ഒരു വിലാസം കണ്ടു പിടിക്കാൻ നന്നേ പാടുപെട്ടു ജയനും കൂട്ടരും. മൽസരാർത്ഥികളുടെ ഫോൺ നമ്പർ കൂടി മേടിച്ചു വയ്ക്കേണ്ടതായിരുന്നു എന്ന് അവർക്ക് അപ്പോൾ തോന്നി. സമ്മാനം നേരിട്ട് കൊടുക്കാൻ ഇറങ്ങിയതാണവർ.
വീട്ടിൽ എത്തിയപ്പോൾ മുറ്റമൊക്കെ അലങ്കോലം. അടിച്ചു വൃത്തിയാക്കിയിട്ട് ദിവസങ്ങൾ ആയത് പോലെ. അവിടവിടെ കോഴിക്കാഷ്ഠങ്ങൾ. ഒരു ചിത്രകാരിയുടെ വീടാണ് ഇത് എന്ന് വിശ്വസിക്കാൻ ജയന് ബുദ്ധിമുട്ട് തോന്നി.
വാതിലിൽ മുട്ടിയപ്പോൾ കുറച്ച് പ്രായമായ ഒരു സ്ത്രീയാണ് തുറന്നത്. നാലഞ്ച് അപരിചിതരെ കണ്ട് അവർ ഭയത്തിന്റെയും സംശയത്തിന്റെയും ഇടയിലുള്ള പാലത്തിൽ ആടിക്കൊണ്ടിരുന്നു.
“ആരാണ്? എന്താ വേണ്ടത്?”
“കസ്തൂരിയുടെ വീടല്ലേ ഇത്?”
ജയനാണ് ചോദിച്ചത്.
“അതെ.”
“ഞങ്ങൾ എറണാകുളത്തു നിന്നാണ്. ഒരു കലാസംഘടനയിൽ നിന്ന്. ഞങ്ങൾ നടത്തിയ ചിത്രരചനാമത്സരത്തിൽ കസ്തൂരിയ്ക്കാണ് ഒന്നാം സ്ഥാനം. സമ്മാനം നേരിട്ട് കൊടുക്കാനാണ് വന്നത്.”
“അവള് വര തുടങ്ങി കാലം കുറെയായി. എന്തൊക്കെയോ വരയ്ക്കും. എന്നെ കാണിക്കും. പക്ഷെ എനിക്ക് ഒന്നും മനസ്സിലാവില്ല.”
“നിങ്ങളുടെ മോളാണോ?”
“മോളെപ്പോലെ. മോളുടെ മോൾ. അവൾക്ക് അച്ഛനും അമ്മയും ഇല്ല. ചെറുപ്പത്തിലേ മരിച്ചുപോയി, ഒരപകടത്തിൽ. കുഞ്ഞിലേ മുതൽ ഞാനാണ് നോക്കുന്നത്.”
“മോൾക്ക് നല്ല കലാവാസനയുണ്ട്. ആ കൈകൾ കൊണ്ട് ഇനിയും ഒരുപാട് വരച്ച് ഉയരത്തിലെത്തട്ടെ!”
“കൈകളോ? അവൾക്ക് കൈകളില്ല. കാലുകൊണ്ടാണ് വരക്കുന്നേ.”
അമ്മുമ്മ തൊണ്ടയിടറിയാണ് പറഞ്ഞത്.
അവിടെ പ്രവേശിച്ച ഭാരമേറിയൊരു മൗനം തകർത്തത് കസ്തൂരിയാണ്.
“അമ്മുമ്മേ, ആരാ അവിടെ?”
മുൻവശത്തേക്ക് വന്ന കസ്തൂരിയെ എല്ലാവരും അഭിനന്ദിച്ചു. അന്തംവിട്ട് നിൽക്കുന്ന കസ്തൂരിയെ ജയൻ കാര്യങ്ങളൊക്കെ ധരിപ്പിച്ചു. സമ്മാനം കസ്തൂരിയ്ക്ക് നൽകി ജയനും കൂട്ടരും മടങ്ങി.
അന്ന് വൈകുന്നേരവും ജയന് ഞെട്ടൽ മാറിയിരുന്നില്ല. രാവിലത്തെ ചടങ്ങിന്റെ ഫോട്ടോ നോക്കുകയായിരുന്നു അയാൾ. കസ്തൂരിയുടെ നിറഞ്ഞ ചിരിയും ജയന്റെ മ്ലാനമായ മുഖവും. മുൻവിധിയുളള ഒരു മനുഷ്യന്റെ, അനേകായിരം മനുഷ്യരുടെ പ്രതിനിധി!