ശൂർപ്പണഖ.(കവിത)
കൈകസീപുത്രി, മായാമനോഹരി
കൗസല്യാപുത്രനെ കണ്ട നാളിൽ
കരളിൽ കരേറിയ കാമവും മോഹവും
കനകാംബരം തീർത്ത മിഴിയിണയിൽ
ഒരുനൂറു സൗവർണ്ണനാഗസീൽക്കാരത്തിൻ
രതിഭാവമങ്ങനെ പൂത്തുലയേ,
മുറനഖച്ചാരുതയോലുന്നണിവയർ
പെരുതുള്ളി സ്വേദമണിഞ്ഞു നില്ക്കേ,
പെണ്ണവളേറിക്കിതയ്ക്കും കിനാവിൻ്റെ
കണ്ണാടിമാളിക തച്ചുടയ്ക്കാൻ
അതിഗൂഢനിശ്ചിതമാഢ്യത്വ, മാര്യത്വം
അവളെ പരിഹാസപാത്രമാക്കി.
സ്ഥാപിതസ്വത്വ പ്രകീർത്തനഭാവത്തി-
ലേറിയാ പുറ്റു തകർത്തു വന്നോൻ ,
രാവിൻ്റെ ചന്തം കുറിക്കാത്ത വാല്മീകി –
യവളെയത്യന്തം വിരൂപയാക്കീ…!
പദപരിചയം
………………….
മുറനഖം = മുറം പോലുള്ള നഖം.
ശൂർപ്പം = മുറം.
മുറം പോലുള്ള നഖങ്ങളോടു കൂടിയവൾ = ശൂർപ്പണഖ.