ബൈഡന്റെ ആദ്യ സൈനിക നടപടി ; സിറിയയില്‍ ബോംബ് വര്‍ഷിച്ചു.

0
173
പി.പി. ചെറിയാന്‍.

വാഷിങ്ടന്‍ : ഇറാന്റെ പിന്തുണയുള്ള ഭീകരര്‍ക്കെതിരെ സിറിയയില്‍ അമേരിക്കന്‍ വ്യോമസേന ബോംബുകള്‍ വര്‍ഷിച്ചു. ഫെബ്രുവരി 25 വ്യാഴാഴ്ചയാണ് സൈനിക നടപടികള്‍ക്കു ബൈഡന്‍ ഉത്തരവിട്ടത്.

 

കഴിഞ്ഞ രണ്ട് ആഴ്ചകളായി സിറിയയിലുള്ള അമേരിക്കന്‍ സൈനികര്‍ക്കെതിരെ ഇറാനിയന്‍ പിന്തുണയുള്ള ഭീകരര്‍ റോക്കറ്റാക്രമണം നടത്തിയതിന്റെ പ്രതികാരമായിട്ടാണ് അമേരിക്കന്‍ വ്യോമസേനയുടെ ആക്രമണം.

 

ആക്രമണം നടത്തിയ ലൊക്കേഷന്‍ വെളിപ്പെടുത്താന്‍ ഡിഫന്‍സ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ വിസമ്മതിച്ചു. വ്യോമാക്രമണത്തില്‍ നിരവധി തീവ്രവാദികള്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്ന് യുഎസ് അധികൃതര്‍ വെളിപ്പെടുത്തി.

 

അമേരിക്കന്‍ കൊയലേഷന്‍ സേനക്കെതിരെ നടത്തിയ ആക്രമണത്തിന്റെ പ്രതികാരമായിട്ട് മാത്രമല്ല, ഭീകരര്‍ക്ക് മുന്നിയിപ്പ് നല്‍കാന്‍ കൂടിയാണ് ഈ ആക്രമണമെന്നു പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. ഭീകരര്‍ ആയുധങ്ങള്‍ കടത്തുന്ന മേഖലയിലാണ് വ്യോമാക്രമണം നടത്തിയതെന്നാണ് അനൗദ്യോഗിക വിശദീകരണം.

 

യുഎസ് സഖ്യ കക്ഷികളുമായി ചര്‍ച്ച ചെയ്തതിനുശേഷമാണ് വ്യോമാക്രമണം നടത്തിയതെന്നും കിര്‍ബി പറഞ്ഞു. യുഎസ് സെനറ്റ് നടക്കുമ്പോള്‍ ബൈഡന്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഡമോക്രാറ്റിക് അംഗങ്ങള്‍ പോലും സംതൃപ്തരല്ല. മിഡില്‍ ഈസ്റ്റില്‍ ആക്രമണത്തിന് ഉത്തരവിടുന്ന അഞ്ചാമത്തെ പ്രസിഡന്റാണ് ബൈഡനെന്നും, സ്വയം പ്രതിരോധിക്കുന്നതിനുള്ള ഒരു ആക്രമണമായി ഇതിനെ കരുതാനാവില്ലെന്നും കലിഫോര്‍ണിയാ ഡെമോക്രാറ്റ് അംഗം റൊ ഖന്ന അഭിപ്രായപ്പെട്ടു.

Share This:

Comments

comments