കൂട്ടുകാരിപ്പൂച്ച.(കവിത.)
കുറേനാൾ പറഞ്ഞു പറഞ്ഞ്,
അവസാനം വീട്ടിലേക്കു വന്ന കൂട്ടുകാരി നേരെ അടുക്കളയിലേക്കു കയറിപ്പോകുന്നതു കണ്ട്
അവൻ അമ്പരന്നു, വീട്ടുകാരും.
‘കഴിഞ്ഞ ജന്മത്തിൽ ഞാൻ ഒരു പൂച്ചയായിരുന്നപ്പോൾ
എന്നുമിവിടെ വന്നു
മീൻ കട്ടു തിന്നുമായിരുന്നു.’
അവൾ നിസ്സാരമായി പറഞ്ഞു.
തട്ടിൻപുറത്തൊക്കെ വലിഞ്ഞുകയറി മണത്തു നടന്ന്, കുറേസമയം കഴിഞ്ഞാണവളന്നു തിരിച്ചു പോയത്.
പറഞ്ഞു വന്നതതല്ല,
പിന്നീടൊരിക്കലും എലിശല്യം ഉണ്ടായിട്ടേയില്ല
ആ പുരാതന ഗൃഹത്തിൽ.