സിയാറ്റിലില്‍ വംശവെറിക്കെതിരെ പ്രതിഷേധം: ഏറ്റുമുട്ടലില്‍ 21 പൊലീസുകാര്‍ക്ക് പരിക്ക്.

0
344

ജോയിച്ചൻ പുതുക്കുളം.

സിയാറ്റില്‍: അമേരിക്കയില്‍ ക്യാപിറ്റോള്‍ ഹില്ലില്‍ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ കാംപയിന്‍െറ ഭാഗമായി നടന്ന പ്രതിഷേധം അക്രമാസക്തമായി. ആഴ്ചകള്‍ക്ക് ശേഷം ശനിയാഴ്ച സിയാറ്റിലില്‍ നടന്ന പരിപാടിയില്‍ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടിയപ്പോള്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റു.

 

നിര്‍മാണം പുരോഗമിക്കുന്ന കിങ് കൗണ്ടി ജുവനൈല്‍ കേന്ദ്രത്തിനും കോര്‍ട്ട്ഹൗസിനും പ്രതിഷേധക്കാര്‍ തീയിട്ടതോടെയാണ് പൊലീസിന് ബലം പ്രയോഗിക്കേണ്ടി വന്നതെന്ന് ഓഫിസര്‍മാര്‍ അറിയിച്ചു.

 

ശനിയാഴ്ച നടന്ന സംഭവത്തില്‍ 45 പേരെ അറസ്റ്റ് ചെയ്തതായി സിയാറ്റില്‍ പൊലീസ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
“ഇഷ്ടിക, കല്ല്, സ്‌ഫോടക വസ്തുക്കള്‍ എന്നിവ കൊണ്ടുള്ള ആക്രമണത്തില്‍ 21 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. അധികം പേരും ജോലിയില്‍ തിരിച്ചെത്തും. ആക്രമണത്തില്‍ കാല്‍മുട്ടിന് പരിക്കേറ്റ പൊലീസുകാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്’- പൊലീസ് അറിയിച്ചു.

പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തള്ളിമറിച്ചിട്ട പ്രതിഷേധക്കാര്‍ സ്വയം നിര്‍മിച്ച സുരക്ഷ കവചങ്ങളും കുടകളും മറ്റും ഉപയോഗിച്ചാണ് പൊലീസിനെതിരെ എതിര്‍ത്തുനിന്നത്. ഒറിഗോണിലെ പോര്‍ട്‌ലാന്‍റില്‍ കഴിഞ്ഞ രണ്ടുമാസമായി പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷവസ്ഥ നിലനില്‍ക്കുന്നുണ്ട്.

 

വെള്ളക്കാരനായ പൊലീസുകാരന്‍െറ വര്‍ണവെറിക്കിരയായി ജോര്‍ജ് ഫ്‌ലോയ്ഡ് കൊല്ലപ്പെട്ടതിന് പിന്നാലെ ഉടലെടുത്ത പ്രക്ഷോഭങ്ങളുടെ തീവ്രത കഴിഞ്ഞ കുറച്ച് ആഴ്ചയായി കുറഞ്ഞു വരികയായിരുന്നു.

 

നഗരത്തില്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിക്കുമെന്ന് വ്യാഴാഴ്ച പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം പോര്‍ട്‌ലാന്‍റില്‍ പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ പൊലീസ് ബലം പ്രയോഗിക്കുന്നതും ക്യാപിറ്റോള്‍ ഹില്ലിലെ പ്രക്ഷോഭം ശക്തമാകാന്‍ കാരണമായി.

Share This:

Comments

comments