നിഷ്ഫലജന്മങ്ങൾ(കഥ)

0
733
id=":2l" class="ii gt">
ബീന പ്രസ്സന്നകുമാർ.(Street Light fb Group) 
    ചുറ്റും ഈർപ്പം കുളിരണിയിച്ചപ്പോഴാണ് അവൻ കണ്ണുതുറന്നത്…ചുറ്റും നേർത്ത വെളിച്ചത്തിന്റെ ഒരുകീറ്മാത്രം…
കാഴ്ചകൾക്കൊന്നുമൊരു തെളിച്ചമില്ല…എന്നാലും ദൂരെയായി വീർത്തവയർ തറയിലമർത്തി ആലസ്യത്തോടെ മയങ്ങുന്ന അവളെ അവൻ ഇമവെട്ടാതെ നോക്കിക്കിടന്നു…അവളുടെ വെളുത്ത മിനുത്തമേനി കണ്ടിരിക്കാൻ എന്തൊരു രസമാണ്…അവന്റെയുള്ളിൽ അനുരാഗത്തിന്റെ ഒരു ഇളം തുണ്ടിളകി…
.ചെറിയ വെട്ടം മാത്രം കടത്തിവിടുന്ന ഉയരത്തെ കിളിവാതിലിലൂടെ ഉദയാർക്കന്റെ വെട്ടമേറ്റ് തിളങ്ങുന്ന വൃക്ഷത്തലപ്പുകൾ കാണാം…ചിലപൂക്കളും, പറന്നുനടക്കുന്ന തുമ്പികളും..ആകെ ഒരുന്മേഷം പകരുന്ന കാഴ്ച്ചകൾ തന്നെ…അവൻ വല്ലാത്തൊരു തപത്താൽ നെടുവീർപ്പുതിർത്തു….
‘ചിന്നാ….’ വളരെ നേർത്ത ചിലമ്പിന്റെ സ്വരംപോലെ ഒരു വിളി…
അവൻ പുറംകാഴ്ചകളിൽ നിന്നും കണ്ണുകൾ പിൻവലിച്ചു…പിന്നെ അവളെ നോക്കി ‘എന്താ പൊന്നൂ?’..
അവൻ അവളുടെ ഗോലി  പോലെ തിളങ്ങുന്ന മഞ്ചാടിക്കണ്ണുകളിലേയ്ക്ക് നോക്കി…അവിടെ ഒരു പ്രണയാർദ്രത ഘനീഭവിച്ച്‌ കിടപ്പുണ്ടായിരുന്നു……അവൻ പതുക്കെ അവളുടെ അടുത്തേയ്ക്ക് അടിവെച്ചടുത്തു…
‘ചിന്നാ , പിന്നേയ്‌ ഞാനിന്നലെ ഒരു കിനാവ് കണ്ടു..’
എന്തായിരുന്നെടീ നിന്റെ കനവ് ?.. ചിന്നൻ അവളോട് ചേർന്നിരുന്നു ചോദിച്ചു…
‘നമ്മൾ രണ്ടുപേരും കുഞ്ഞുങ്ങളുമായി മഞ്ഞണികാട്ടിൽ ഓടിക്കളിക്കുന്നെന്ന്.. !’
ചിന്നന്റെ മുഖത്തെ വെളിച്ചം പെട്ടെന്ന് കെട്ടു… അവന്റെ മനസ്സിൽ തങ്ങളുടെ  മംഗലം കഴിഞ്ഞ ആദ്യനാളുകളിലെ  പൊന്നുവുമൊത്തുള്ള ഓർമ്മകൾ ആർത്തിരമ്പി…
മഞ്ഞണിക്കാട് അവരുടെ അനുരാഗദിനങ്ങൾക്ക് ഒരു വേദിയാവുകയായിരുന്നു…അവളുടെ ആഗ്രഹങ്ങൾക്കും അഭിലാഷങ്ങൾക്കുമായിരുന്നു എന്നും ചിന്നന് മുൻതൂക്കം..അവരുടെ ആഹ്ലാദജീവിതത്തിൽ ഈശ്വരന് പോലും അസൂയ തോന്നിയിരിക്കാം…ആ ആനന്ദ നിർഭരത എത്രവേഗമാണ് തടങ്കലിന്റെ അന്ധകാരത്തിലേയ്ക്ക് വലിച്ചിടപ്പെട്ടത്…
             ചിന്നന്റെ ചെവികളിൽ തന്റെ അടിവയറിന്റെ തുടിപ്പും, ചെറുചൂടും സമ്മാനിച്ചരഹസ്യം പൊന്നു പങ്കുവെച്ച അന്നായിരുന്നു അവരുടെ ജീവിതത്തിന്റെ എല്ലാ സന്തോഷങ്ങളും മാറ്റിമറിച്ചത്…
ചിന്നൻ ,
പൊന്നുവിന് ഇഷ്ടമുള്ള പഴങ്ങളൊക്കെ സംഘടിപ്പിച്ചു കൊണ്ടുവന്ന് ആലസ്യത്തിലാണ്ട അവളെ നിർബന്ധിച്ചു കഴിപ്പിക്കുകയായിരുന്നു..രുചിയോടെ ഓരോന്ന് കഴിക്കുമ്പോഴും അവളുടെ കണ്ണുകൾ പ്രേമത്താൽ തിളങ്ങുന്നുണ്ടായിരുന്നു…അവന് മാത്രം തിരിച്ചറിയാവുന്ന തിളക്കം…
പെട്ടെന്നാണ് സംഭവിക്കുന്നതെന്നറിയാത്ത ഒരു നിമിഷത്തിൽ അന്ധകാരം നിറഞ്ഞ തടവിൽ തങ്ങൾ അകപ്പെട്ടത് …അന്നുമുതൽ ഇന്നുവരെ എത്രദിവസങ്ങൾ കടന്നുപോയെന്നറിഞ്ഞില്ല…പൊന്നുവിന്റെ ഗർഭാലസ്യം കൂടിക്കൂടിവന്നു…
‘ചിന്നാ..’
അവളുടെ വിളിയാണ് അവനെ ചിന്തകളിൽ നിന്നും ഉണർത്തിയത്… ‘നമ്മുടെ അരുമകളിനി ഇവിടെ ഈ തടവറയിലായിരിക്കും പിറക്കുക അല്ലേ.’ ..
അവന്റെ പുറത്തേയ്ക്ക് പതുക്കെ ചേർന്നിരുന്നവൾ ചോദിച്ചു..ചിന്നൻ ഒന്നും മിണ്ടിയില്ല…അവളുടെ മൃദുലമേനിയിൽ അവൻ തടവിക്കൊണ്ടിരുന്നു എങ്കിലും പുറത്ത് കൂടിവരുന്ന കാൽപ്പെരുമാറ്റങ്ങളിൽ ആയിരുന്നവന്റെ ശ്രദ്ധ മുഴുവൻ….ചെറിയ പിറുപിറുക്കലുകളിൽ ആയിരുന്നവന്റെ കൂർപ്പിച്ച കാതുകൾ..
.’അവൾ ഗർഭിണിയാണ് അവളെത്തരാൻ പറ്റില്ല..പ്രസവിച്ചുകഴിഞ്ഞാൽ കൂടുതൽ ലാഭകരമല്ലേ??’
പുറത്തെ മർമ്മര ശബ്ദം അവനെ ചിന്താകുലനാക്കി…
പെട്ടെന്ന് രണ്ട് ബലിഷ്ഠകരങ്ങൾ ചിന്നനെ വലിച്ചുപുറത്തേയ്ക്ക് കൊണ്ടുപോയി…
പൊന്നു തൊണ്ടയിൽ തടഞ്ഞ നിലവിളിയോടെ ആയാസപ്പെട്ടു പിന്നാലെ വരുന്നത് ഒരു നോക്കവൻ കണ്ടു..
കട്ടമരത്തിൽ അവന്റെ ശരീരം പകുക്കുമ്പോഴും പാതിമുറിഞ്ഞ കഴുത്തോടെ അവന്റെ ഇരുകണ്ണുകൾ അഴികൾക്കുള്ളിലെ രണ്ടുകണ്ണുകളിലേയ്ക്ക് നിസ്സഹായത നിറഞ്ഞ ഒരുനോട്ടം അവസാനമായി പതിപ്പിക്കുന്നുണ്ടായിരുന്നു.
.പൊന്നു ….അവൾ ഗദ്ഗദത്തോടെ തന്റെ ഊഴവും കാത്ത് തടവറയിലെ മുയലുകളുടെ നിഷ്ഫലജന്മങ്ങളെക്കുറിച്ചോർത്തുകൊണ്ട്‌ ഇരുട്ടിന്റെ ആത്മാവിലേയ്ക്ക് ഏകയായി ചാടിനീങ്ങി മറഞ്ഞു….

Share This:

Comments

comments