ആഹ് ഛീ…!!(ഹാസ്യകഥ)

0
1115
dir="auto">രതീഷ്‌ ചാമക്കാലായില്‍.(Street Light fb Group)
ഗോപാലൻതമ്പുരാൻ ഉമിക്കരികൊണ്ട്
പല്ല് തേച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ്
മൂക്കിലൊരു കിരുകിരുപ്പ്..,
” ആഹ് ഛീ…” വായിലിരുന്ന് മിക്‌സായ  ഉമിക്കരിയും തുപ്പലുമെല്ലാംകൂടെ പല്ലുതേപ്പ് നോക്കിനിൽക്കുകയായിരുന്ന അമ്മിണിയുടെ മുഖത്തേക്ക് ചീറ്റിത്തെറിച്ചു .  ” മ്…മ്മ്ഹേ…” സംഭവത്തിൽ അനിഷ്ടം രേഖപ്പെടുത്തിയ  അമ്മിണി… തലകുടഞ്ഞ് തമ്പുരാനേട്ടന്റെ മുഖത്തേയ്ക്ക് വിജ്രംഭിതയായി നോക്കി…!
സാക്ഷാൽ മംഗലശ്ശേരി നീലകണ്ഠൻ
” നമുക്ക് മണിച്ചേരിയിലെ വസ്തുവങ്ങ് വിൽക്കാം വാര്യരേ”ന്ന്  പറഞ്ഞ അതേ  മണിച്ചേരിമലയിലാണ് കഥ നടക്കുന്നത് . തലയാട്ടങ്ങാടീന്ന് മൂന്ന് കിലോമീറ്റർ നടപ്പുദൂരമുള്ള… പ്രസ്തുത ദേശത്താണ് നമ്മുടെ നായകൻ ബാലകൃഷ്ണനും അച്ഛൻ ഗോപാലൻതമ്പുരാനും താമസിക്കുന്നത് .
മണിച്ചേരി നിവാസികൾ സ്നേഹപൂർവ്വം തമ്പുരാനേട്ടനെന്നായിരുന്നു ഗോപാലേട്ടനെ വിളിച്ചിരുന്നത് .   ചുറ്റുവട്ടത്ത് മാത്രം അറിയപ്പെട്ടിരുന്ന തമ്പുരാനേട്ടന്.., ‘ഞൊണ്ടിഗോപാല’നെന്ന പേരിൽ വിഖ്യാതനാകാനുള്ള ജാതകബലമുണ്ടായിരുന്നു .
അതിനുവേണ്ടിയെന്നോണം നടക്കുമ്പോൾ മാത്രം പ്രകടമാവുന്നൊരു മുടന്ത് ഗോപാലേട്ടനുണ്ടെന്നുള്ളത് സത്യമാണ് .
തലയാട്ടങ്ങാടീലും പരിസരപ്രദേശങ്ങളായ കല്ലാനോട്  കൂരാച്ചുണ്ട് മുതൽ കിഴക്ക് കക്കയം വരെയും… എസ്റ്റേറ്റ്മുക്ക്  കരുമല കുറുമ്പൊയിൽ തുടങ്ങി പടിഞ്ഞാറ് ബാലുശ്ശേരിവരെയും പ്രശസ്തമായ
 ആ പേര്… അതിവേഗം  കോഴിക്കോട്ടങ്ങാടിയിലും വൈറലാവാൻ
തുടങ്ങിയിട്ടുണ്ടെന്നാണ് വാർത്തകൾ .
ഈ പെരുമയ്ക്കെല്ലാം കാരണക്കാരൻ  ഒറ്റമകനായ ബാലകൃഷ്ണനാണെന്നുള്ളത്
ഗോപാലേട്ടന്റെ യോഗം .
പഠിക്കാനൽപ്പം മോശമാണെങ്കിലും സത്ഗുണസമ്പന്നനായ ബാലകൃഷ്ണൻ പന്ത്രണ്ടിൽ തോറ്റ് വാർക്കപ്പണിക്ക്  ഹെൽപ്പറായും ജീപ്പിൽ കിളിയായും  പോകാൻ തുടങ്ങിയതിൽപ്പിന്നെയാണ് ഗോപാലൻതമ്പുരാന്റെ
പേരും പ്രശസ്തിയുമേറുന്നത് .
ഏതാണ്ട് നാല് വർഷങ്ങൾക്ക് മുൻപ്
ബാലകൃഷ്ണന്റെ നാക്ക് പൊന്നായി  തുടങ്ങുന്നതോടെയാണ് ഗോപാലേട്ടന്റെ  മൂക്കിൽ നിനച്ചിരിക്കാത്ത നേരത്തൊരു തുമ്മല് കിക്കിരികൂട്ടാനാരംഭിക്കുന്നത് .
പ്രത്യേകിച്ചസുഖമൊന്നുമില്ലാതെ വരുന്ന തുമ്മൽ പ്രശസ്തനാകുന്നതിന്റെ ലക്ഷണമാണെന്ന് ലക്ഷണശാസ്ത്രത്തിൽ
പറഞ്ഞത് മൂപ്പരെ സംബന്ധിച്ച് അച്ചട്ടാകുകയായിരുന്നു .
അക്കാലത്തെ ഒരു പ്രഭാതത്തിൽ
 മണിച്ചേരി ദിവാകരേട്ടന്റെ ചായപ്പീടികയുടെ മുന്നിൽവെച്ച്  ചിലത്  സംഭവിച്ചു…!
എവറസ്റ്റുപോലെ ആകാശത്ത് നിൽക്കുന്ന വയലിടമലയിൽനിന്ന് അഞ്ചു കിലോമീറ്റർ താഴെ അടിവാരത്തുള്ള തലയാട്ടേക്ക്…
കുത്തനെ ചരിഞ്ഞിറങ്ങുന്ന റോഡ് വെട്ടിയിറക്കിയതിന്റെ കരയിൽ സുമാർ
നാലടി പൊക്കത്തിലാണ് ദിവാകരേട്ടന്റെ വീടും ചേർന്ന് ചായപ്പീടികയുമിരിക്കുന്നത് .
പണിക്കും മറ്റാവശ്യങ്ങൾക്കുമായി
തലയാട്ടങ്ങാടിക്ക് പോകേണ്ടവർ
അവിടെയാണ്… ട്രക്ക്-ജീപ്പ് കാത്തു നിൽക്കാറുള്ളത് .
അന്നവിടെ കൂടിനിൽക്കുന്ന പത്തുപന്ത്രണ്ടുപേരുടെ കൂട്ടത്തിൽ
തിളങ്ങുന്ന വെള്ളയുംവെള്ളയുമിട്ട്
വറീതുചേട്ടനുമുണ്ടായിരുന്നു .
കക്കയത്ത് നിന്നുവന്ന അളിയന്റെ കൂടെ
ആദ്യവണ്ടി പിടിക്കാനിറങ്ങിയതായിരുന്നു വറീതുചേട്ടൻ . കട്ടിപ്പാറയിൽ താമസിക്കുന്ന ചേട്ടന്റെ വീട്ടിൽപ്പോയി അളിയന്റെ മകളുടെ കല്യാണം ക്ഷണിക്കലായിരുന്നു വെളുപ്പിനേയുള്ള യാത്രയുടെ ഉദ്ദേശം .
അളിയനോട് ഇത്തവണത്തെ ഇഞ്ചിക്കൃഷിവിശേഷങ്ങൾ പങ്കുവെച്ച്  ജീപ്പ് വരുന്നതും കാത്ത് ചായപ്പീടികയുടെ മുന്നിൽ നിൽക്കുകയായിരുന്ന വറീതുചേട്ടൻ… നിന്ന് കാലുകഴച്ചപ്പോൾ ഒരു ദിനേശ് ബീഡി കത്തിച്ചുകൊണ്ട്  തിണ്ടിന്റെ വിളുമ്പത്തേക്ക്  കുത്തിയിരുന്നു…!
ആ നേരത്താണ് പണിക്കുപോകാനിറങ്ങിയ ബാലകൃഷ്ണൻ… കുളിച്ചുകുട്ടപ്പനായി ചന്ദനക്കുറിതൊട്ട് സുസ്മേരവദനനായി വരുന്നത് . വന്നപാടെ പതിവുപോലെ
ഒരു നോട്ടംകൊണ്ട് സൂസിമോളെ  കെട്ടിപ്പിടിച്ചൊരുമ്മകൊടുത്തു...!
ബാലുശ്ശേരി നളന്ദാകോളേജില് ഡിഗ്രിക്ക് പഠിക്കുന്ന സൂസിമോള് എല്ലാദിവസവും ആദ്യവണ്ടിക്കുതന്നെ അടിവാരത്തോട്ട് പോകുമായിരുന്നു .
സൂസിക്ക് കൊടുത്തതിന്റെ ബാക്കി കൊടുക്കാൻ… ദിവാകരേട്ടന്റെ മോള് മീനു മുറ്റമടിക്കാൻ തുടങ്ങിയോയെന്ന് നോക്കുന്നതിനിടയിലാണ്  തിണ്ടിന്റെവിളുമ്പിലായി വറീതുചേട്ടൻ കുന്തിച്ചിരിക്കുന്നത് കണ്ണിൽപ്പെട്ടത്…!
പിന്നെ വച്ചു താമസിപ്പിച്ചില്ല..,
” വരമ്പത്ത്… മീനൊറ്റാ-നൊറ്റക്കാലിൽ  നിക്കുന്ന കൊച്ചേനെപ്പോലെണ്ടല്ലോ
ങ്ങളെ കുത്തിരിപ്പ്…” ( കൊച്ച=കൊക്ക് )
പറഞ്ഞു നാക്കെടുക്കുന്നതിന് മുന്നേ
കാല് തെന്നിയ വറീത് ചേട്ടൻ താഴെ കാനയിലേക്ക് മൂക്കുംകുത്തി വീണു…!
എണീക്കാനൊന്നും നിന്നില്ല…
 കിടന്നകിടപ്പിൽ തലയിത്തിരി ചെരിച്ച്
മൂപ്പര് ഫസ്റ്റ് ഡോസങ്ങട് കൊടുത്തു…,
” ഫ്ഫ   നാ…ന്റെ മോനേ… നിന്റപ്പൻ ഞൊണ്ടിക്കാലൻ ഗോപാലനാടാ കൊച്ച..
എരണം കെട്ടവന്റെ മോനേ…”
കൃത്യമാ-സമയം അടുക്കളപ്പുറത്തുനിന്ന് ആട്ടുംകൂട്ടിലേക്ക് നോക്കി ഉമിക്കരികൊണ്ട്
പല്ലുതേക്കുകയായിരുന്ന ഗോപാലൻമൂപ്പരുടെ
 മൂക്കിലൊരുകിരുകിരുപ്പ്..,
” ആഹ് ഛീ…” !
വായിലുണ്ടായിരുന്ന ഉമിക്കരിയും തുപ്പലുമെല്ലാംകൂടി സ്പ്രേചെയ്തപോലെ അമ്മിണിയാടിന്റെ മുഖത്തേക്ക്  ശറപറാന്ന് തെറിച്ചു .
പകച്ചുപോയ അമ്മിണിയാട്
” മ്.. മ്മ്ഹേ…” ന്ന്  അനിഷ്ടം രേഖപ്പെടുത്തി ചെവിയും തലയും വെട്ടിക്കുടഞ്ഞ് തമ്പുരാനേട്ടനെ വിജ്രംഭിതയായി നോക്കി .
പാവം അമ്മിണിക്കറിയില്ലല്ലോ തമ്പുരാനേട്ടന്റെ പേര് നാട്ടിൽ  വൈറലായിക്കൊണ്ടിരിക്കുകയാണെന്ന്…!
നാശമെന്ന് പിറുപിറുത്ത്… മൂക്ക് ചീറ്റിയ ഗോപാലേട്ടൻ കൈവെള്ളയിലിരുന്ന ഉമിക്കരിയിൽ വിരലമർത്തി വീണ്ടും തേയ്ക്കാൻ തുടങ്ങിയതും…
ദേ…വരണ് ഇച്ചിര നീളം കൂടിയത്
“ആഹ്…ഹ്… ആഹ് ഛീ…” !
അവിടെ ബാലകൃഷ്ണന്… വറീതുചേട്ടൻ രണ്ടാമത് കൊടുത്തത് കടുകടുത്ത്  പോയതിന്റെ ലക്ഷണമായിരുന്നത് .
രണ്ടാമത്തെ ആഹ്ഛീ സുനാമിയായി  വരുന്നതുകണ്ട്… ഒറ്റച്ചാട്ടത്തിന് കൂടിന്റെ അങ്ങേ മൂലയിലേയ്ക്ക് മാറിനിന്ന അമ്മിണി.., ‘ങ്ങള് ന്നോട് കളിക്കാൻ നിക്കല്ലേ  തമ്പുരാനേട്ടാ’ന്ന് പറഞ്ഞപോലെ
 ‘മ്…മ്മ്ഹേ’…ന്നാക്കി…!!😀😀

Share This:

Comments

comments