പ്രണയത്തിന്റെ നിലയില്ലാക്കയങ്ങൾ.(കഥ)

0
1954
dir="auto">സരിത സുഗുണൻ.
        
‘എനിക്ക് നിന്നോടുള്ള അടങ്ങാത്ത പ്രണയം കൊണ്ടാണോ നിന്റെ ഉമ്മകൾക്കിത്ര ലഹരി? അതോ നിന്റെ ഉമ്മകളുടെ ലഹരി കൊണ്ടോ, എനിക്ക് നിന്നോടൊരിക്കലുമടങ്ങാത്ത പ്രണയം? 
ഈ കൊറോണക്കാലത്ത്, നിന്നെക്കാണാൻ ഞാനോടി വന്നാൽ, ഒരു കൈയ്യകലത്തിൽ മാറ്റി നിർത്തുമോ, അതോ ഉമ്മകൾ കൊണ്ടെന്നെ മൂടുമോ?’
 
അവന് വാട്സാപ്പിൽ സന്ദേശമയച്ച്, മറുപടി സന്ദേശമൊന്നും അവനിൽ നിന്നുണ്ടാവില്ലെന്നറിഞ്ഞിട്ടും, അവൾ കാത്തിരുന്നു. അവന്റെ സ്റ്റാറ്റസ് ഓൺലൈൻ ആവുകയും, സന്ദേശത്തിനൊടുവിലെ രണ്ട് ശരികൾ നീല നിറമാവുകയും ചെയ്തു. ഓൺലൈനിൽ നിന്ന് മാറി ലാസ്റ്റ് സീൻ എന്നായ നിമിഷം, അവൾ അവനെ വിളിച്ചു. 
 
അപ്പുറത്ത് നിന്നൊരു ഹലോ പോലും കേൾക്കുന്നതിന് മുൻപ് തന്നെ അവൾ കലഹിച്ച് തുടങ്ങി. “ഒരു മറുപടി എഴുതിയാൽ ഊരിപ്പോകാൻ നിന്റെ കയ്യിൽ വളയൊന്നുമില്ലല്ലോ! നേരെ ചൊവ്വേ പ്രേമിക്കാൻ പോലുമറിയാത്ത ഒരുത്തനെയാണല്ലോ ഞാൻ കണ്ടുപിടിച്ചത്. ലോകത്ത് വേറെ ആണുങ്ങളില്ലാത്ത പോലെ!”
 
പതിവ് പൊട്ടിച്ചിരി അങ്ങേത്തലക്കൽ കേട്ടു. 
 
“നിന്ന് ചിരിക്കാതെ മറുപടി പറയെടോ.”
 
ചിരി നിർത്താതെ അവൻ പറഞ്ഞു, “അതിപ്പോ നമ്മുടെ മുഖ്യനും, ആരോഗ്യ മന്ത്രിയും, എന്തിന് മമ്മൂട്ടി പോലും സാമൂഹിക അകലം പാലിക്കാൻ പറയുമ്പോൾ ഞാൻ മാത്രം അത് തെറ്റിക്കുന്നത് ശരിയാണോ? നീ തന്നെ പറയ്!”
 
പ്രതീക്ഷിച്ച മറുപടിയായിട്ടും അവൾക്ക് സങ്കടം വന്നു. “ഓ പിന്നേ… ഞാനൊന്ന് മുന്നിൽ വന്ന് നിന്നാൽ കാണാം സാമൂഹിക അകലമൊക്കെ…”
 
“ഞാൻ നല്ല മനോനിയന്ത്രണമുള്ള കൂട്ടത്തിലാണെന്ന് നിനക്കറിഞ്ഞു കൂടേ?”,  വീണ്ടുമവന്റെ ചിരി. 
 
ആ ചിരിയവളെ വല്ലാത്തൊരു വിഷാദത്തിലേക്ക് കൂപ്പുകുത്തിച്ചു. എന്നാലടുത്ത നിമിഷത്തിൽ, വിഷാദം കോപത്തിന് വഴി മാറി. “അല്ലെങ്കിലും ഇതൊരു one way traffic ആണല്ലോ. എനിക്ക് വേണമെങ്കിൽ ഞാൻ വിളിക്കണം, തിരിച്ചൊരു വിളിയില്ല. ഒരു മെസ്സേജ് അയച്ചാൽ അതിനൊരു മറുപടി ഇല്ല.”
 
“ഇപ്പോഴിങ്ങനെയൊക്കെപ്പറയാൻ…”,  അവനെ മുഴുമിപ്പിക്കാൻ അവൾ സമ്മതിച്ചില്ല. താൻ മാത്രമാണ് ഈ ബന്ധം തുടർന്ന് പോകാൻ ആഗ്രഹിക്കുന്നതെന്ന്, പലവുരു പറഞ്ഞ കാര്യങ്ങൾ തന്നെ വീണ്ടും പറഞ്ഞവൾ സമർത്ഥിച്ചുകൊണ്ടിരുന്നു. 
 
“ഇങ്ങനെയാണെങ്കിൽ ഈ ബന്ധം തുടരാൻ എനിക്കൊട്ടും താല്പര്യമില്ല.”
 
“ഇതിങ്ങനെ തുടരാതിരിക്കുന്നത് തന്നെ നല്ലത്”,  അവനും ദേഷ്യത്തിലാണ്. 
 
“ശരി. ഇനി ഞാനായിട്ട് വിളിക്കുകയോ, മെസ്സേജ് അയയ്ക്കുകയോ ഇല്ല. എന്നെക്കൊണ്ടുള്ള ശല്യം ഇതോടെ തീർന്നു.”
 
കാൾ കട്ട്‌ ചെയ്ത നിമിഷത്തിൽത്തന്നെ അവന്റെ ഫോൺ നമ്പർ ഡിലീറ്റ് ചെയ്തു. ഏതുറക്കത്തിൽ വിളിച്ച് ചോദിച്ചാലും കാണാതെ അറിയുന്ന ആ നമ്പർ, എന്തിന് ഡിലീറ്റ് ചെയ്തു എന്ന് ചോദിച്ചാൽ, പ്രതീകാത്മകമായ ഒരു പ്രതിഷേധമെന്നോ മറ്റോ പറയേണ്ടി വരും. 
 
ഇപ്പോൾ കുറെയായി ഇങ്ങനെയാണ്. സംസാരിച്ചു തുടങ്ങിയാൽ ഒരു വഴക്കിൽ തീരാതിരിക്കണമെങ്കിൽ, ചെന്നിത്തലയുടെ വിവരക്കേടോ, ആഗോള താപനമോ, പരിസ്ഥിതി സംരക്ഷണമോ പോലെയുള്ള വിഷയങ്ങളെക്കുറിച്ച് സംസാരിക്കേണ്ട അവസ്ഥയാണ്. 
 
 സാഹചര്യങ്ങൾക്കനുസരിച്ച് പ്രായോഗിക ബുദ്ധിയോടെ പെരുമാറുന്നവളാണ്. അവന്റെ കാര്യത്തിൽ തന്റെ പ്രയോഗികതയെവിടെയെന്നവൾ അത്ഭുതപ്പെട്ടു. 
‘ചുമ്മാതല്ല സായിപ്പ് Falling in love എന്ന് പറയുന്നത്. അവന്റെ പ്രേമത്തിൽ മൂക്കുകുത്തി വീണു കിടക്കുമ്പോൾ എവിടുന്ന് വരാനാണ് പ്രായോഗിക ബുദ്ധി’, അവൾ തന്നോട് തന്നെ പറഞ്ഞു. 
 
സാധാരണ പിണങ്ങിയാൽ, കുറച്ച് കഴിഞ്ഞ് അവൾ തന്നെ അവനെ വിളിക്കും. താൻ പ്രണയിക്കുന്നത് തനിക്ക് വേണ്ടിയല്ലേ, അവന് വേണ്ടിയല്ലല്ലോ എന്നാണ് അവൾ സ്വയം ബോധിപ്പിക്കുന്ന ന്യായം. എന്നാൽ ഇത്തവണ എന്ത് തന്നെയായാലും അങ്ങോട്ട് വിളിക്കുന്ന പ്രശ്നമില്ല. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നവളുറപ്പിച്ചു. 
                         **********************
അവന്റെ ചുണ്ടുകൾ അവളുടെ നെറുകയിൽ അമർന്നു. അവന്റെ സ്നേഹവും കരുതലും എല്ലാം ആ ഒരുമ്മയിലുണ്ടെന്ന്, അവനോട് ചേർന്ന് നിൽക്കുമ്പോൾ അവൾക്ക് തോന്നി. വേറെയൊന്നിനും നൽകാൻ കഴിയാത്ത സുരക്ഷിതത്വം ഒരുമ്മയ്ക്കെങ്ങനെ തരാൻ കഴിയുന്നുവെന്ന് അവൾ ആലോചിച്ചു. എത്ര നേരം അവനോട് ചേർന്നങ്ങനെ നിന്നെന്നറിയില്ല. അങ്ങനെ നിന്നലിഞ്ഞില്ലാതായാൽ മതിയെന്ന് പോലും അവൾക്ക് തോന്നി. മനസ്സില്ലാമനസ്സോടെ കണ്ണ് തുറന്നവളവനെ നോക്കി. 
 
ഇത്രയും നേരം കൂടെയുണ്ടായിരുന്ന അവനിതെവിടെപ്പോയി?  ഒരുനിമിഷത്തേക്കൊന്ന് പകച്ചെങ്കിലും, മനസ്സ് നിറഞ്ഞൊരു ചിരിയോടെ ഫോണെടുത്ത്, അവന്റെ നമ്പർ കുത്തി. എന്തേയെന്ന അവന്റെ ചോദ്യത്തിന് കുന്തമെന്നുത്തരം നൽകി. അവന്റെ ചിരി അങ്ങേത്തലക്കൽ മുഴങ്ങുമ്പോൾ, അവളുടെ മനസ്സീ വരികൾ മൂളുകയായിരുന്നു; ‘അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും…’
 

Share This:

Comments

comments