എക്‌സിറ്റ് പോള്‍: ജോസഫ് ബൈഡൻ ലീഡ് നിലനിർത്തുന്നു.

0
120

ജോയിച്ചൻ പുതുക്കുളം.

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നാല് പ്രധാനപ്പെട്ട സംസ്ഥാനങ്ങളില്‍ നിന്ന് പുതിയ പോളുകളിലെ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ കാര്യമായ വ്യത്യാസങ്ങള്‍ ഒന്നും കാണുന്നില്ല. ദേശീയ തലത്തിലും ഈ സംസ്ഥാനങ്ങളിലും മുന്‍ വൈസ് പ്രസിഡന്റ് ജോസഫ് ബൈഡന്‍ തന്നെയാണ് എല്ലാ പോളുകളിലും മുന്നിട്ട് നില്‍ക്കുന്നത്.

 

ന്യൂ യോര്‍ക്ക് ടൈംസും സിയെന കോളജും ചേര്‍ന്ന് നടത്തിയ പോളുകളില്‍ മിനസോട്ട, വിസ്‌ക്കോണ്‍സിന്‍, ന്യൂ ഹാമ്പ്ഷയര്‍, നെവാഡ എന്നീ സംസ്ഥാനങ്ങളിലാണ് ജോസഫ് ബൈഡന്‍ മുന്നിട്ടു നില്‍ക്കുന്നതായി കാണുന്നത്. ഇടത്പക്ഷ തീവ്രവാദിയെന്നും കലാപകാരികളുടെ സഹായി എന്നുമൊക്കെയുള്ള ആരോപണങ്ങളുമായി ബൈഡനെതിരെ വ്യാപകമായ പ്രചരണം ട്രമ്പ് ക്യാമ്പ് അഴിച്ചുവിട്ടിട്ടുണ്ട്. അത് ഇതുവരെ ജനങ്ങളുടെ അഭിപ്രായത്തെ സ്വാധീനിക്കുന്നില്ല എന്നാണ് ഈ പോളുകള്‍ കാണിക്കുന്നത്.

 

സ്വിംഗ് സ്‌റ്റേറ്റുകള്‍ എന്നറിയപ്പെടുന്ന, തിരഞ്ഞെടുപ്പ് ഫലങ്ങള്‍ കൃത്യമായി പ്രവചിക്കാന്‍ കഴിയാത്ത കുറച്ച് സംസ്ഥാനങ്ങളാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ താരങ്ങള്‍. കാരണം രാഷ്ട്രീയ നിരീക്ഷകരുടെയും സ്ഥാനാര്‍ഥികളുടെയും ശ്രദ്ധ മുഴുവന്‍ ആ സംസ്ഥാനങ്ങലില്‍ ആണ്.

 

പോളിംഗ് അഗ്രിഗേറ്റര്‍ സൈറ്റ് ആയ റിയല്‍ ക്‌ളിയര്‍ പൊളിറ്റിക്‌സ് പ്രകാരം, ഫ്‌ളോറിഡ, പെന്‍സില്‍വേനിയ, മിഷിഗണ്‍, വിസ്‌ക്കോണ്‍സിന്‍, നോര്‍ത്ത് കാരളൈന, അരിസോണ എന്നീ താരതമേന്യ വലിയ സ്വിംഗ് സ്‌റ്റേറ്റുകളില്‍ ബൈഡന്‍ ആണ് മുന്നില്‍. ഫ്‌ളോറിഡയിലെയോ വിസ്‌ക്കോണ്‍സിലെയോ തോല്‍വി ഇലക്ടറല്‍ കോളജില്‍ ട്രമ്പിന്റെ വിജയം അസാധ്യമാക്കും. ഈ സൈറ്റിലെ തന്നെ കണക്കുപ്രകാരം ദേശീയതലത്തില്‍ ബൈഡന്‍ ട്രമ്പിനേക്കാള്‍ 7.5% മുന്നിലാണ്.

Share This:

Comments

comments