വരച്ചു വെച്ച വാക്ക്.(കവിത)

0
186

രാജു കാഞ്ഞിരങ്ങാട്.

തുടംതല്ലി വീഴുന്നു മഴ

ചരടുപൊട്ടിയ ഒരുകൂത്തുപാവയാണു ഞാൻ.
വേരുകളറ്റ ഒരുദ്വീപ്
ദിക്കുകളില്ലാത്ത ആകാശം

ഇരുട്ടിൻ്റെ പടർപ്പുകൾക്കിടയിൽ
ഈവരാന്തയിൽ
ജഡസമയങ്ങൾക്കിടയിലൂടെ
മഞ്ഞച്ച ഓർമ്മകൾക്കിടയിലൂടെ നടക്കുന്നു

പുറപ്പാടുകളുടേയും എത്തിച്ചേരലുകളുടേയും
ഉത്സവ ദൃശ്യങ്ങളില്ല
സങ്കടം ചിലപ്പോൾ കലിയും, പകയുമാകുന്നു
മുളച്ചുവന്ന രണ്ടുവേരുകളാകുന്നു കാലുകൾ
കാലം അവരവർക്കായി ഓരോയിടങ്ങൾ
ഒരുക്കി വെച്ചിട്ടുണ്ടാകാം

ഏടുകളിൽ കാറ്റുപിടിച്ചതുപോലെ
ഓർമ്മകൾ മറഞ്ഞുപോകുന്നു
വേരുപറിക്കുന്ന വേദനയിലും
നിസ്സംഗതയുടെ ചെന്നിനായകം കുടിക്കുന്നു

ചരിച്ചുപണിഞ്ഞഗോപുരമാണ് ജീവിതം
ലോപിച്ചുപോയ ഒരു വാക്ക്
ജീവിച്ചു തീർക്കുവാൻ വേണ്ടിമാത്രം
വരച്ചുവെച്ച വാക്കാകുമോ ജീവിതം

Share This:

Comments

comments