കുട്ടന്റെയമ്മ.(കഥ)

0
504
റാണി ബിനോയ്‌.

ചുവന്ന നിറമുള്ള ആ ജിലേബിയുടെ പകുതി കഷണം തന്റെ വായിൽ വച്ചു തന്നു പുഞ്ചിരിയോടെ നിൽക്കുന്ന ആ അമ്മയെ റീജ നിർന്നിമേഷം നോക്കി.
റീജയ്ക്ക് ആ അനുഭവം വല്ലാത്ത ഒരു അനുഭൂതി നൽകി.
പണ്ട് അച്ഛൻ നേന്ത്രപ്പഴവും പുട്ടും കുഴച്ചു ഒട്ടകമാണെന്നും ആനയുമാണെന്നും ഒക്കെ പറഞ്ഞു തീറ്റിച്ചതും അമ്മ ചപ്പാത്തി പശുവിൻപാലിൽ പഞ്ചസാരയിട്ടു മുക്കി തന്നതുമൊക്കെ അപ്പോളവൾക്കു ഓർമ്മ വന്നു.
“മോളെ നിങ്ങൾ ഇന്ന് തന്നെ മടങ്ങുന്നുണ്ടോ?”
“ഇല്ല അമ്മേ.ഇന്ന് വല്ല്യ ഛന്റെ വീട്ടിൽ താമസിക്കും.”
അവരെ ആദ്യമായി അമ്മ എന്നു വിളിച്ച് റീജ സ്വയം പുഞ്ചിരിച്ചു.
അവരപ്പോൾ ഒത്തുകൂടിയ റീജയുടെ അച്ഛന്റെ കുഞ്ഞമ്മാവന്റെ വീട്ടിൽ നിന്നും ഇരു വീട്ടുകാരും വിപരീത ദിശകളിലേക്ക് യാത്രയായി.
കുട്ടൻ എന്ന രാജീവ് ആകട്ടെ പോകുന്ന പോക്കിൽ റീജയെ നോക്കി ഒന്നു കണ്ണടച്ചു കാട്ടി.
റീജയ്ക്ക്  അപ്പോൾ എന്തോ മനസ്സ് പിടച്ചു.   സ്നേഹം കണ്ടാലും സങ്കടം കണ്ടാലും റീജയുടെ മനസ്സ്‌ എപ്പോഴും  ഒന്ന് പതറും.
അച്ഛന്റെ കൂടെ ബസ്സിലിരുന്നു യാത്രയായപ്പോഴും റീജ ചുവന്ന ജിലേബിയുടെ ആ പകുതി കഷണത്തെ പറ്റി ചിന്തിക്കുകയായിരുന്നു.

റീജയുടെയും രാജീവിന്റെയും വിവാഹം ഒന്നു രണ്ടു മാസങ്ങൾക്കകം തന്നെ നടന്നു.
ഇറങ്ങാൻ നേരം തന്റെ പിന്നിൽ നിന്ന് ആർത്തലച്ചു കരഞ്ഞ   സ്വന്തം അമ്മയെ കണ്ട് റീജ ഭാവഭേദമന്യേ നിന്നു.
ഒരിറ്റു കണ്ണീർ പോലും റീജ അപ്പോൾ പൊഴിച്ചില്ല.

കുട്ടന്റെ വീട്ടിലെത്തി കാറിൽ നിന്ന് ഇറങ്ങിയ റീജ, കുട്ടന്റെ അമ്മയും മറ്റു ബന്ധുക്കളും ചേർന്നു വലിയ ഒരു വിളക്ക് ബദ്ധപ്പെട്ടു കത്തിക്കുന്നതും മറ്റും കൗതുകത്തോടെ നോക്കിനിന്നു.
വിളക്ക് റീജയുടെ കയ്യിൽ വച്ചു കൊടുത്ത് കുട്ടന്റെയമ്മ റീജയെ വീടിന്റെ അകത്തേക്ക് നയിച്ചു.
വിളക്ക് കയ്യിൽ പിടിച്ച് റീജ ,സംശയത്തോടെ നിന്നു. നിറച്ചൊഴിച്ചിരിക്കുന്ന എണ്ണയും തിരിപ്പഴുതില്ലാത്തതിനാൽ വഴുക്കി താഴേക്ക്‌ നീങ്ങുന്ന തിരികളും കാരണം റീജ തന്റെ നടത്തം വളരെ മന്ദഗതിയിൽ ആക്കി .
ഒടുവിൽ,കൃഷ്ണന് മുമ്പിൽ വിളക്കു വച്ച ശേഷവും വിളക്കിൽ തെളിമയോടെ കത്തിനിന്നിരുന്ന ആ ഒറ്റത്തിരിയെ റീജ ആശ്വാസത്തോടെ നോക്കി.
ബന്ധുക്കൾ പരസ്പരം പലതും പറയുന്നതിനിടയിൽ കുട്ടന്റെയമ്മ റീജയ്ക്ക് മാറാനുള്ള ഡ്രെസ്സും കുട്ടന്റെ മുറിയും കാണിച്ചുകൊടുത്തു.

ഒരു കോട്ടൻസാരിയും ചുറ്റി മുറിയിൽ നിന്നു പുറത്തേക്ക് വന്ന റീജയുടെ ചുറ്റും ചേച്ചിമാരും അനിയത്തിമാരും അമ്മായിമാരും വട്ടം കൂടി.

തിരക്കൊക്കെ ഒഴിഞ്ഞപ്പോഴേക്കും സന്ധ്യയായി. അമ്മ വിളക്കുവച്ച്  ഉമ്മറത്ത് കസേരയിൽ വന്നിരുന്നു. റീജയും ഒന്നും ചെയ്യാനില്ലാതെ അവിടെല്ലാം ചുറ്റിപ്പറ്റി നിന്നു.നാലുമണിക്ക് പലഹാരങ്ങൾ ഒരുപാട് കഴിച്ചിരുന്നത് കൊണ്ട് വിശപ്പൊന്നും തോന്നുന്നുണ്ടായിരുന്നില്ല.
കുട്ടൻ ഒരു ലുങ്കിയും ടീ ഷർട്ടും ധരിച്ച് പത്രപാരായണത്തിലായിരുന്നു .

അത്താഴം കഴിഞ്ഞു. കുട്ടന്റെ സഹോദരിമാരും കുടുംബവും പോകാനിറങ്ങി.
നിറയെ ആളുകൾ ഉണ്ടായിരുന്ന വീട്ടിൽ അച്ഛനും അമ്മയും റീജയും കുട്ടനും ബാക്കിയായി.

പിറ്റേന്ന്‌ റീജ എഴുന്നേറ്റു ചെന്നപ്പോഴേക്കും അമ്മ അടുക്കളയിൽ പണി ആരംഭിച്ചിരുന്നു.തേങ്ങ ചിരകിയും  സവാള അരിഞ്ഞും റീജ അമ്മയെ സഹായിച്ചു.
അലമാരയിൽ നിന്നും അമ്മ ഭംഗിയുള്ള സെറാമിക് പാത്രങ്ങൾ എടുത്ത് അതിൽ വിളമ്പുന്നത് കണ്ട് റീജയ്ക്ക് സന്തോഷമായി.

രണ്ടാഴ്ചത്തെ മധുവിധു കഴിഞ്ഞശേഷം റീജയും രാജീവും ജോലിക്കു പോയിത്തുടങ്ങി.കൊല്ലം പെട്ടെന്ന് നീങ്ങിയതും അമ്മു പിറന്നതുമെല്ലാം ഇന്നലെ കഴിഞ്ഞത് പോലെ.ഇന്നിപ്പോ അമ്മ ബാക്കി വച്ചു പോയ ആ വിടവിൽ ആരുമില്ലാതെ റീജയും കുട്ടനും ഏകാന്തരായി കഴിഞ്ഞു.  അമ്മുവും ഭർത്താവും അവരുടെ ജോലി സ്ഥലത്തും.

തന്റെ പഴയ ലാവണമായ എഴുത്ത്, റീജയെ തന്റെ ജീവിതം സംഭവബഹുലമാക്കാൻ ഏറേ സഹായിക്കുണ്ടായിരുന്നു.
കുട്ടന്റെയമ്മ പറഞ്ഞിട്ടുപോയ ആ വാചകം റീജ ആയിടെ ആണ് ഓർത്തത്.
ഇംഗ്ലീഷ് കവിതകൾ കുത്തിക്കുറിക്കുമ്പോൾ റീജ പലപ്പോഴും അമ്മയുടെ സഹായം തേടുമായിരുന്നു.ഇംഗ്ലീഷിൽ BA Bed ഉള്ള അമ്മയാകട്ടെ അനായാസം റീജയെ സഹായിച്ചു.
ഒടുവിൽ നാട്ടിലെ പ്രമുഖ പബ്ലിഷേഴ്സ് തന്നെ റീജയുടെ നോവലുകൾ പിന്നാലെ പിന്നാലെ പുറത്തിറക്കിയപ്പോൾ അതെല്ലാം ഒറ്റവീർപ്പിന് വായിച്ചതും സന്തോഷത്തോടെ ‘മോളെ നീ എന്റെ കഥയും എഴുതണം” എന്നു പറഞ്ഞതും കുട്ടന്റെയമ്മ ആയിരുന്നു.
അന്ന് വിളക്ക് കൊളുത്തി ഗൂഗിളിൽ ലളിതാസഹസ്രനാമവും വായിച്ച് ഇരിക്കുകയായിരുന്ന റീജയെ രാജീവ് ഉറക്കെ വിളിച്ചു.”അമ്മുവിന്റമ്മേ നമുക്കുടനെ മോളുടെ അടുത്തേക്ക് പോകണം.”
“എന്താ പെട്ടെന്ന് കുട്ടാ?”
രാജീവ് ഒരു കഷണം ചുവന്ന ജിലേബി റീജയുടെ വായിൽ തിരുകി.

Share This:

Comments

comments