അതിര്‍ത്തി കടന്നെത്തുന്ന കുട്ടികളില്‍ 3000 പേരെ ഡാളസ് കണ്‍വന്‍ഷന്‍ സെന്‍ററിലേക്ക് മാറ്റുന്നു.

0
361
പി.പി. ചെറിയാന്‍.

ഡാളസ്: മെക്‌സിക്കോ അതിര്‍ത്തി കടന്ന് ടെക്‌സസില്‍ പ്രവേശിക്കുന്ന ആയിരകണക്കിന് കുട്ടികളെ ഉള്‍കൊള്ളാന്‍ അതിര്‍ത്തി പ്രദേശങ്ങളിലെ അഭയകേന്ദ്രങ്ങള്‍ക്ക് ശേഷിയില്ലാത്ത സാഹചര്യത്തില്‍ മൂവായിരത്തിലധികം കുട്ടികളെ ഡാളസിലെ ഏറ്റവും വലിയ കണ്‍വന്‍ഷന്‍ സെന്ററിലേക്ക് അയക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഡാളസ് അധികൃതരെ അറിയിച്ചു. മാര്‍ച്ച് മൂന്നാം വാരത്തിന്‍റെ അവസാനം ഇവിടേക്ക് അയയ്ക്കുന്ന കുട്ടികള്‍ക്ക് തൊണ്ണൂറ് ദിവസം അഭയം നല്‍കണമെന്നാണ് ബൈഡന്‍ ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്.
ഡാളസ് ഡൗണ്‍ ടൗണിലുള്ള കെ ബെയ്‌ലി ഹച്ചിന്‍സണ്‍ കണ്‍വന്‍ഷന്‍ സെന്ററിലെ ചുമതല ഡാളസ് സിറ്റി കൗണ്‍സിലിനാണ്. 15 മുതല്‍ 17 വരെയുള്ള കുട്ടികളെയാണ് ഇവിടെ താമസിപ്പിക്കുന്നത്. അതിര്‍ത്തി കടന്നെത്തുന്ന കുട്ടികളെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം ചൂണ്ടികാട്ടി ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി അലജാന്‍ഡ്രൊ മേയര്‍ക്കസ് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സിക്ക് ശനിയാഴ്ച സന്ദേശമയച്ചിരുന്നു.

ട്രംപ് ഭരണത്തിന്‍റെ അവസാനം അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിന് ശക്തമായ നിയമനിര്‍മാണവും കര്‍ശന നടപടികളും സ്വീകരിച്ചിരുന്നു. എന്നാല്‍ ബൈഡന്‍ അധികാരത്തിലെത്തിയതോടെ ട്രംപ് സ്വീകരിച്ച എല്ലാ നടപടികളും പിന്‍വലിച്ചു എക്‌സിക്യൂട്ടീവ് ഉത്തരവിറക്കി. ജനുവരി മുതല്‍ മാര്‍ച്ച് പകുതിവരെ അമേരിക്കന്‍ അതിര്‍ത്തി കടന്നെത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ്. ഇവരെ ഉള്‍കൊള്ളുവാനാവാതെ അതിര്‍ത്തി ഗ്രാമങ്ങള്‍ ഭീതിയുടെ നിഴലിലാണ് കഴിയുന്നത്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനുള്ള അധികാരം ഗ്രാമത്തിന്റെ അധികാരികള്‍ക്ക് ഇല്ലാ എന്നതാണ് അലട്ടുന്ന പ്രശ്‌നം.

Share This:

Comments

comments