തിരച്ചിൽ.(കവിത)

0
204

ഡിജിന്‍ കെ.ദേവരാജ്.

എവിടെക്കിട്ടും എനിക്ക്
ഏറ്റവും മികച്ച കവിത?
കഴിവുള്ളവനോടു ചോദിച്ചു
കനത്ത ആശയദാരിദ്ര്യം
അവൻ തിരിച്ചു നൽകി!
ഉള്ളിൽ കനവുള്ളവനോട് ചോദിച്ചു
നെഞ്ചിൽ കടൽ ഉള്ളവരിൽ
തിരയാൻ അവൻ മറുപടി നൽകി.
കടൽ ഉള്ളവൻ പക്ഷേ
കഥയുള്ളവനിലേക്ക്
വിരൽചൂണ്ടി കൈകഴുകി !
കഥയുള്ളവനെ കണ്ടപ്പോൾ
ഇതുവരെ ഒരു വരിയും
എഴുതനാവാത്ത പേപ്പർ
അവൻ എന്നിലേക്ക് നീട്ടി
ചുരുട്ടു കത്തിച്ചു വലിച്ചു..
അതിൽ കത്തിത്തീരാത്ത
ഒരു കനൽ എന്നോട് പറഞ്ഞു
പട്ടിണി കിടക്കുന്നവനോട്
ചോദിച്ചായിരുന്നോ എന്ന്?
ആ മറുപടിയിൽ എൻറെ
മനസ്സും ആളിപ്പുകഞ്ഞു
പിന്നെയും തിരഞ്ഞു മടുത്തു
മനസ്സ് വിയർത്തപ്പോൾ
തീരാ ദാഹമെന്റെ ഇരട്ടപെറ്റു
അവൻ എന്നോട് പറഞ്ഞു
നിൻറെ മനസ്സാഴങ്ങളിൽ
ഒന്നു തിരയാൻ എന്ന് ..!
അവിടെ കനവും കഥയും
കനലും കടലും ഇഴചുറ്റി
ഇനിയൊരിക്കലും
തീരാത്ത വിശപ്പായിരുന്നു!

Share This:

Comments

comments