ജോണ്സണ് ചെറിയാന്.
ബംഗളൂരു:വിജയ് ഹസാരെ ട്രോഫിയില്‍ രണ്ടാം മത്സരത്തിലും കേരളത്തിന് ഉത്തര്‍പ്രദേശിനെതിരേ മൂന്ന് വിക്കറ്റ് ജയം. ടോസ് നേടിയ കേരളo ഉത്തര്‍പ്രദേശിനെ ബാറ്റിംഗിനയച്ചു. ആദ്യം ബാറ്റ് ചെയ്ത ഉത്തര്‍പ്രദേശ് 49.4 ഓവറില്‍ അഭിഷേക് ഗോസ്വാമി (63 പന്തില്‍ 54), അക്ഷദീപ് നാഥ് (60 പന്തില്‍ 68), പ്രിയാം ഗാര്‍ഗ് (59 പന്തില്‍ 57) എന്നിവരുടെ അര്‍ധസെഞ്ചുറി നേട്ടത്തില്‍ 283 റണ്‍സെടുത്തു.കേരളത്തിനായി പേസര്‍ എസ്. ശ്രീശാന്ത് അഞ്ച് വിക്കറ്റ് നേടി.9.4 ഓവറില്‍ 65 റണ്‍സ് വഴങ്ങിയാണ് ശ്രീശാന്ത് അഞ്ച് വിക്കറ്റ് നേടിയത്.
284 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം 48.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു.റോബിന് ഉത്തപ്പ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങി. 55 പന്തില്‍ നാല് സിക്സും എട്ട് ഫോറും അടക്കം ഉത്തപ്പ 81 റണ്‍സ് അടിച്ചെടുത്തു. സച്ചിന് ബേബി 83 പന്തില്‍നിന്ന് ഒരു സിക്സും ആറ് ഫോറും അടക്കം 76 റണ്‍സ് നേടി. സഞ്ജു വി. സാംസണ് (32 പന്തില്‍ 29), വത്സല്‍ ഗോവിന്ദ് (39 പന്തില്‍ 30), ജലജ് സക്സേന (49 പന്തില്‍ 31 നോട്ടൗട്ട്) എന്നിവരും തിളങ്ങി.