ഗാന്ധി പ്രതിമ തകര്‍ത്ത സംഭവം ഐ ഒ സി കേരള ചാപ്റ്റര്‍ പ്രതിഷേധിച്ചു.

0
338

ജോയിച്ചൻ പുതുക്കുളം.

ന്യൂജേഴ്സി: കാലിഫോര്‍ണിയയിലെ സാക്രമെന്റോ സിറ്റിയിലെ ഡേവിസ് സെന്‍ട്രല്‍ പാര്‍ക്കില്‍ സ്ഥാപിച്ചിരുന്ന മഹാത്മാ ഗാന്ധിജിയുടെ പ്രതിമ തകര്‍ത്ത നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ഐ ഒ സി കേരള ചാപ്റ്റര്‍ പ്രസിഡണ്ട് ലീല മാരേട്ട്. അഹിംസയുടെ മാര്‍ഗത്തിലൂടെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാവിന്റെ പ്രതിമ തകര്‍ത്തവരുടെ ലക്ഷ്യം ഇന്ത്യക്കാരോടുള്ള വെറുപ്പും വിദ്വെഷവുമാണെന്ന് ലീല മാരേട്ട് ആരോപിച്ചു.

 

അക്രമത്തിനെതിരായും സമാധാനത്തിന്റെ പാതയിലൂടെയും സഞ്ചരിച്ച മഹാത്മാ ഗാന്ധിയെ സമാധാനത്തിന്റെ ദൂതനായാണ് ലോക ജനത കാണുന്നത്. അദ്ദേഹത്തിന്റെ പ്രതിമയുടെ ശിരസോ കൈകളോ വിച്ഛേദിച്ചതുകൊണ്ട് അദ്ദേഹത്തോടുള്ള ഇന്ത്യക്കാരുടെ സ്‌നേഹവും ആദരവും അറുത്തുമാറ്റാമെന്നു ഇന്ത്യ വിരുദ്ധരായ അകമികള്‍ കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റുപറ്റിയെന്ന് പറഞ്ഞ ലീല ഗാന്ധിയുടെ സ്‌നേഹവും ആദര്‍ശവും നിറഞ്ഞ രൂപം ഒരൊറ്റ ഇന്ത്യക്കാരന്റെ പോലും ഹൃദയത്തില്‍ നിന്ന് തുടച്ചു മാറ്റാന്‍ ആര്‍ക്കും കഴിയുകയില്ലെന്നും വ്യക്തമാക്കി.

 

ഇന്ത്യയുടെ അഖണ്ഡതയെ ശിഥിലീകരിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യ വിരുദ്ധമായ ഒരുകൂട്ടം സാമുഹിക വിരുദ്ധര്‍ ഗാന്ധിജിയുടെ സമാധി ദിനമായ ജനുവരി 30 ന് തന്നെ ഗാന്ധി പ്രതിമ തച്ചുടച്ചത് രാഷ്ട്ര പിതാവിനെ അപമാനിക്കാനും ലോകം മുഴുവനുമുള്ള ഇന്ത്യക്കാരുടെ വികാരത്തെ വൃണപ്പെടുത്താനുമാണെന്നും അവര്‍ കുറ്റപ്പെടുത്തി.

 

അമേരിക്കയിലെ മുഴുവന്‍ ഇന്ത്യക്കാരെയും ഞെട്ടിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്ത നടപടിയായിരുന്നു ജനവരി 30 നു കാലിഫോര്ണിയയില്‍ നടന്നത്. ഗാന്ധി പ്രതിമ തകര്‍ത്ത സാമൂഹ്യവിരുദ്ധരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവന്ന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഐ.ഒ.സി കേരള ചാപ്റ്റര്‍ ആവശ്യപ്പെടുകയാണെന്നും ലീല കൂട്ടിച്ചേര്‍ത്തു.

Share This:

Comments

comments