ഫൊക്കാന വിമന്‍സ് ഫോറം പ്രവര്‍ത്തനോദ്ഘാടനം വര്‍ണ്ണാഭമായി.

0
92

ജോയിച്ചൻ പുതുക്കുളം.

ന്യൂജേഴ്‌സി: സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമ സംഗമവേദിയായി ഫൊക്കാനയുടെ വിമന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനോദ്ഘാടന വേദി മാറി. കോവിഡ് മഹാമാരിയുടെ പരിമിതികളും, പ്രതിബന്ധങ്ങളുടെ വേലിക്കെട്ടുകള്‍ക്കും തങ്ങളെ തളര്‍ത്താനാവില്ല എന്ന വ്യക്തമായ സന്ദേശത്തോടെയായിരുന്നു സമൂഹത്തിലെ വിവിധ തുറകളില്‍ പാഗല്‍ഭ്യം തെളിയിച്ച ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മലയാളി സ്ത്രീരത്‌നങ്ങള്‍ വ്യത്യസ്തമായ പരിപാടികള്‍ വെര്‍ച്ച്വല്‍ ആയി അവതരിപ്പിച്ചുകൊണ്ട് ഏവരെയും അമ്പരിപ്പിച്ചുകളഞ്ഞത്.

 

കഴിഞ്ഞ ഒരു വര്‍ഷമായി കൂട്ടില്‍ അടച്ചിട്ട കിളികളെപ്പോലെ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ലോകജനത. മനുഷ്യനു മുന്‍പില്‍ വേലികള്‍ തീര്‍ത്ത സാമുഹിക അകലത്തെ നാം വെര്‍ച്ച്വല്‍ മീറ്റിംഗുകളിലൂടെ മറികടന്നത് ഏറെ പരിമിതികളിലൂടെയായിരുന്നു.എന്നാല്‍ ഈ പരിമിതികളെയും നിഷ്പ്രഭമാക്കിക്കൊണ്ടാണ് ഫൊക്കാനയുടെ വനിതാരത്‌നങ്ങള്‍ പത്തര മാറ്റുള്ള ഉജ്വല പ്രകടനം കാഴ്ച്ച വച്ചത്.

 

സ്ത്രീകള്‍ അബലകളെന്നു കരുതി അവരെ സമൂഹത്തിന്റെ മുഖ്യ ശ്രേണികളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടവര്‍ക്കുള്ള ഒരു മറുപടികൂടിയാവാം ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രവര്‍ത്തനോദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ വിസ്മയകരമായ വെര്‍ച്ച്വല്‍ കലാപരിപാടികള്‍ സൂചിപ്പിക്കുന്നത്. ഈ കോവിഡ് മഹാമാരിക്കാലത്ത് സൂം മീറ്റിംഗുകളിലൂടെ നടന്ന ഒട്ടനവധി പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത്ര മനോഹരമായ, പാകപ്പിഴവുകളോ വിരസതയോയില്ലാത്ത ഏറെ മികച്ച ഒരു കലാ പരിപാടി കാണാന്‍ കഴിഞ്ഞത് ആദ്യമാണ്. അതിനു നേതൃത്വം നല്‍കിയ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ.കല ഷഹിക്കും വിമന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനോദ്ഘാടന പരിപാടി അവര്‍ക്ക് സ്വതന്ത്രമായി നടത്താന്‍ അവസരം നല്‍കിയ ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസിനും സെക്രെട്ടറി ഡോ.സജിമോന്‍ ആന്റണിക്കും മറ്റു ഭരണ നേതൃത്വത്തിനും കൂപ്പുകൈ സമര്‍പ്പിക്കുന്നുസ്ത്രീകള്‍ ഇനിയും ഉന്നത സ്ഥാനത്തേക്ക് കടന്നുവരട്ടെ.

 

സാധാരണ പരിപാടികളില്‍ നിന്ന് വിഭിന്നമായി കാര്യമായ പുരുഷ കടന്നുകയറ്റമോ അധിനിവേശമോ ഇല്ലാത്ത, സ്ത്രീകള്‍ക്ക് പൂര്‍ണ സ്വാതന്ത്യവും ഉത്തരവാദിത്വവും നല്‍കിയ, സ്ത്രീകള്‍ നിയന്ത്രിച്ച ഫൊക്കാനയുടെ സ്ത്രീകളുടെ വിഭാഗമായ വിമന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനോദ്ഘാടന ചടങ്ങ് എന്തുകൊണ്ടും മാതൃകാപരമായ ചടങ്ങ് തന്നെയായിരുന്നു.അതുകൊണ്ട് തന്നെ അവരുടെ ഭാവനയും മികച്ച സംവിധാന അവതരണ ശൈലിയുംകൊണ്ട് മികവുറ്റതായിരുന്നു സ്‌നേഹസ്പര്‍ശം എന്ന് പേരിട്ടിരുന്ന ഈ പരിപാടി.

ചടങ്ങിലെ മുഖ്യാതിഥിയാകട്ടെ ലോകം മുഴുവനുമുള്ള മലയാളികളും ഭരണ നേതൃത്വങ്ങളും ആദരവോടെ ബഹുമാനിക്കുന്ന കേരളത്തിന്റെ ആരോഗ്യവനിതാക്ഷേമ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുമാണ്. ഔദ്യോഗിക യാത്രക്കിടയില്‍ കാറിലിരുന്നുകൊണ്ടാണ് മലയാളി സ്ത്രീകളുടെ ഏറ്റവ്വും വലിയ അഭിമാനതാരമായ ടീച്ചറമ്മ എന്ന് ലോകമലയാളികള്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്ന ഷൈലജ ടീച്ചര്‍ പ്രസംഗിച്ചത്.

 

ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് അധ്യക്ഷത വഹിച്ച പ്രവര്‍ത്തനോദ്ഘാടന ചടങ്ങില്‍ വീണ ജോര്‍ജ് എം.എല്‍.എ റിപ്പബ്ലിക്ക് ദിന സന്ദേശം നല്‍കി. മലയാള സിനിമയിലെ ഏക വനിത സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍, പ്രശസ്ത തെന്നിന്ത്യന്‍ നടിമാരായ അഭിരാമി, മന്യ റെഡ്ഢി എന്നിവരുടെയും കേരള വനിത കമ്മീഷന്‍ അംഗം ഡോ. ഷാഹിദ കമാല്‍, റോക്ക്‌ലാന്‍ഡ് കൗണ്ടി ലെജിസ്ലേച്ചറും മെജോറിറ്റി ലീഡറുമായ ഡോ. ആനി പോള്‍, അമേരിക്കയിലെ മലയാളി വനിതാ ജഡ്ജി ജൂലി മാത്യു, പ്രമുഖ വനിത വ്യവസായ സംരംഭകരായ ഷീല കൊച്ചൗസേപ്പ്, കേരളത്തിലെ പ്രമുഖ സാമൂഹിക രാഷ്ട്രീയ രംഗത്തെ നേതാവ് നിഷ ജോസ്, ഫൊക്കാന വിമന്‍സ് ഫോറം ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ചെയര്‍പേഴ്‌സണ്‍ മിനി സാജന്‍, വിമന്‍സ് ഫോറം ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ രമ ജോര്‍ജ്, സമൂഹത്തിലെ പാര്‍ശ്യവല്‍ക്കരിക്കപ്പെട്ട സ്ത്രീകളുടെയും ഭിന്നശേഷിക്കാരായ കുട്ടികളുടെയും ഉന്നമനത്തിനായി ജീവിതം സമര്‍പ്പിച്ചിരിക്കുന്ന ലോക പ്രശസ്ത മാന്ത്രികന്‍ പ്രഫ. ഗോപിനാഥ് മുതുകാട്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ നടക്കുന്ന സൈബര്‍ അക്രമങ്ങളെക്കുറിച്ചന്വേഷിക്കുന്ന അഭിഭാഷകനും കേരള പൊലീസിനെ സൈബര്‍ സെല്ലിലെ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടുമായ ഇ.എസ്. ബിജുമോന്‍ ഐ പി എസ്, ഫൊക്കാന മുന്‍ പ്രസിഡണ്ട് മറിയാമ്മ പിള്ള, ഫൊക്കാന നാഷണല്‍ അംഗംങ്ങളായ ഗീത ജോര്‍ജ്, ഗ്രേസ് മരിയ ജോസഫ്, ഫൊക്കാന യൂത്ത് വിഭാഗം നാഷണല്‍ കമ്മിറ്റി മെമ്പര്‍ രേഷ്മ(കാനഡ), ഫൊക്കാന വിമന്‍സ് ഫോറം മുന്‍ ചെയര്‍പേഴ്‌സണ്‍ ലീല മാരേട്ട്, ഫൊക്കാന ട്രഷറര്‍ സണ്ണി മറ്റമന, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, ഫൊക്കാന ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍, ഫൊക്കാന കാലിഫോര്‍ണിയ റീജിയണല്‍ വൈസ് പ്രസിഡണ്ടും അല്‌മേഡ കൗണ്ടിയിലെ മെഡിക്കല്‍ ഡയറക്ടറും പ്രമുഖ പീഡിയാട്രീഷനുമായ ഡോ.ജേക്കബ് ഈപ്പന്‍, ഫൊക്കാന ഇന്റര്‍നാഷണല്‍ കമ്മിറ്റി അംഗംങ്ങളായ സൂസി ജോയ്, ദീപ്തി വിജയ്, തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു. വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. കല ഷഹി സ്വാഗതവും ഫൊക്കാന സെക്രട്ടറി ഡോ. സജിമോന്‍ ആന്റണി നന്ദിയും പറഞ്ഞു.

 

ഡോ കല ഷാഹി, ഡോ. മഞ്ജുഷ ഗിരീഷ്, ഡോ. ബ്രിജിറ്റ് ജോര്‍ജ്, രേഷ്മ സുനില്‍, ലീല മാരേട്ട്, ലത പോള്‍, രേവതി പിള്ള, മഞ്ജു സാമുവേല്‍, സുനിത ഫ്‌ലവര്‍ഹില്‍ , ഗീത ജോര്‍ജ്,മേരി ഫിലിപ്പ്, റിനു കുര്യന്‍, ഷൈനി പുരുഷോത്തമന്‍, എന്നിവരായിരുന്നു പരിപാടിയുടെ അവതാരകര്‍. ഫൊക്കാന ടെക്‌നിക്കല്‍ ടീം കോര്‍ഡിനേറ്റര്‍ പ്രവീണ്‍ തോമസ്, ഫൊക്കാന അസോസിയേറ്റ് ട്രഷറര്‍ വിപിന്‍ രാജ്, അഡിഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍ കൊട്ടരക്കര, മഹേഷ് മുണ്ടയാട് എന്നിവര്‍ ചേര്‍ന്നാണ് സൂം മീറ്റിംഗ് നിയന്ത്രിച്ചത്.

 

പ്രൊഫ.ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ഹൃസ്വമായ ഒരു മായാജാല പ്രകടനവും അരങ്ങേറി. കര്‍ണാട്ടിക്ക്, ഹിന്ദുസ്ഥാനിക്ക് സംഗീതത്തില്‍ പ്രാവിണ്യം നേടിയിട്ടുള്ള ഓണ്‍ലൈനില്‍ വോയിസ് കള്‍ച്ചര്‍ െ്രെടനിംഗ് നടത്തുന്ന ന്യൂയോര്‍ക്ക് അപ്പ്‌സ്‌റ്റേറ്റില്‍ നിന്നുള്ള ലക്ഷ്മി നായര്‍ അവതരിപ്പിച്ച “നന്മയാകുന്ന കാന്തി കാണുവാന്‍ കണ്ണിണകണമേ… ” എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥനാഗാനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് വിമന്‍സ് ഫോറം എക്‌സിക്യൂട്ടീവ് നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ ചേര്‍ന്ന് വെര്‍ച്വല്‍ ആയി താന്താങ്ങളുടെ ഭവനങ്ങളില്‍ നിന്നുകൊണ്ട് ദീപാര്‍ച്ചന നടത്തി. “ലോകം മുഴുവന്‍ സുഖം പകരാനായി സ്‌നേഹദീപമേ മിഴി തുറക്കൂ… ” എന്ന് തുടങ്ങുന്ന ഗാനത്തെ അനശ്വരമാക്കികൊണ്ടേയിരുന്നു ദീപാഞ്ജലി. തുടര്‍ന്ന് ഫ്‌ലോറിഡയില്‍ നിന്ന് പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസിന്റെ ഭവനത്തില്‍ വച്ച് ജോര്‍ജി വര്‍ഗീസ്,ഭാര്യ ഷീല വര്‍ഗീസ്, കൈരളി ആര്‍ട്‌സ് ക്ലബ് പ്രസിഡണ്ട് പ്രസിഡണ്ട് വര്‍ഗീസ് ജേക്കബ്, പ്രസിഡണ്ട് ഇലെക്ട് രാജുമോന്‍ ഇടിക്കുള,ഫൊക്കാന കണ്‍വെന്‍ഷന്‍ വൈസ് ചെയര്‍ ലിബി ഇടിക്കുള, ഫൊക്കാന മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മാമ്മന്‍ സി. ജേക്കബ്, മേരിക്കുട്ടി ജേക്കബ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചുകൊണ്ട് ഔദ്യോഗിക ഉദ്!ഘാടനം നിര്‍വഹിച്ചു.

 

ഫൊക്കാനയുടെ പ്രവര്‍ത്തങ്ങളെക്കുറിച്ചുള്ള ഹൃസ്വമായ വീഡിയോ പ്രദര്‍ശനവും തുടര്‍ന്ന് നടന്നു. ഫ്‌ലവര്‍സ് ടി.വി യു.എസ്.എ സിംഗ് ആന്‍ഡ് വിന്‍ മ്യൂസിക്ക് മത്സരത്തിലെ വിജയി ഡോ. ഡയാന ജെയിംസ് (ഫ്‌ലോറിഡ) ” സാരേ ജഹാംസേ അച്ചാ …” എന്ന് തുടങ്ങുന്ന ദേശഭക്തിഗാനമാലപിച്ചു. ഡോ.ഡോ. മഞ്ജുഷ ഗിരീഷ്, ഡോ. മഞ്ജു ഭാസ്ക്കര്‍,ഡോ. അബ്ജ അരുണ്‍ എന്നിവര്‍ ചേര്‍ന്ന് “വന്ദേമാതരം…” എന്ന ദേശഭക്തിഗാനവുമാലപിച്ചു. “ഓമനത്തിങ്കല്‍ കിടാവോ..” എന്നു തുടങ്ങുന്ന മാതൃത്വത്തിന്റെ അമൃത് പൊഴിക്കുന്ന ഗാനത്തില്‍ വിമന്‍സ് ഫോറം സാരഥി ഡോ.കല ഷഹിയുടെ മോഹിനിയാട്ടം ഏറെ ഹൃദ്യമായി മാറി. തുടര്‍ന്ന് കേരളത്തിലെ പ്രശസ്ത സംഗീത അദ്ധ്യാപിക ശാന്തി അലന്റെ ശിഷ്യയും ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ മത്സരാര്‍ത്ഥിയുമായ കല്യാണി വിനോദ് രവിവര്‍മ്മന്റെ മനോഹാരമായാ സെമി ക്ലാസിക്കല്‍ സംഗീത ആലാപനവും അരങ്ങേറി.

 

വേള്‍ഡ് മലയാളി കൗണ്‍സില്‍ 2020 സംഘടിപ്പിച്ച സിനിമാറ്റിക്ക് ഡാന്‍സ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അശ്വതി മേനോന്‍ അവതരിപ്പിച്ച കേരള നടനം അമേരിക്കന്‍ മലയാളികള്‍ക്ക് നവ്യാനുഭവമായി മാറി. മലയാള ചരിത്രത്തിലെ ആദ്യത്തെ ശക്തയായ സ്ത്രീ കഥാപാത്രം പുത്തൂരം വീട്ടിലെ ഉണ്ണിയാര്‍ച്ചയുടെ കഥ പറയുന്ന കേരളനടനം നടന നൃത്ത വൈഭവം കൊണ്ട് അവിസ്മരണീയമായി. ഫൊക്കാന നാഷണല്‍ കമ്മിറ്റി മെമ്പര്‍ കൂടിയായ പ്രിയ നായര്‍ ആലപിച്ച കണ്ണകി എന്ന സിനിമയിലെ “കരിനീല കണ്ണെഴകീ കണ്ണകി….” എന്ന ഗാനാലാപനവും ഉണ്ടായിരുന്നു.

 

“നാരി മണി അവളുടെ ഉദരത്തില്‍ നിന്നു പിറന്നു ഞാന്‍…” എന്ന് തുടങ്ങുന്ന മാതൃത്വത്തെക്കുറിച്ചുള്ള മനോഹരമായ കവിത ശലകത്തിനു ദൃശ്യാവിഷ്കാരം നല്‍കിയ പ്രീതി സുധ, ഡോ. മഞ്ജുഷ ഗിരീഷ് എന്നിവരെ കേരള അസ്സോസിയേഷന്‍ ഓഫ് കണെക്ടിക്കട്ട് പ്രസിഡണ്ട് ഷൈന്‍ പുരുഷോത്തമന്‍ പരിചയപ്പെടുത്തി. തുടര്‍ന്ന് “ശ്രീരാഗമോ തേടുന്നു നിന്‍ വീണ തന്‍..” എന്ന ഗാനത്തിന് ന്യൂജേഴ്‌സിയിലെ സൗപര്‍ണിക ഡാന്‍സ് അക്കാദമിയിലെ മാലിനി നായരും സംഘവും അവതരിപ്പിച്ച സംഘനൃത്തവും നയന സുന്ധരമായിരുന്നു. തുടര്‍ന്ന് ചിന്നു തോട്ടം സാറാ അനു എന്നിവര്‍ അവതരിപ്പിച്ച ബോളിവുഡ് ഫ്യൂഷന്‍ ഫാസ്റ്റ് നമ്പര്‍ ഡാന്‍സും ഗംഭീരമായി.

 

ഫ്‌ലവര്‍സ് ടി.വി യു.എസ് എ സിംഗ് ആന്‍ഡ് വിന്‍ 2020 മത്സരത്തിലെ ഗോള്‍ഡന്‍ വോയിസ് ഒന്നാം സ്ഥാനം നേടിയ എലിസബത്ത് ഐപ്പ് ആലപിച്ച മലയാള സിനിമ ഗാനമായ “പുലര്‍കാല സുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായൊന്നു മാറി… ” എന്ന് തുടങ്ങുന്ന മെലഡി മനസിന് കുളിര്‍മയേകി. കേരളത്തിലെ സുറിയാനി െ്രെകസ്തവരുടെ തനതായ കലാരൂപമായ മാര്‍ഗംകളി അവതരിപ്പച്ചത് ബിന്ദു രാജീവ്, ദിവ്യ കാരാത്ത്, ദൃശ്യ രവീന്ദ്രന്‍, മഞ്ജു ഉണ്ണി, രഞ്ജന മേനോന്‍, സ്വപ്‌ന ജിനേഷ്, സുമി മുകേഷ്, ടീനു കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ്.

 

“തിരുവോണപുലരി” എന്ന ഓണം ആല്‍ബത്തിലെ “പൂത്തങ്ങാടി..” എന്നു തുടങ്ങുന്ന കെ.എസ്. ചിത്ര ആലപിച്ച ഗാനത്തിന് മനോഹരമായ നൃത്താവിഷ്ക്കാരം നല്‍കിയ ടാമ്പയിലെ ഉത്സവ് ഡാന്‍സ് ട്രൂപ്പിലെ സുനിത ഫ്‌ലവര്‍ ഹില്‍ , നിഷ ബൈജു, സുമ നായര്‍ എന്നിവര്‍ ഏറെ കയ്യടി നേടി. തുടര്‍ന്ന് കാനഡയില്‍ നിന്ന് നിയ മെറിന്‍,അലീഷ നസ്രീന്‍, അമീഷ നൗറീന്‍ എന്നിവര്‍ ചേര്‍ന്ന് ബോളിവുഡ് സംഘനൃത്തവും അവതരിപ്പിച്ചു.കാനഡയില്‍ നിന്ന് തന്നെയുള്ള ഡാന്‍സിംഗ് മയൂറീസ് ഡാന്‍സ് ഗ്രൂപ്പ് അവതരിപ്പിച്ച മറ്റൊരു ബോളിവുഡ് സിനിമാറ്റിക്ക് ഡാന്‍സ് ഫ്യൂഷനും കണ്ണിന് കുളിര്‍മ്മ പകര്‍ന്നു. വൈഷ്ണവി ഭാരത്, അനിഷി മൈദൂര്‍ , പൂജ പട്ടേല്‍ , ജ്യോതി പ്രകാശ്,ഗീത ബുശേഖര്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു നൃത്തം അവതരിപ്പിച്ചത്.

 

വെര്‍ച്ച്വല്‍ പ്ലാറ്റ്‌ഫോം എന്ന പരിമിതമായ ഇടത്തില്‍ നിന്നുകൊണ്ട് വിശാലമായ ഒരു പരിപാടി സംഘടിപ്പിച്ച ഫൊക്കാന വിമന്‍സ് ഫോറം നേതാക്കന്മാരെ ഫൊക്കാനയുടെ പുരുഷ നേതാക്കന്മാര്‍ അഭിനന്ദന വര്‍ഷങ്ങള്‍കൊണ്ട് മൂടി.Picture2

Share This:

Comments

comments