ചിതലരിക്കാത്ത പുസ്തകത്താളുകള്‍.(കവിത)

0
146
dir="auto">ടി.എന്‍.ഹരി.(Street Light fb Group)
ഒരിക്കലും
വായിച്ചുതീരാത്ത
പുസ്തകങ്ങളാണ് നമ്മള്‍!
പ്രാരാബ്ദംനിറഞ്ഞ
ജീവിതത്തിന്റെ ഏടുകള്‍ക്കിടയില്‍
ചിതലുകള്‍ അവരുടെ കര്‍ത്തവ്യം
നിര്‍വ്വഹിച്ചുകൊണ്ടേയിരിക്കുന്നു.
വിടുവായത്തമാകാത്ത
ഓരോ അധ്യായങ്ങളും
വര്‍ത്തമാനം പറയുമ്പോള്‍
ചിതറിത്തെറിച്ച അക്ഷരങ്ങളെല്ലാം
മൗനവൃതം വെടിയാന്‍
കൊതിക്കുന്നപോലെ!
വായനയ്ക്കായ് തുറന്നിട്ട
ജാലകപ്പഴുതിലൂടെ കടന്നെത്തുന്ന
പാഴ്മുളംതണ്ടിന്റെ കാവ്യാത്മകത
കാതോര്‍ത്തിരിക്കെ
കാറ്റുപിടിച്ച വാതില്‍പ്പാളിയുടെ
കിറുകിറുശബ്ദം
എന്തിനാണെന്നെയിങ്ങിനെ
അലോസരപ്പെടുത്തുതെന്നറിയുന്നില്ല.
ഇറ്റിറ്റുവീഴുന്ന നിലാവൊളിയില്‍
വയലാറും,അയ്യപ്പനും
മാധവിക്കുട്ടിയുമൊക്കെ
മന്ത്രിക്കുന്നത് കേള്‍ക്കുമ്പോള്‍
പ്രാണനിലൊരു ലഹരിയുടെ
നിലാപ്പക്ഷി തൂവല്‍കുടഞ്ഞിടത്ത്
നീര്‍മ്മാതളം പൂത്തകാലം
ഓര്‍മ്മമാത്രമാക്കിയ ജീവിതത്തെ
ശപിക്കാനാവുന്നുമില്ല.
വിപ്ലവം മരിക്കാത്ത
ഓര്‍മ്മകള്‍
മുഷ്ടിചുരുട്ടുന്നുണ്ടുള്ളില്‍
എത്രയുംവേഗമൊന്ന്
വയലാറിനെയെങ്കിലും
വായിച്ചെടുക്കണം.
അഴിയാബന്ധനങ്ങളുടെ
ഈലോകത്ത്
ഒഴിയാബാധകണക്കെ
വേട്ടയാടുന്ന
അജ്ഞതനിറഞ്ഞ
അസമത്വങ്ങള്‍ക്കെതിരെ
പോരാട്ടം നയിക്കാന്‍
നമുക്കറിവുവേണം.
അതിനായിനി നമുക്ക്
വായനയുടെ
അഗ്നിവൃത്തത്തിനുള്ളില്‍
തപസ്സനുഷ്ടിക്കാം
വരുംതലമുറകള്‍ക്ക്
വിപ്ലവം പകര്‍ന്നിടുന്ന
പുസ്തകങ്ങളായിക്കൊണ്ട് .

Share This:

Comments

comments