ജോയിച്ചൻ പുതുക്കുളം.
ഫ്ളോറിഡ: പ്രസിഡണ്ട് പദവി ഒഴിഞ്ഞ് ഫ്ലോറിഡയിലെ സ്വകാര്യ വസതിയിലേക്ക് തന്റെ താമസം മാറ്റുമ്പോള്‍ 47% അമേരിക്കക്കാരും അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡണ്ട് മാരില്‍ ഒരാളായി ഡൊണാള്‍ഡ് ട്രംപ് ഓര്‍മിക്കപ്പെടും എന്ന് പറയുന്നു. പിബിഎസ് / എന്‍പിആര്‍ ന്യൂസ് സര്‍വ്വേ ഫലം ആണ് ഇത് വെളിപ്പെടുത്തിയത്.
2016 ഡിസംബറില്‍ അന്ന് പ്രസിഡണ്ട് ആയിരുന്ന ബരാക് ഒബാമയുടെ പ്രസിഡന്റ് പദത്തെ 17% അമേരിക്കക്കാരാണ് മോശം എന്ന് സൂചിപ്പിച്ചത്. നാലു വര്‍ഷത്തിനുശേഷം 83% ഡെമോക്രാറ്റുകളും 43% നിഷ്പക്ഷരും 13% റിപ്പബ്ലികനും ട്രംപിന് ചാര്‍ത്തിക്കൊടുത്തത് ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റ് എന്ന പദവിയാണ്. അതേസമയം തന്നെ പകുതിയിലധികം ഏതാണ്ട് 57 ശതമാനം അമേരിക്കക്കാരും ട്രംപിന്റെ പ്രസിഡണ്ട് പദവിയെ അംഗീകരിക്കാന്‍ വിസമ്മതിച്ചു.
മൂന്നിലൊന്ന് റിപ്പബ്ലികന്‍സ് ഉള്‍പ്പെടുന്ന 16% അമേരിക്കക്കാരും ചിന്തിക്കുന്നത് ഏറ്റവും മികച്ച പ്രസിഡന്റ് ട്രംപ് ആണെന്നാണ്. 2017 ജനുവരിയില്‍ ട്രംപിന്റെ ഉദ്ഘാടന വേളയില്‍ കുറ്റകൃത്യങ്ങളും ഭീകരവാദവും മയക്കുമരുന്നുകളും നിറഞ്ഞതും പഴകി തുരുമ്പിച്ച ഫാക്ടറികള്‍ നിറഞ്ഞതുമായ അമേരിക്കയെ ഒന്നാമതാകും എന്ന് പ്രതിജ്ഞയെടുത്തിരുന്നു. എന്നാല്‍ ഇന്ന് ജോ ബൈഡന് പ്രസിഡണ്ട് ആയി സ്ഥാനമേല്ക്കുമ്പോള് ട്രംപിന്റെ അനുയായികളുടെ ആക്രമണം ഭയന്ന് ഇരുപതിനായിരം നാഷണല്‍ ഗാര്‍ഡുകളുടെ സുരക്ഷ തലസ്ഥാനത്ത് ആവശ്യമായി വന്നിരിക്കുന്നു. കൊറോണോ വൈറസിനോട് ട്രംപിന്റെ പ്രതികരണത്തില്‍ നാലു ലക്ഷം അമേരിക്കന്‍ ജീവനുകളാണ് പൊലിഞ്ഞത് ഒപ്പം രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ തകര്‍ച്ചയിലും എത്തി.
പറഞ്ഞ വാഗ്ദാനങ്ങള്‍ പലതും പാലിക്കാതിരുന്ന ട്രംപ് അധികാരത്തില്‍ കയറിയ ആദ്യനാളുകളില്‍ നടത്തിയ സര്‍വ്വേയില്‍ 39 ശതമാനം അമേരിക്കക്കാര്‍ മാത്രമാണ് അദ്ദേഹത്തിന്റെ പ്രസിഡന്റ് പദവിയെ അംഗീകരിച്ചത്. 11% അമേരിക്കക്കാര്‍ തങ്ങള്‍ക്ക് ഇപ്പോള്‍ ഉറപ്പിച്ച് പറയാനാകില്ലെന്ന് പറഞ്ഞു. ഇന്ന് ട്രംപ് അധികാരം ഒഴിയുമ്പോള്‍ അദ്ദേഹത്തിനോടുള്ള എതിര്‍പ്പ് കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല. ലഭ്യമായ പല ഡേറ്റാകളില്‍നിന്നും വളരെ വ്യക്തമായി നമുക്ക് കാണുവാന്‍ സാധിക്കുന്ന ഒന്നാണ് അമേരിക്കക്കാര്‍ക്ക് ഇടയില്‍ ട്രംപ് വളരെ മൂര്‍ച്ചയേറിയ ഭിന്നത സൃഷ്ടിച്ചു എന്നത് . 2016 ഡിസംബറില്‍ നടത്തിയ മറ്റൊരു സര്‍വേയില്‍ 53% അമേരിക്കക്കാരും അന്ന് പറഞ്ഞത് ട്രംപിന്റെ ഭരണത്തില്‍ രാജ്യം ഐക്യപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ ഭിന്നത ഉണ്ടാകും എന്നാണ്. അത് ശരിവെയ്ക്കുന്നതാണ് ഇന്ന് നമ്മള് കാണുന്ന അമേരിക്ക . ചേര്‍ത്തു നിര്‍ത്തേണ്ടത് പകരം അകറ്റുകയാണ് ട്രംപ് ചെയ്തതെന്ന് പൊളിറ്റിക്കല്‍ സയന്റ്റിസ്റ്റ് ആയ ലാറാ ബ്രൗണ്‍ പറഞ്ഞു.
ട്രംപിന്നെ ഏറ്റവും കൂടുതല്‍ പിന്തുണച്ചത് റിപ്പബ്ലിക്കന്‍ വനിതകളാണ്. 85 ശതമാനം. റിപ്പബ്ലിക്കന്‍ പുരുഷന്മാര് 79 ശതമാനം ട്രംപിനെ പിന്തുണച്ചു. നാലില്‍ മൂന്ന് പേര് രാജ്യം തെറ്റായ ദിശയിലേക്ക് ആണ് പോകുന്നതെന്ന് മാരിസ്റ്റ് പോളില്‍ പറയുന്നു.