ഇന്ത്യന്‍ പതാകയുടെ അവഹേളനം; വാഷിംഗ്ടണ്‍ ഡി.സി. മെട്രോ റീജിയണില്‍ മലയാളികളുടെ പ്രതിഷേധമിരമ്പുന്നു.

0
455

ജോയിച്ചൻ പുതുക്കുളം.

വാഷിംഗ്ടണ്‍ ഡി.സി: ജനുവരി ആറിന് വാഷിംഗ്ടണ്‍ ഡീ സിയില്‍ നടന്ന ട്രമ്പ് അനുകൂലികളുടെ പ്രകടനത്തില്‍ പങ്കെടുത്ത ചിലര്‍ ഇന്ത്യയുടെ ദേശീയ പതാക പ്രദര്‍ശിപ്പിച്ചതില്‍ വാഷിംഗ്ടണ്‍ ഡീ സീ മെട്രോയിലെ പ്രമുഖ ഭാരതീയ-മലയാളി സമൂഹം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇലക്ട്റല്‍ വോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നതിനായി വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സിന്റെ അധ്യക്ഷതയില്‍ യു.എസ് പാര്‍ലമെന്റ് മന്ദിരമായ ക്യാപിറ്റോള്‍ ഹില്ലില്‍ സഭ നടപടികള്‍ നടന്നുകൊണ്ടിരിക്കെയാണ് ട്രമ്പ് അനുകൂലികളായ പതിനായിരക്കണക്കിന് പേര്‍ അവിടേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത അക്രമാസക്തരായ ചിലര്‍ ക്യാപിറ്റോള്‍ ഹില്ലില്‍ അതിക്രമിച്ചുകയറി പരക്കെ അക്രമം അഴിച്ചു വിട്ടിരുന്നു. തികച്ചും ജനാധിപത്യവിരുദ്ധവുമായ അക്രമത്തെ അമര്‍ച്ച ചെയ്യാന്‍ പോലീസ് നടത്തിയ വെടിവയ്പ്പില്‍ ഇതിനകം 5 പേര്‍ മരിക്കുകവരെയുണ്ടായി.

 

ക്യാപിറ്റോള്‍ ഹില്ലിനു മുന്‍പില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഏതാനും ചിലര്‍ പ്രതിഷേധിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ വന്നിരുന്നു. ഇന്ത്യന്‍ പതാകയെ അവഹേളിക്കുന്ന രീതിയില്‍ അക്രമ സമരത്തില്‍ പതാക പ്രദര്‍ശിപ്പിച്ചത് ഡി.സി. മെട്രോ മേഖലയിലെ ഒരു മലയാളിയുടെ നേതൃത്വത്തിലുള്ളവരാണെന്ന് പിന്നീട് അറിയുവാന്‍ കഴിഞ്ഞു. പതാക ഉയര്‍ത്തിപ്പിടിച്ചയാള്‍ പിന്നീട് ചില മലയാളം ചാനലുകളിലൂടെ തന്റെ പ്രവര്‍ത്തിയെ ന്യായീകരിക്കുകയുമുണ്ടായി. ഈ സമരം സത്യത്തിനും നീതിക്കും വേണ്ടിയുള്ളതാണെന്നും യഥാര്‍ത്ഥ വിജയം ട്രമ്പിന്റെതാണെന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ വികാരം പ്രകടിപ്പിക്കാനാണ് ഇന്ത്യന്‍ പതാകയേന്തി പ്രക്ഷോഭത്തില്‍ പങ്കെടുത്തതെന്നുമാണ് അദ്ദേഹം ചാനലുകളില്‍ പ്രതികരിച്ചത്.

അതേസമയം ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇന്ത്യയെയോ ഇന്ത്യക്കാരെയോ പ്രതിനിധീകരിക്കുന്നില്ലെന്ന് വാഷിംഗ്ടണ്‍ ഡി.സി മെട്രോ മേഖലയിലെ വിവിധ മലയാളി അസോസിയേഷനുകളിലെ അംഗങ്ങള്‍ സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

 

ഈ ദേശീയ പതാക ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ആശയുടെയും അഭിലാഷങ്ങളുടെയും അഭിമാനത്തിന്റെയും പ്രതീകമാണ്. അനേകലക്ഷം ജനങ്ങളുടെ ജീവത്യാഗത്തിലൂടെ ഉയര്‍ന്നു പറക്കുന്ന ഈ പതാകയെ ഇത്തരമൊരു നികൃഷ്ടമായ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചവര്‍ ഉടന്‍ തന്നെ ഇന്ത്യാമഹാരാജ്യത്തോടും എല്ലാ ഇന്ത്യക്കാരോടും മാപ്പു പറയണമെന്നും വാഷിംഗ്ടണ്‍ ഡി.സി മെട്രോ മേഖലയിലെ വിവിധ മലയാളി അസോസിയേഷനുകളിലെ അംഗങ്ങള്‍ സംയുക്ത പ്രസ്തവാനയിലൂടെ ആവശ്യപ്പെട്ടു.

 

സംയുക്ത പ്രസ്താവന വായിക്കുക:

Picture2

Picture3

Share This:

Comments

comments