ഗതി.(കഥ)

0
814
dir="auto">ജിസ പ്രമോദ്.(Street Light fb Group)
നിരനിരയായി കാണപ്പെടുന്ന കോൺക്രീറ്റ് കെട്ടിടങ്ങളുടെ മേലാപ്പുകൾ, ഇടയ്ക്ക് കണ്ണിനൊരു കുളിർമ ഏകാനെന്ന വണ്ണം തലയുയർത്തി നിൽക്കുന്ന ഏതൊക്കെയോ വൃക്ഷങ്ങളുടെ തലപ്പുകൾ. അയാൾ മേലേക്ക് നോക്കി. വിശാലമായ നീലാകാശത്തിപ്പോൾ അവിടെവിടെയായി കാർമേഘങ്ങൾ ഉരുണ്ടു കൂടി തുടങ്ങിയിരിക്കുന്നു. പെട്ടെന്ന് തന്നെ അവ ആകാശമാകെ നിറയുമെന്നു അയാൾ ഊഹിച്ചു.
സമയമെത്രയായി കാണും. അയാൾ വാച്ചിൽ നോക്കി. മൂന്നര.
ഇവിടെ വന്നിട്ടിപ്പോൾ ഏഴാമത്തെ ദിവസം. പുറംലോകവുമായി ആകെയുള്ള ബന്ധം ഈ ജനവാതിലൂടെ കാണുന്ന കാഴ്ച മാത്രം. പിന്നെ നാലു നേരം ഭക്ഷണമെത്തിക്കുന്ന ആരോഗ്യപ്രവർത്തകരിൽ ആരെങ്കിലും.
ഇന്ന് ഏതു ദിവസമാണ് ബുധനോ വ്യാഴമോ, ദിവസങ്ങൾ പോലും തിട്ടമില്ലാതായിരിക്കുന്നു. പതിനാലു ദിവസങ്ങൾ ഈ മുറിക്കുളിൽ കഴിച്ചുംകൂട്ടണം, അതിനു ശേഷം കോവിഡ് ടെസ്റ്റ്‌ നടത്തി, ഫലം നെഗറ്റീവ് ആണെന്ന് കണ്ടാൽ പുറത്തിറങ്ങാം.
ആദ്യമായി  തോൽക്കാൻ ആഗ്രഹിക്കുന്ന ഒരു പരീക്ഷണം. അയാൾക്ക് ജീവിതത്തിന്റെ ഗതിവിഗതികൾ മാറി മറിയുന്നത് കണ്ട് അത്ഭുതം തോന്നി.
മഴ തുടങ്ങി കഴിഞ്ഞു. അയാൾ വീണ്ടും ജനാലയിലൂടെ പുറത്തേക്ക് നോക്കി. കെട്ടിടങ്ങളുടെ മേലാപ്പുകളിൽ മഴത്തുള്ളികൾ പതുക്കെ വീണു, പൊടുന്നനെ ശക്തി പ്രാപിച്ചു.
അയാൾ വീടിനെകുറിച്ചോർത്തു. വീട്ടിലായിരുന്നെങ്കിൽ ഉമ്മറത്തു അച്ഛനിരിക്കാറുള്ള ചാരുകസേരയുടെ അരികിൽ ഇളംതിണ്ണയിൽ മഴയും നോക്കി ഇരിക്കാമായിരുന്നു. അമ്മ തരുന്ന ചൂടുകട്ടനും അരിവറുത്തതും കഴിച്ചു, മഴയും നോക്കി അങ്ങനെ.
അയാൾക്കിപ്പോൾ മഴയുടെ ഇരുട്ടും തണുപ്പും ഉള്ളിൽ എന്തെന്നില്ലാത്ത ഭയം നിറച്ചു.
അയാൾ മനസ്സിലോർത്തു. വല്ലാത്തൊരു മഴ തന്നെ ഒന്ന് മാറിയിരുന്നെങ്കിൽ, ആകാശം ഒന്ന് തെളിഞ്ഞിരുന്നെങ്കിൽ.
വീട്ടിലായിരുന്നെങ്കിൽ ഇങ്ങനെ മഴ പെയ്യുന്ന ചില നേരങ്ങളിൽ അയാൾ പേനയും ഡയറിയുമെടുത്ത് മുകൾനിലയിൽ ബാൽക്കണിയിൽ ഒറ്റയ്ക്കിരുന്ന് എന്തെങ്കിലുമൊക്കെ കുത്തികുറിക്കുമായിരുന്നു.
ഇന്ന് ഈ സമയം ഈ ഏകാന്തത അയാൾക്ക് അസഹ്യമായി തോന്നി.മൊബൈൽ എടുക്കാം എന്ന് വച്ചാൽ അതിൽ വരുന്ന കോവിഡ് വാർത്തകൾ അയാളെ കൂടുതൽ തളർത്തുകയുമാണ്. ദിനംപ്രതി രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. കേരള സർക്കാർ കഠിനപരിശ്രമം ചെയ്യുന്നുവെങ്കിലും സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടെന്ന് പറയപ്പെടുന്നു.
അയാൾക്ക് വല്ലാത്ത ഭയം തോന്നി. പതിനാലു ദിവസത്തിനുശേഷം ടെസ്റ്റ്‌ റിസൾട്ട്‌ പോസിറ്റീവ് ആയാൽ? അയാൾക്കത് ചിന്തിക്കാൻ കൂടി വയ്യായിരുന്നു. അസഹ്യതയോടെ അയാൾ തലകുടഞ്ഞു. വീണ്ടും പുറത്തേക്ക് നോക്കി. മഴയുടെ ശക്തി കൂടുകയാണ്.
വീണ്ടും അയാളുടെ ചിന്തകൾ പേമാരിപ്പോലെ പെയ്തു. പോസിറ്റീവ് ആയാൽ, അങ്ങനെ ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം കോവിഡ് ക്രമാതീതമായി പെരുകിയ ഉത്തരേന്ത്യയിൽ  നിന്നാണ് വരവ്, എൺപതു ശതമാനം പോസിറ്റീവ് ആകാൻ സാധ്യത ഉണ്ട്. ഓർത്തപ്പോൾ അയാൾക്ക് തല പെരുക്കുന്നത്പോലെ തോന്നി.
ശക്തിയായി വീശിയ ഒരു കാറ്റിൽ മഴത്തുള്ളികൾ അയാളുടെ മുഖത്തേയ്ക്ക് മുള്ളുകൾ പോലെ തറച്ചു.
തോർത്തെടുത്തു മുഖം തുടക്കുന്നതിനിടയിൽ അയാളുടെ ചിന്തകൾ അവളിലേക്ക് പോയി . ഇതുപോലെയൊരു പെരുമഴയത്താണ് അവൾ ആദ്യമായി തന്റെ ബൈക്കിൽ കയറിയത്. നേരം വൈകിയ ആ വേളയിൽ കോളേജിൽ നിന്ന് വീട്ടിലേക്കെത്താൻ  അവൾക് വേറെ മാർഗം ഒന്നുമില്ലായിരുന്നു. അന്ന് തന്റെ മുഖത്തുപതിച്ചയാ മഴത്തുള്ളികൾക്ക് എന്ത് മൃദുത്വമായിരുന്നു, എന്തൊരു കുളിരായിരുന്നു.
അയാൾ മൊബൈലെടുത്തു അവളുടെ മെസ്സേജ് നോക്കി. ഇല്ല ഒന്നുമില്ല. ഇന്നിപ്പോൾ പത്തു ദിവസമായിരിക്കുന്നു അവളുടെ മെസ്സേജ് വന്നിട്ട്.
ഒരു വർഷം മുൻപ് ജോലി കിട്ടി താൻ ഉത്തരേന്ത്യയിലേക്ക് പോന്ന നാൾ മുതൽ മുടങ്ങാതിരുന്ന അവളുടെ ഫോൺകാളും മെസ്സേജും. അയാൾ ഓർത്തു അവസാന ഫോൺകാളിൽ അവൾ പറഞ്ഞത്.
“അവിടമാകെ പടർന്നു പിടിച്ചിരിക്കുകയാണല്ലേ, സൂക്ഷിക്കണം. “
പേടിക്കണ്ട എന്ന തന്റെ മറുപടിക്ക് അവൾ പറഞ്ഞത് മറ്റൊന്നായിരുന്നു.
“ഒരു ആലോചന വന്നിട്ടുണ്ട്, ഇനി പിടിച്ചുനിൽക്കാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. ” എന്നാണ്.
താനെന്തെങ്കിലും മറുപടി പറയും മുൻപ് അച്ഛൻ വരുന്നു എന്ന് പറഞ്ഞവൾ ഫോൺ കട്ടാക്കി. പിന്നെ ഇതേവരെ അങ്ങോട്ട് വിളിക്കുമ്പോൾ സ്വിച്ഡ് ഓഫ്‌ എന്ന മറുപടി മാത്രം. വട്സാപ്പും ലാസ്റ്റ് സീൻ തന്നെ അവസാനമായി വിളിച്ച ഡേറ്റ്.
അയാൾ നിരാശ്ശയോടെ പുറത്തേക്ക് നോക്കി. മഴ അൽപ്പം കുറഞ്ഞിട്ടുണ്ട്. അയാൾ ഫോണെടുത്തു അമ്മയെ വിളിച്ചു. അമ്മയോട് സംസാരിക്കുമ്പോൾ എന്തെന്നില്ലാത്ത ആശ്വാസമാണ്. അൽപ്പം തെളിഞ്ഞ മനസ്സോടെ ഫോൺ കട്ട്‌ ചെയ്തു അയാൾ വെറുതെ എഫ് ബി ഓപ്പൺ ചെയ്തു.
ആദ്യത്തെ ന്യൂസ്‌ ഫീഡ്
ശരണ്യ ഗോട്ട് എൻഗേജ്ഡ് വിത്ത്‌ അരുൺ
അയാൾ നിർവികാരതയോടെ എഫ് ബി എക്സിറ്റ് ചെയ്തു ഫോൺ ടേബിളിൽ വച്ചു, വീണ്ടും ജനാലയ്ക്കരികിലെത്തി.
മഴ  വീണ്ടും ശക്തി പ്രാപിച്ചിരുന്നു.

Share This:

Comments

comments