ഭ്രാന്തം.(കവിത)

0
462
dir="auto">സതീഷ് പാഴൂപ്പള്ളി.
 കവിതകൾപൂക്കും
             വഴികൾക്കുഭ്രാന്തിൻ്റെ
മണമെന്നുമാരോ
             മൊഴിഞ്ഞിടുന്നു.
പ്രണയസ്വപ്നങ്ങൾ
             പിഞ്ഛിക നീർത്തുന്ന
ഹൃദയം ഭ്രാന്തമെ
              ന്നോതിയാരോ!
ഒരുവാക്കിനീണം
              തിരക്കുന്ന നാവിനും
ഉന്മാദമെന്നു
               പറഞ്ഞുവാരോ
മഴവില്ലു വിരിയുന്ന
              കനവുകൾകണ്ടോരു
മിഴികൾക്കു ഭ്രമ
              മെന്നുരച്ചുവാരോ!
വിരഹംവിതുമ്പുന്ന
               മനതാരിലെവിടെയോ
താളഭംഗം മുള
               ച്ചെന്നുമാരോ!
ഉൺമയെതേടുവാൻ
              ഭാണ്ഡംമുറുക്കവെ
താളം പിഴച്ചെന്നു
              രച്ചുവാരോ!
ചിന്തകൾചാലിച്ചു
              ചാന്തുകൂട്ടുമ്പൊഴും
അർത്ഥംമെനഞ്ഞു
              ചിരിച്ചുവാരോ
അർത്ഥശാസ്ത്രത്തിൻ്റെ
              യേടുതിരഞ്ഞവർ
അർത്ഥിയെ മുള്ളിൽ
              കൊരുത്തിടുവോർ
ഇരവിലും,പകലിലും
             വർണ്ണംപകരുവോർ
വർണ്ണ ഗർവ്വത്തിൽ
             മദിച്ചീടുവോർ
മലയിലേക്കൊരു
             കല്ലുരുട്ടുന്നതുംകണ്ടു
കൈകൊട്ടിയാർത്തു
             ചിരിച്ചീടവെ,
ചൂണ്ടുവിരൽനീട്ടി
             യാർക്കുന്നു ഭ്രാന്തെന്നു
ചൂണ്ടാവിരലുകൾ
             കണ്ടിടാത്തോർ
നിലവിളിയൊച്ചകൾ
             കേൾക്കുന്ന നേരത്തു
സാന്ത്വനത്തിൻ
             കരംനീട്ടീവേ,
ഉണ്ണുവാനില്ലാത്ത
             ഉണ്ണിക്കു വറ്റുകൾ
ഉരുളയായ് മെല്ലെ
              യുരുട്ടീടവെ,
അരുതായ്മ കാണവെ
               യരുതെന്നുരക്കുവാൻ
മുഖമെന്നുയർത്തി
               നിവർന്നുനിൽക്കേ,
ചുറ്റുംപടകൂട്ടി നിൽക്കുന്നു
               വാക്കുകൾ
ഏകസ്വരമാർന്നു
               ഭ്രാന്തെന്നുരക്കുവാൻ!
ഭ്രാന്തുരച്ചീടാത്ത
               നാവുപിഴുതൊരു
ഭ്രാന്തിൻരസായനം
               തീർക്കുന്നു മാനുഷം!
ഭ്രാന്തമായ് ചുറ്റി
               തിരിയുന്ന കാറ്റുകൾ
ഇലകളിൽ ഉന്മാദം
               പച്ചകുത്തുന്നു!
കനികൾക്കുഭ്രാന്തിൻ്റെ
               ബീജംപകരുവാൻ
മൊഴികൾസ്വകാര്യം
               പറഞ്ഞുനിൽപ്പൂ!
ഒടുവിലായ് തല്ലി
                ക്കൊഴിക്കുമിലകൾക്ക്
ഇളയിൽ ചുടലത്തീ
                യൂതിടുന്നു!

Share This:

Comments

comments