യാത്രാമൊഴി.(കവിത)

0
1236
dir="auto">ഷീജ ഡി നായർ.
ഹാ…അതിസുന്ദരം സഖീ
ഹരിതാഭയെഴും നിന്നിലെ
ചെറു ചോലക്കാട്ടിനുള്ളിലായി
മധുവൂറും രവമൊന്നു കേട്ടേൻ
ദൂരെനിന്നാകിലും
പൊഴിയുന്നിതമൃതമായി
കുയിൽ കൂജനമോ
മുളംതണ്ടിൽ മാരുത കേളിയോ
പെയ്തു നേർത്ത മേഘ-
ത്തുമ്പിലായി വെയിൽ
തിരി നീട്ടി മാഞ്ഞു പോകെ
ഇലകൾ തൻ തുമ്പിൽ
വിതുമ്പി നിൽക്കും
ജലകണമിറ്റു പതിച്ചു മന്ദം
കുഞ്ഞു പൂക്കളാ കുളിരിൽ
പുഞ്ചിരിച്ചുവോ , ചിമ്മിയോ
കണ്ണുകൾ പാതി കൂമ്പിയോ
കുളിരുന്നോ  സഖീ? നിനക്ക്,
പുളകമായി മുളക്കുന്നുവോ
പുൽനാമ്പുകൾ മേനിയിൽ
നിന്നിൽ നിന്നുയരുവാൻ
തപസിലാണാ പൂ-
മൊട്ടുകൾ,  എന്നെയും
കാത്തങ്ങു നിൽക്കയോ?
പളുങ്കു  കല്ലുകളെ തഴുകി –
യൊഴുകും കല്ലോലിനി
കാട്ടുപൂക്കൾ തൻ
ഗന്ധമാർന്നൊഴുകവെ
മാദക ഗന്ധമാണവളെ
തലോടിയ പവനനും
അതേറ്റുവാങ്ങി ഞാനു-
മിവിടെ നിൻ സവിധത്തിൽ
തീരത്ത്  നിഴൽ ചിത്രങ്ങളായി
ചെറു മര ചില്ലകൾ കൂട്ടങ്ങൾ
അവയിൽ അണയാനെത്തും
പക്ഷികൾ തിടുക്കത്തിൽ
ശബ്ദായമാനമാകുമപ്പോഴീ –
യുൾക്കാടിൻ തുടിപ്പും
പനിമതി നീ വരാൻ വൈകൊല്ലെ
തൻ തോഴനെ ഓർത്തൊരു
പെൺപൂവീ സരസിൽ മേവുന്നു
അശ്രു കണങ്ങൾ തുടച്ചെണീറ്റവൾ
നിൽക്കുമിവിടെ നിർനിമേഷയായ്
സഖീ… നുകരൂയെന്നിലെ
നിറയും കൗതുകങ്ങൾ
ചൊന്നു നീ ,യെൻ
വിടർന്ന മിഴികളിൽ
തെളിഞ്ഞു ചോദ്യവും
പിരിയുവതെങ്ങനെ സഖീ
കണ്ണുകളീറനാകാതെ,
ഉള്ളൊന്നു വിങ്ങാതെ
നാമീ സുന്ദര സന്ധ്യയിൽ

Share This:

Comments

comments