ള ആ വിദ്യാർത്ഥിയുടെ വൈകാരിക പക്വതയാണ് ഈ ചിത്രത്തെ വ്യതിരിക്തമാക്കുന്നതെന്ന് നുസ്രത്തുൽ അനാം ട്രസ്റ്റ്‌ ചെയർമാൻ അനസ് അബ്ദുൽ ഖാദർ അഭിപ്രായപ്പെട്ടു.

ചിത്രത്തിന്റെ സ്‌ക്രിപ്റ്റും കാമറയും എഡിറ്റിംഗും എല്ലാം വിദ്യാര്‍ഥികളാണ് നിര്‍വഹിച്ചത് എന്ന കാര്യം പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. ഓണ്‍ ലൈന്‍ ക്‌ളാസുകള്‍ കുട്ടികളെ പാസീവ് വിനോദങ്ങള്‍ക്കടിമപ്പെടുത്തുന്നുവെന്ന പരാതികള്‍ക്കിടയില്‍ സന്ദേശപ്രധാനമായ ഈ ചിത്രം  വിദ്യാര്‍ഥികളുടെ ക്രിയാത്മക പ്രവര്‍ത്തനത്തിന്റെ സാക്ഷ്യ പത്രമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.
ചടങ്ങിൽ സി. ഇ. ഒ. യാസിർ കരുവാട്ടിൽ, മാനേജർ ജൗഹറലി, വൈസ് പ്രിൻസിപ്പൽ ഫർസാന. പി. വി. മദ്രസ പ്രിൻസിപ്പൽ ജാബിർ കരുവാട്ടിൽ തുടങ്ങിയവർ സംബന്ധിച്ചു.

ഫാദില്‍ അബ്ദുല്‍ റസാഖാണ് സംവിധായകന്‍. ഹംദാന്‍ യാസര്‍ കരുവാട്ടില്‍ (എഡിറ്റര്‍), ഫാഹിം ജൗഹറലി ( നടന്‍), മുഹമ്മദ് റോഷൻ, ജാസിം കെ. ( കാമറാമാന്‍) സഫ്‌ന എം (മലയാളം അധ്യാപിക) എന്നിവരാണ് ചിത്രത്തിന് പിന്നിലെ പ്രധാന പ്രവര്‍ത്തകര്‍.

Share This:

Comments

comments