സ്നേഹത്തിൽ ഞാനുഴപ്പാറില്ല.(ലേഖനം)

0
918
dir="auto">അഞ്ജലി രാജന്‍.(Street Light fb Group)
ഞാൻ സെക്കന്റ് ഇയർ ഡിഗ്രിക്ക് പഠിച്ചിരുന്ന ഒരു വൈകുന്നേരമാണ് കൊച്ഛച്ഛന്റെ വീട് വരെ നടന്ന് തിരിച്ചു വന്ന അച്ഛച്ഛന്റെ പിറകെ വെളുത്ത നിറവും പള്ളയ്ക്കു പച്ച വട്ടവുമുള്ള പൂച്ച കുഞ്ഞ് തുള്ളിച്ചാടി വന്നത്.
അച്ഛച്ഛൻ തിരിഞ്ഞു നിന്ന്,
“പോ പൂച്ചേ പോ പോ”
എന്നോടിക്കുന്നുമുണ്ട്.
ഞാൻ വേഗം അകത്തു കയറി.
രണ്ടിലോ മൂന്നിലോ പഠിക്കുമ്പോൾ,
അടുത്ത വീട്ടിലെ ഉച്ചയൂണ് കഴിഞ്ഞ്
മയങ്ങുന്ന പൂച്ചയുടെ വീർത്ത വയറിലേയ്ക്ക് ചാടി കയറിയ എന്നെ ആ പൂച്ച മാന്തുകയും
തുടർന്ന്,റ്റി റ്റി അടക്കം മുന്നോ നാലോ ഇൻജക്ഷൻ എടുക്കുകയും ചെയ്ത ആ ദിവസങ്ങളത്രയും മനസ്സിലുള്ളതോണ്ട്,
പൂച്ച,പട്ടി തുടങ്ങിയവയെ എനിക്കു പേടിയായിരുന്നു. അതുകൊണ്ട്
അച്ഛച്ഛനൊപ്പം വന്ന പൂച്ച പോയെന്ന ഉറപ്പ് കിട്ടിയതിനു ശേഷം മാത്രമാണ് ഞാൻ പുറത്തിറങ്ങിയത്.
പിറ്റേന്ന് രാവിലെ തെക്കേ തിണ്ണയിൽ
കണ്ണും തിരുമ്മി ഇരിക്കുമ്പോഴുണ്ടതാ, പടിഞ്ഞാറേ തിണ്ണയിൽ നിന്നും തെക്കേ തിണ്ണയിലേക്കുള്ള വളവു തിരിഞ്ഞ്
മ്യാവു മ്യാവു ചിണുങ്ങി ചിണുങ്ങി വരുന്നു കുഞ്ഞി പൂച്ച.
എനിക്കൊന്ന് എഴുന്നേൽക്കാൻ പറ്റുന്നതിനു മുമ്പേ മടിയിലേക്കു ചാടി വീണു ഉരുമ്മി ഒട്ടിക്കിടന്നു.
ഞാനലറലോടലറി!
വീട്ടിലുള്ള സകലരും ഓടി വരുമ്പോൾ പൂച്ചക്കുഞ്ഞിനെയും മടിയിൽ വച്ച് എന്നെ രക്ഷിക്കോന്ന് പറഞ്ഞ് കരയുന്ന ഞാൻ.
അച്ഛൻ പൂച്ചയുടെ ചെവിയിൽ പിടിച്ച്
താഴേക്ക് ഇട്ടു .
ഞാൻ ചാടിയെണീറ്റു.
വെപ്രാളം മാറിയില്ലങ്കിലും
കുളിച്ചു ജപിച്ചു കോളേജിൽ പോയി.
വൈകിട്ട് തിരികെ വന്നപ്പോൾ വീടിന്റെ മുന്നിലത്തെ പടിമേലൊന്നിലങ്ങനെ കിടക്കുന്നു.
എന്നെ കണ്ടപ്പോ നോക്കി ചിരിച്ച പോലെ !
ഞാൻ വല്യ മൈന്റൊന്നും ചെയ്തില്ല.
വടക്കേ വശത്തൂടെ നടന്ന് അടുക്കള വരാന്തയിലിരുന്നു ചായ കുടിച്ചു.
അപ്പൊ ദേണ്ടെ തുള്ളിച്ചാടി അവിടെ എത്തി.
ഉച്ചയ്ക്കും ഉണ്ടായിരുന്നുവെന്നും മീനും ചോറും കഴിച്ച കഥയും അച്ഛമ്മ പറഞ്ഞു.
ഞാൻ ചായ കഴിച്ചു കൊണ്ടിരിക്കുമ്പോൾ “എനിക്കും താ സേച്ചി” എന്ന മട്ടിൽ ചിണുങ്ങി നിന്നു.
സന്ധ്യയ്ക്ക് ഒരു പഴയ സ്റ്റീൽ പാത്രത്തിൽ പാലു കൊടുത്തു.
ഒറ്റ സെക്കന്റിനുള്ളിൽ കുടിച്ചു തീർത്തു,
“ഒരു ഗ്ലാസു കൂടി എടുക്കാനില്ലേടെ..”
 എന്ന മട്ടിൽ നോക്കി.
രാത്രിയിൽ, കഞ്ഞിയുടെ വെള്ളം മാറ്റി
ചോറും പയറും പപ്പടവും കൊടുത്തു.
കുഞ്ഞി പൂച്ചയല്ലേ രാത്രി വല്ല പട്ടിയും പിടിച്ചാലോന്ന് കരുതി  ഉപയോഗിക്കാതിരുന്ന പഴയ ഊണുമുറിയിൽ,ചാക്കു വിരിച്ചു കിടത്തി വാതിലടച്ചു.
രാവിലെ ഞാനുണർന്നു വരുമ്പോൾ
അച്‌ഛൻ ആ മുറി തേച്ചു കഴുകുന്നുണ്ട്.
മുറിയ്ക്കകത്തെ തിണ്ണയിൽ അപ്പി ഇട്ടത്രേ.
“എന്റെ ഐഡിയ ആയി പോയി”
എന്ന മട്ടിൽ അച്ഛനെന്നെ നോക്കി.
പതിവ് പോലെ രാവിലെ തെക്കേ തിണ്ണയിലിരുന്ന എന്റടുത്തേക്ക്
പൂച്ചക്കുഞ്ഞ് ഓടി ചാടി വന്നു.
മടിയിൽ കയറിയില്ല അടുത്തിരുന്നു.
ഞാൻ പതിയെ അതിന്റെ ദേഹത്ത് ഒരു വിരലു കൊണ്ട് തൊട്ടു നോക്കി. അതനങ്ങുന്നില്ല.പിന്നേം തൊട്ടു,
പിന്നെ തലോടി. അതു രസം പിടിച്ചങ്ങനെ കിടക്കാണ്.
ക്ലാസ്സിലേയ്ക്ക് ഇറങ്ങിയപ്പോൾ
പോയിട്ട് വരാമെന്നു ഞാൻ പറഞ്ഞതിനു
“സേച്ചി പോവണ്ട”ന്നാണോ ആവോ മ്യാവു മ്യാവു പറഞ്ഞത്.
വൈകിട്ട് വരുമ്പോൾ മുറ്റത്തെ പടിമേലുണ്ട്.
അതിനൊരു പേരിട്ടു. മുത്ത്.
പയ്യെ പയ്യെ ഞങ്ങൾ കൂട്ടായി.
എന്റെ മടിയിൽ കയറാനുള്ള ധൈര്യം അതിനും ഇരുത്താനുള്ള ധൈര്യം എനിക്കും വന്നു.
മൂന്നാം ക്ലാസ്സിലേറ്റ പൂച്ച മാന്തലും  ഇഞ്ചക്ഷനുകളും ഞാൻ തീർത്തും മറന്നു പോയി.
എനിക്ക് കഴിക്കാൻ എന്തു കിട്ടിയാലും ഒരോഹരി അവനുള്ളതായിരുന്നു.
അന്ന് ഞാൻ വല്യ പൊറോട്ട കൊതിച്ചിയായിരിന്നിട്ടും അവന് നിർലോഭം കൊടുത്തു.ഞാൻ പൊറോട്ട കഴിച്ചു തുടങ്ങുന്നതിനു മുന്നേ അവനു താഴെ പാത്രത്തിൽ പിച്ചിയിട്ടു കൊടുക്കും.
ഞാൻ കഴിച്ചു തീരണതിനു മുന്നേ അവൻ തിന്നു തീർത്തു അടുത്തതിനായി ബഹളം തുടങ്ങും.
തെക്കേ തിണ്ണയുടെ ചവിട്ടു പടിമേലിരുന്ന് മണ്ണിലേയ്ക്ക് നീട്ടി വച്ച
എന്റെ കാലുകളിലെ കൊലുസിന്റെ മുത്തുകൾ  തട്ടി കിലുക്കം ആസ്വദിക്കാനും
പിന്നിയിട്ടിരിക്കുന്ന എന്റെ മുടി തട്ടി കളിക്കാനും അവന് ഇഷ്ടമായിരുന്നു.
കട്ടിലിൽ ചാരികിടന്ന് ഞാൻ പുസ്തകം വായിക്കുമ്പോൾ കാൽകീഴിൽ അവനും കിടക്കും. ഞാനവന്റെ പുറത്തേക്കു കാലു
നീട്ടി വയ്ക്കും.അവന്റെ മൂഡ്‌ ശരിയല്ലങ്കിൽ തട്ടി മാറ്റും. ഞാൻ പിന്നേം അതു തന്നെ ആവർത്തിക്കുമ്പോൾ കോപം നടിച്ച് എന്റെ കാലിലെ തള്ളവിരൽ പിടിച്ചെടുത്തു പല്ലുകൊള്ളിക്കാതെ കടിക്കും.
മീൻകാരൻ രമേശൻ ചേട്ടൻ വരുമ്പോൾ അച്ഛമ്മയെക്കാൾ മുന്നേ ഓടിപ്പോയി നിൽക്കും. അവൻ പറഞ്ഞതോണ്ട് മാത്രം
മീൻ തരുന്നതെന്നാണവന്റെ ഭാവം.
വീടിന്റെ തെക്കു കിഴക്ക് മൂലയ്ക്ക് വെട്ടിനിർത്തിയിരുന്ന മൈസൂർ മൈലാഞ്ചിയുടെ ഇടയക്ക് ഒളിച്ചിരിക്കും. ആരെങ്കിലും അങ്ങോട്ടെത്തുമ്പോൾ
ചാടി കാലിൽ കെട്ടിപ്പിടിച്ചു നിൽക്കും.
ഒരിക്കൽ അവന്റെ കഴുത്തിൽ നീളത്തിലുള്ള തുണിക്കഷണം കൊണ്ട് കെട്ടി മാവിന്റെ കൊമ്പിൽ കെട്ടിയിട്ട് മഗ്‌ഗിൽ വെള്ളമൊഴിച്ച് സോപ്പ് തേച്ചു. പാവം വെപ്രാളം മൂത്ത് ആ കെട്ട് വിടുവിക്കാൻ ശ്രമിച്ചു കൊണ്ട് കുതറുകയും തോർത്താനായി കെട്ട് അഴിച്ചപ്പോൾ  ഓടിക്കളയുകയും ചെയ്തു.
എന്നിട്ടും അവനെ പിടിച്ച് ഞാൻ തോർത്തി ശര്യാക്കി.
അടുക്കളയിൽ
മിക്സി ഓൺ ആയ ശബ്ദം കേട്ട് പേടിച്ച അവനെ ഒന്നൂടെ പേടിപ്പിക്കാൻ
മിക്സിയുടെ അടുത്തു കൊണ്ടുചെന്ന
എന്റെ കൈവിരലിൽ അവൻ അള്ളിപിടിച്ചു, എന്റെ വിരലിൽ നിന്നും ചോര ഒലിച്ചു.
അതിനുശേഷമാണ്,
വീടിനു മുന്നിലെ റോഡിലൂടെ പോയിരുന്ന മൃഗാശുപത്രിയിൽ ജോലിയുള്ള പണിക്കരു മാമനോട് പൂച്ചയ്ക്കിഞ്ചക്ഷൻ എടുത്തു തരാമോന്ന് ചോദിച്ചതും വരാഞ്ഞപ്പോൾ അച്ഛച്ഛനെ കൊണ്ട് ചോദിപ്പിക്കുകയും ചെയ്തത്.ഒടുവിൽ ഞങ്ങളെ രണ്ടിനേം കൊണ്ട് പൊറുതിമുട്ടിയാവണം അങ്ങേരു
വഴി മാറി പോയി.
തെക്കേത്തിണ്ണയിൽ അവനെ രണ്ടു കാലിൽ നിർത്തി രണ്ടു കൈകളും ഞാൻ പിടിച്ച് നടത്തിപ്പിക്കുകയും.
കൈകളിൽ പിടിച്ച് കറക്കി വലിച്ച്
ഡാൻസ് ചെയ്യിപ്പിക്കുകയും ചെയ്തു.
സന്ധ്യയ്ക്ക് നാമം ജപിക്കുമ്പോൾ എന്റെ പിറകിൽ വാലുമാട്ടി ഇരിക്കും,
പറക്കുന്ന വണ്ടിനെ പിടിക്കാൻ മുകളിലേക്ക് ചാടി കമിഴ്ന്ന് തറയിൽ നിൽക്കും. ഏതാണ്ട് നമ്മുടെ പുലി മുരുകൻ സ്റ്റൈൽ.
അങ്ങനെയിരിക്കെ ഒരു രാതി കിടക്കും മുന്നേ തെക്കേ തിണ്ണയോട് ചേർന്ന പൈപ്പിൻ ചോട്ടിൽ ഞാൻ കാലുകഴുകുമ്പോഴാണ് മുറ്റത്തെ തെങ്ങിന്റെ ചുവട്ടിൽ എന്തോ പിടിക്കാനായി വാലുമാട്ടി മുന്നോട്ടാഞ്ഞ് കൂർമ്മതയോടെ അവനിരിക്കുന്നതു കണ്ടത്.
 “എണീറ്റ് പോയി കിടക്കടെ ” എന്നു പറഞ്ഞ എന്നോട് ” ഒന്നു മിണ്ടാതെ കേറിപ്പോയേ”
എന്ന മട്ടിൽ അവനിരുന്നു.
രാവിലെ എണീറ്റപ്പോൾ പതിവ് പോലെ തെക്കേ തിണ്ണയിലേക്ക് അവൻ എത്തിയില്ല. കഴിക്കാനിരുന്നപ്പോഴും വന്നില്ല.
കോളേജിലേയ്ക്കിറങ്ങും വരെ അവനെത്തിയില്ല.
മനസ്സ് അസ്വസ്ഥമായി.
അവനൊരിക്കലും അത്ര സമയം മാറി നിന്നിട്ടില്ല.
വൈകിട്ട് തിരിച്ചെത്തിയപ്പോൾ അച്ഛമ്മ പറഞ്ഞു, ഉച്ചയ്ക്കും വന്നില്ലന്ന്.
എനിക്കു സങ്കടം വന്നു.
ഞാനവനെ തപ്പി വീടിനകത്തും പറമ്പിലും നടന്നു.
എന്റെ സങ്കടം കണ്ട് അച്ഛച്ഛൻ പറഞ്ഞു, “പൂച്ചകളിങ്ങനാ എവിടയ്ക്കെങ്കിലും പോകും രണ്ടീസം കഴിയുമ്പോ തിരികെ വരും.”
വൈകിട്ട് അച്ഛനുമമ്മയും തിരികെയെത്തിയപ്പോഴും
“അവൻ നാളെയിങ്ങ് വരും”ന്ന് ആശ്വസിപ്പിച്ചിട്ടും എനിക്കെന്തോ…!
പിറ്റേന്നും ഞാൻ വീടു മുഴുവനും പറമ്പിലും അടുത്ത വീടുകളിലൊക്കെ
തിരക്കി നടന്നു.
ആരോ പറഞ്ഞു, “കണ്ടൻ പൂച്ച കാടു കയറും”
അന്നു വൈകിട്ട് എന്റെ ധൈര്യമൊക്കെ ചോർന്നുപോയി. ഞാനേങ്ങിയേങ്ങി കരഞ്ഞു.
“ത്രിസന്ധ്യക്കിങ്ങനെ നിലവിളിക്കതെന്റെ കുഞ്ഞേ….!”
വിളക്കുവയ്ക്കുമ്പോ അച്ഛമ്മ പറഞ്ഞു.
അന്നു രാത്രി ഒന്നും കഴിച്ചില്ല.
എന്നെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടങ്കിലും അവിടെ എല്ലാവരും സങ്കടപ്പെട്ടിരുന്നു.
കരഞ്ഞു കരഞ്ഞ് പനിയായി.
രണ്ടു ദിവസം കോളേജിൽ പോയില്ല.
കഴിക്കാനിരിക്കുമ്പോൾ,പഠിക്കുമ്പോൾ,
ടി വി കാണുമ്പോൾ എല്ലാം അവനില്ലായ്മ വല്ലാതെ സങ്കടപ്പെടുത്തി.
പിന്നെ പയ്യെ പയ്യെ അതുൾക്കൊണ്ടു. എനിക്ക് തിരിച്ചറിവുണ്ടായതിനു ശേഷം
ഞാൻ അനുഭവിച്ച ആദ്യത്തെ വേർപിരിയലായിരുന്നു അത്.
മനുഷ്യരെയോ മൃഗങ്ങളെയോ
പക്ഷികളെയോ പ്രാണികളെയോ ആരെയാണെങ്കിലും സ്നേഹിക്കുമ്പോൾ,
ഞാനൊരിക്കലും ഉഴപ്പാറില്ല.

Share This:

Comments

comments