യാത്ര.(കവിത)

0
90

രാജു കാഞ്ഞിരങ്ങാട്.

നാം മാറിക്കൊണ്ടേയിരിക്കുന്നു
ഇപ്പോൾ കണ്ട പുഴയല്ല കുറച്ചു കഴിയുമ്പോൾ
കാണുന്നത് എന്നപോലെ
തിരിഞ്ഞു നോക്കാതെയുള്ള നമ്മുടെ
ഓരോ കയറ്റവും
തിരിച്ചിറങ്ങാനുള്ളതാണ്
കഴിഞ്ഞ കാലം കുറിഞ്ഞി പൂച്ചയെപ്പോലെ
കണങ്കാലിൽ ഉരുമിക്കൊണ്ടേയിരിക്കുന്നുണ്ട്
നാം തട്ടിമാറ്റിക്കൊണ്ടും
വീഴ്ച്ചയിലൂടെയാണ് നാം വാഴ്ച തുടങ്ങിയത്
വാഴ്ച്ചയ്ക്കിടേയിനി നാം വീഴും
വഴക്കം മറക്കും വേച്ചു പോകും
തലോടി തണുപ്പിച്ച ഇളം തെന്നൽ വഴി മറക്കും
ദുഃഖത്തിൻ്റെ നായ ആഹ്ലാദത്തിൻ്റെ പൂച്ചയെ
ആട്ടിയോടിക്കും
നമ്മേ രക്ഷിച്ചവരേയും നാം ശിക്ഷിച്ചവരേയും
ആദ്യമായോർക്കും
സ്വർഗമെന്ന നുണ പക്ഷി പാറിപ്പോക്കും
നരകമെന്ന വ്യാളിപ്പുറത്തെന്നറിയും
അന്നുവരെ സമയമില്ലെന്ന് ചൊന്ന നമ്മോട്
ഇനി സമയമില്ലെന്ന് കാലം പറയും
മണ്ണിലേക്കു പിറന്നു വീണനാം
മണ്ണിലേക്കു തന്നെ യാത്രയാകും

Share This:

Comments

comments