ചില ജീവിതങ്ങൾ.(കവിത)

0
421

രാജു കാഞ്ഞിരങ്ങാട്.

വേവുന്ന വയറുമായ്, വേദന നീറ്റുന്ന
മിഴിയുമായ്
ഒടുവിലാപടിവാതിലടച്ചവളിറങ്ങുന്നു
ഖിന്നയാം രാവിൻകണ്ണീർ മഞ്ഞുതുള്ളി യായിറ്റീടുന്നു
പാതിരാ നിലാവപ്പോൾ പാതി മറഞ്ഞുനി
ന്നീടുന്നു

ആരുടെയിരയിന്നുഞാൻ, എരിയും
മനസ്സാലെ
ഉതിരും കണ്ണീർ തോർത്തി കാത്തു നിൽപ്പൂ
തരുണി
ആളൊഴിഞ്ഞചന്തതൻ ചാരുത കെട്ടടങ്ങി
ഒറ്റയായങ്ങുമിങ്ങും തെരുവ് വിളക്കുമാത്രം

‘എന്തിനീ ഒറ്റയ്ക്കിപ്പോൾ’ മന്ദ്രനാദം കേൾക്കുന്നു
മുന്തിയ മാന്യൻ ഓരാൾ മാടി വിളിച്ചീടുന്നു
ആർത്തിതൻ കഴുകക്കണ്ണ് കൊത്തിവലിക്കുന്നു
അശ്ലീലച്ചവർപ്പവൻ പാറ്റിത്തുപ്പീടുന്നു

വിശക്കും വയറിൻ്റെ വിളിയറിയാതുള്ളവൻ
വിലപേശിപ്പേശി ബിന്ദുവായ് ചുരുങ്ങുന്നു
ഉടലിൻ സുഖം നേടാൻ വന്നതല്ലിവളൊരുനേര
ത്തെ കൊറ്റിനായി ഒരുങ്ങി പുറപ്പെട്ടോൾ.

അഴലിൻ കടലിലിങ്ങനെയെത്ര ജന്മങ്ങൾ
എരിയും നാളമായി പൊലിഞ്ഞു തീർന്നീടുന്നു
ഞാൻ നിൽക്കുമീ മണ്ണിന്നറ്റം പിളർന്നടർന്ന-
ഗാധത്തിൽ
താഴ്ന്നു പോയെങ്കിലെന്ന് മനസ്സാൽ പ്രാർത്ഥി ക്കുന്നു

Share This:

Comments

comments