നായക്കു നേരെ ഉതിർത്ത വെടിയേറ്റു യുവതി മരിച്ചു; പൊലീസ് ഓഫീസർക്കെതിരെ കേസെടുത്തു.

0
247

പി പി ചെറിയാൻ.

ആർലിങ്ടൻ (ടെക്സസ്) ∙ നായക്കു നേരെ ഉതിർത്ത വെടി അബദ്ധത്തിൽ കൊണ്ട് യുവതി മരിച്ച കേസിൽ പൊലീസ് ഓഫീസർക്കെതിരെ കൊലകുറ്റത്തിന് കേസെടുത്തു. പരിശോധനയ്ക്ക് എത്തിയ ആർലിങ്ടൻ പൊലീസ് ഓഫിസർ തന്റെ നേരെ വന്ന നായയെ ഉന്നം വച്ച വെടി ഉറങ്ങി കിടന്നിരുന്ന യുവതിയുടെ ദേഹത്തുകൊണ്ടാണു മരണം സംഭവിച്ചത്. കേസിൽ ഇന്ത്യൻ അമേരിക്കൻ വംശജനും, ആർലിങ്ടൻ പൊലീസ് ഓഫീസറുമായിരുന്ന രവിസിങ്ങിനെതിരെയാണു കൊലകുറ്റത്തിന് കേസെടുത്തത്.

കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. മുറ്റത്തെ പുൽതകിടിയിൽ ആരോ വീണു കിടക്കുന്നു എന്ന സന്ദേശം ലഭിച്ചതിനെ തുടർന്നാണ് രവിസിങ് പരിശോധിനയ്ക്കായി എത്തിയത്. ഇതേ സമയം അഴിച്ചുവിട്ടിരുന്ന നായ രവിസിങ്ങിനെതിരെ കുരച്ചുകൊണ്ട് ചാടിവീണു. നായക്കു നേരെ നിരവധി തവണ വെടിയുതിർക്കുന്നതിനിടയിൽ ആരുടേയോ നിലവിളി കേട്ടു. വെടിയേറ്റതു പുൽതകിടിയിൽ ഉറങ്ങികിടന്നിരുന്ന മേഗി ബ്രൂക്കറുടെ ദേഹത്തായിരുന്നു.
അവർ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. മൂന്നു കുട്ടികളുടെ മാതാവായിരുന്നു മേഗി. നായ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തിനുശേഷം രവിസിങ് ജോലി രാജിവച്ചു.

മരിച്ച മകൾക്കു നീതി കിട്ടുന്നതിനുള്ള ആദ്യ പടിയാണിതെന്നു മേഗിയുടെ പിതാവ് പറഞ്ഞു. സ്വയരക്ഷക്കു വെടിയുതിർക്കുന്നതിനുള്ള അവകാശം ഓഫീസർക്കുണ്ടെന്നും യുവതി കിടന്നിരുന്നത് പുറത്തായിരുന്നുവെന്നും രവിയുടെ അറ്റോർണി വ്യക്തമാക്കി.

Share This:

Comments

comments