കാണാച്ചങ്ങലകൾ.(കഥ)

0
862
dir="auto">സൗമ്യ.(Street Light fb Group)
സമയം ഒൻപതര ആയിരിക്കുന്നു . ട്രാഫിക്കിനിടയിലൂടെ ഇനി എങ്ങനെ പത്ത് മണിക്ക് ഓഫിസിലെത്തും കട്ടിക്കണ്ണടയ്ക്കടിയിലൂടെ തുളച്ചുകയറുന്ന നോട്ടമെറിഞ്ഞ് തൻ്റെ മുൻപിൽ നിൽക്കുന്നവരുടെ ഉള്ളളക്കുന്ന ചീഫ് എഡിറ്റർ രാജൻ സക്കറിയയുടെ മുഖമോർത്തപ്പോൾ തന്നെ അനാമികയ്ക്ക് ഉള്ളു വിയർത്തു .എത്ര നേരത്തെ എഴുന്നേറ്റാലും അടുക്കളയിലെ യുദ്ധം കഴിഞ്ഞ് മക്കളെ രണ്ടാളെയും ഉണർത്തി വരുമ്പോഴെയ്ക്കും എട്ടരമണിയാകും സ്കൂളവധി ആയത് കൊണ്ട് എത്ര വിളിച്ചാലും അവരെണീക്കില്ല .കൈയിൽ കിട്ടിയ ജീൻസും കുർത്തിയും എടുത്തിടുന്നതിനിടെ അടുക്കളയിൽ എല്ലാം തയ്യാറാക്കി വെച്ചിട്ടുണ്ടെന്ന് മക്കളോട് വിളിച്ചു പറഞ്ഞ് ഇറങ്ങുന്നതിനിടയിലാണ് മൊബൈൽ ഫോണിലെ റീമൈൻഡർ ചിലച്ചത് …. അനാമിക ധൃതിയിൽ മൊബൈൽ തുറന്നു നോക്കി … “Meeting with Arundhathi 10.30 Am@ Residence “അനാമികയ്ക്കു തല കറങ്ങുന്നതു പോലെ തോന്നി ഓഫിസിൽ ചെന്ന് രാജൻ സാറിൻ്റെ കൃത്യനിഷ്ഠയെ കുറിച്ചുള്ള അരമണിക്കൂർ ഗിരിപ്രഭാഷണവും അടുത്ത ചെയറിലുള്ള തുഷാരയുടെയും ദീപ്തിയുടേയും ചുഴിഞ്ഞുനോട്ടവും കഴിഞ്ഞ് എങ്ങനെ എത്താൻ … മറ്റാരും കൂടെയുണ്ടാവേണ്ട എന്നാണ് അരുന്ധതി മാഡം പറഞ്ഞിരിക്കുന്നത് അത്യാവശ്യം രണ്ട് ഫോട്ടോയെടുക്കണമെങ്കിലോ എന്നോർത്ത് അകത്തു കയറി ഹാൻഡി ക്യാം കൂടിയെടുത്തു … ദീപ്തിയെ വിളിച്ച് നേരെ ഇൻറർവ്യൂ ചെയ്യാൻ പോവുകയാണ് എന്നറിയിച്ചു….ഇനിയിപ്പോ എല്ലാം കൂടി ഉച്ചയ്ക്ക് ഒരുമിച്ച് കേൾക്കാം വരുന്നത് പോലെ വരട്ടെ എന്നോർത്ത് വണ്ടിയെടുത്തിറങ്ങി .. വിചാരിച്ചതു പോലെ തന്നെ വാഹനങ്ങളുടെ നീണ്ട നിര ഇരവിഴുങ്ങി അനങ്ങാൻ വയ്യാതായ പാമ്പിനെ പോലെ കിടന്നു .വെയിൽ തിളച്ചുതുടങ്ങി ചൂടുമണ്ണ് വേവുന്ന മണം ഉള്ള് ഇതിലും നീറുന്ന എത്രയോ പേർ ചുറ്റിലുമുണ്ട് അതിൻ്റെ ആയിരമിരട്ടി തൻ്റെയുള്ള് വേവുന്നത് മറ്റാരും അറിയരുതേ എന്ന് അവളോർത്തു … വഴി കൃത്യമായി അറിയാത്തതുകൊണ്ട് ഗൂഗിൾ മാപ്പിട്ട് മുന്നോട്ട് പോയി ഇടത്തോട്ടും വലത്തോട്ടും പലതവണ തിരിഞ്ഞ് വിശാലമായ മുറ്റമുള്ള ആ വീട്ടിലേയ്ക്ക് എത്തുമ്പോൾ അവളറിയാതെ കാലിനൊരു ബലക്ഷയം പൂമുഖത്ത് തൂങ്ങിക്കിടന്ന കയറിൽ പിടിച്ച് മണിയടിച്ചപ്പോൾ നെഞ്ചിലൊരു കടലിരമ്പം .
ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ വാതിൽ തുറക്കപ്പെട്ടു .നിറഞ്ഞ ചിരിയോടെ ഇരുപതിൻ്റെ ചുറുചുറുക്കോടെ ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന പ്രിയപ്പെട്ട എഴുത്തുകാരി അകത്തേക്ക് ക്ഷണിച്ചു .വീടു കണ്ടു പിടിക്കാൻ ബുദ്ധിമുട്ടിയോ കുപ്പിച്ചില്ല് ചിതറുമ്പോലുള്ള സ്വരം ഇവരെങ്ങനാ എഴുത്തുകാരിയായത് പാട്ടുകാരിയല്ലേ ആവേണ്ടിയിരുന്നത് അനാമിക ഓർത്തു ഗൂഗിൾ മാപ്പ് ഉള്ളത് കൊണ്ട് ബുദ്ധിമുട്ടിയില്ല .ഓടിട്ട ചെറിയ വീട് പഴയ രീതിയിൽ റെഡ് ഓക്സൈഡിട്ട തറ ചുവരുകളിൽ നിറയെ കുടുംബചിത്രങ്ങൾ
അനാമിക ശിവദാസ് .ഇൻവെസ്റ്റിഗേറ്റിവ് ജേർണലിസ്‌റ്റ് …. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് റാങ്കോടുകൂടി ബിരുദാനന്തര ബിരുദം ബി ബി സി യിലെ പുലിക്കുട്ടി അല്ലേ?
അരുന്ധതിയുടെ ചോദ്യം കേട്ട് അനാമിക പകച്ചുപോയി
എതിർവശത്തിരിക്കുന്നവരെ ചോദ്യശരങ്ങളിൽ കൊരുത്ത് നിർദാക്ഷിണ്യം പത്മവ്യൂഹത്തിലകപ്പെടുത്തിയ … പ്രൈംടൈം ന്യൂസിൽ അനാമികയാണ് എന്നറിഞ്ഞാൽ രാഷ്ട്രീയത്തിലെ അതികായൻമാർ പോലും മുൻപിൽ വരാൻ മടിച്ച നിങ്ങളെങ്ങനെ ഇവിടെ സർക്കുലേഷനിൽ ഏറെ പിന്നിലുള്ള ഒരു പത്രത്തിന് വേണ്ടി …. മറുപടിക്കായി അനാമിക പരതി …… മാഡത്തിനെങ്ങനെ എന്നെ അനാമിക ചോദിച്ചു … മറുപടിയായി
പറയു അനാമിക നിനക്കെന്നോട് എന്താണ് ചോദിക്കാനുള്ളത് അരുന്ധതി ചോദിച്ചു.
ആദ്യ കൃതിക്ക് തന്നെ രണ്ടവാർഡ് കൾ കിട്ടി പുരസ്കാര ലബ്ധിയുടെ നിറവിൽ നിൽക്കുമ്പോൾ മാഡത്തിന് എന്ത് തോന്നുന്നു ? എന്തേ ആദ്യ കൃതി ഇത്ര വൈകി ? വൈകിയ വേളയിൽ എഴുത്തിലേയ്ക്ക് തിരിഞ്ഞതിന് പിന്നിലെ ചേതോവികാരം ? എഴുത്തിന് ഏറ്റവും വലിയ പ്രചോദനം ? മലയാള സാഹിത്യത്തിൽ ഭാഷാശുദ്ധി ഇല്ലാതായതിനോട് എങ്ങനെ പ്രതികരിക്കുന്നു .എല്ലാ ചോദ്യങ്ങളും ഒരുമിച്ച് ചോദിച്ച് കുട്ടിയിങ്ങനെ ബദ്ധപ്പെടേണ്ട ഞാനൊന്നും തന്നോടിനി ചോദിക്കില്ല ….
നമുക്കെന്തെങ്കിലും കുടിച്ച് കൊണ്ട് സംസാരിക്കാം അരുന്ധതി അകത്തേക്ക് പോയി…..
ചുവരിലെ ചിത്രങ്ങളിലേക്ക് നോക്കി അനാമിക ഓർത്തു ഇത്രയും വീടിനെ വീട്ടിലുളളവരെ സ്നേഹിക്കുന്ന ഇവരെന്തിനാണ് ഒറ്റയ്ക്ക് താമസിക്കുന്നത് … നോട്ട് പാഡിൽ കിടക്കുന്ന അരുന്ധതിയുടെ വരികളിലേക്ക് അനാമിക ഒന്നു കൂടി നോക്കി
“വീട് വീട് എന്നോർത്ത്
ഉന്മത്തമായി പോയ
മനസുള്ള ഒരാൾ
മാറാല അടിക്കുമ്പോൾ
നിനക്ക് നൊന്തോ
എന്ന്
ചുവരിനെ
ചേർത്തു നിറുത്തുന്നൊരാൾ
ഉമ്മറത്തേക്ക്
കയറി വന്നൊരു
ഉറുമ്പിനെ
വഴിതെറ്റിയതാവും
എന്നോർത്ത്
മാവിൻ കൊമ്പിലെ
കൂട്ടിലെത്തിച്ച്
പുഞ്ചിരിക്കുന്നൊരാൾ
ഇതിവിടെ
അതവിടെ
എന്ന്
ചേർത്തു
വയ്ക്കുന്നൊരാൾ
പത്രമോ
പൂപ്പാത്രമോ
മേശവിരിയോ
പറ്റിക്കാനായി
അങ്ങോട്ടുമിങ്ങോട്ടും
മാറിയിരിക്കുമ്പോൾ
നിൻ്റെ വീടതല്ലേ
എന്ന്
സന്ദേഹപ്പെടുന്നൊരാൾ
സദാസമയം
വീടിനോട്
വർത്തമാനം
പറയുന്നൊരാൾ
വീടിന്
കഥ പറഞ്ഞ്
കൊടുക്കുന്ന
പാട്ടു പാടി കൊടുക്കുന്ന
പത്രം വായിച്ച്
കൊടുക്കുന്ന
വീടാകുന്ന ഒരാൾ……. “
എഴുത്തിനെ അന്വർത്ഥമാക്കുന്ന വീട് തന്നെ പക്ഷേ വീട് വീടാകുന്നത് വീട്ടിലെല്ലാവരും ഉണ്ടാകുമ്പോഴെന്നും ഇവർ തന്നെയല്ലേ എഴുതിയത് .എവിടെയൊക്കെയോ ചേരായ്മകൾ ചില ജീവിതങ്ങൾ പോലെ .
എന്താ ആലോചിക്കുന്നത് രണ്ട് കപ്പിൽ ചുടുകാപ്പിയുമായി അരുന്ധതി ഇറങ്ങി വന്നു ഇവിടെ ഞാനൊറ്റയ്ക്കേ ഉള്ളു കാപ്പിയുടെ രുചി ഒന്നഡ്ജസ്റ്റ് ചെയ്തോളുട്ടോ …
ബാക്കിയുള്ളവർ എവിടെ ? മക്കൾ ,ഭർത്താവ് അനാവശ്യ ചോദ്യങ്ങൾ ഒഴിവാക്കണമെന്നു കരുതിയിട്ടും അനാമിക അറിയാതെ ചോദിച്ചു.
അവർ പറഞ്ഞു നോക്കു കുട്ടി പൊതു സമൂഹം എന്നെ അറിയാൻ തുടങ്ങിയിട്ട് കേവലം ഒരു വർഷമേ ആവുന്നുള്ളു
ആദ്യ പുസ്തകം വിപണിയിൽ വന്നതിന് ശേഷം വായന സമൂഹം ഏറ്റെടുത്തതിന് ശേഷം അതിന് മുൻപും ഞാനുണ്ടായിരുന്നു മകളായി ഭാര്യയായി അമ്മയായി ഒരു സ്ത്രീക്ക് സമൂഹം കൽപിച്ചു കൊടുത്ത എല്ലാവേഷങ്ങളും അരങ്ങിലാടിയ നല്ല നടിയായിരുന്നു പക്ഷേ ഞാനൊരിക്കലും ഞാനായില്ല …. ഒരു നിമിഷം പോലും എനിക്ക് വേണ്ടി ജീവിച്ചില്ല … എപ്പോഴെങ്കിലും എനിക്കുവേണ്ടി എന്നു കരുതിയാൽ കാണാൻ വയ്യാത്ത ചില ചങ്ങലകൊളുത്തുകളുടെ പിടി മുറുകുമായിരുന്നു … മറ്റാർക്കും കാണാനാവാത്ത മുറിപ്പാടുകളിൽ ഞാൻ പഴുത്തു നീറി വ്രണങ്ങളിൽ നിന്ന് ചോരയും ചലവും ഒഴുകി … ആറക്ക ശമ്പളം വാങ്ങുന്ന ,ഹൃദയത്തിലേക്ക് ഒരു വാതിൽ വായിലൂടെ തുറക്കുന്ന നല്ല ഭാര്യയെ എൻ്റെ ഭർത്താവ് എന്നും സ്നേഹിച്ചിരുന്നു… കൈ നിറയെ സമ്മാനങ്ങൾ വാങ്ങിക്കൊടുക്കുന്ന ,നിർലോഭം സ്നേഹിക്കുന്ന എപ്പോഴും ചിരിക്കുന്ന അമ്മയെ മക്കൾ സ്നേഹിച്ചിരുന്നു ; അങ്ങനെ പറഞ്ഞാൽ ശരിയാവില്ല സ്നേഹിക്കുന്നതായി തോന്നിപ്പിച്ചിരുന്നു അതായിരുന്നു ശരി …. വികാര വിക്ഷോഭത്താൽ അവരുടെ വാക്കുകൾ വിറയ്ക്കുമ്പോൾ അനാമികയുടെ തലച്ചോറിലെവിടെയോ ഒരു വെള്ളിടിവെട്ടി.. ഹൃദയം മുറിഞ്ഞില്ലാതാവുന്നതും സിരകളുറഞ്ഞു പോവുന്നതും അവളറിഞ്ഞു .
ചോദിക്കാനായി കരുതി വെച്ച ചോദ്യങ്ങളെല്ലാം മലവെള്ളപാച്ചിലിൽ എന്നപോലെ ഇല്ലാതായി ഒച്ചയില്ലാതെ ഉറക്കെയുറക്കെ അവൾ നിലവിളിച്ചു.
ഒരിക്കൽ പോലും അവരാരും എന്നെ മനസ്സിലാക്കിയില്ല .ഞാനെന്താണ് എന്ന് അറിയാൻ ഒരു ശ്രമം പോലും നടത്തിയില്ല .. എല്ലാം മതിയാക്കാനൊരുങ്ങുമ്പോഴൊക്കെ കടപ്പാടിൻ്റെ ഉത്തരവാദിത്വത്തിൻ്റെ സമൂഹത്തിൻ്റെ മുൻപിൽ ഞാൻ പതറിപ്പോയി .ഉള്ളിൽ കൊടുങ്കാറ്റടിക്കുമ്പോഴും അചഞ്ചലയായി ഞാൻ നിന്നു .നിനക്ക് ഞാനില്ലേ എന്ന വഷളൻ ചോദ്യത്തോട് എനിക്ക് എക്കാലവും വെറുപ്പാണു എനിക്ക് ഞാനില്ലാതായിട്ട് വേറെന്തെല്ലാമുണ്ടായിട്ട് വേറാരെല്ലാമുണ്ടായിട്ട് എന്തു കാര്യം .
പിന്നെയീ ചിത്രങ്ങൾ മുഴുവൻ; അനാമിക അർദ്ധോക്തിയിൽ നിർത്തി
അവരെ എപ്പോഴും കണ്ടു കൊണ്ടിരിക്കാൻ അങ്ങനെ കണ്ടു കൊണ്ടിരിക്കുമ്പോൾ എനിക്ക് പഴയ എന്നെ ഓർമ്മ വരും വാശി വരും പിന്നോട്ടില്ല എന്ന് വീണ്ടും വീണ്ടും ഉറപ്പിക്കും. സ്നേഹമില്ലാഞ്ഞിട്ടല്ല പകരം എനിക്ക് എന്നോട് ഇത്തിരിയെങ്കിലും നീതി കാണിക്കേണ്ടതു കൊണ്ടാണ്.
പിന്നെ പണ്ടത്തെപ്പോലെയല്ലല്ലോ മക്കൾ വലുതായി .കുളിമുറിയിൽ പാറ്റയെ കണ്ട്
നിലവിളിച്ച മകൾ ഇന്ന് വലുതായിരിക്കുന്നു .രക്തം കണ്ട് തലകറങ്ങി വീണ മകൻ സർജനാണ് .ഭർത്താവ് മകളുടെ കൂടെ വിദേശത്ത് റിട്ടയർമെൻ്റ് ആസ്വദിക്കുന്നു .ഞാനില്ലാത്തതിൻ്റെ കുറവ് ആർക്കുമില്ല …ഇപ്പോഴെങ്കിലും ഇങ്ങനെ ജീവിച്ചില്ലെങ്കിൽ ജീവിച്ചിരുന്നു എന്നത് ഒരു വിഡ്ഡിത്തമായി തോന്നും കുട്ടി .അവർ പിന്നെയും തുടർന്നു .
അനാമിക ചോദിച്ച ചോദ്യങ്ങൾ എവിടെയോ മറന്നു പോയിരുന്നു രണ്ടര മണിക്കൂർ കഴിഞ്ഞ് പുറത്തിറങ്ങുമ്പോ താൻ മറ്റാരോ ആയതു പോലെ അനാമികയ്ക്കു തോന്നി.ഓഫിസിലേക്കുള്ള യാത്രയിൽ ട്രാഫിക്കിൽ കുടുങ്ങിയപ്പോൾ മഞ്ഞ സിഗ്നൽ മാത്രം അവളുടെ കണ്ണിലുടക്കി .എന്നും തയ്യാറെടുപ്പുകൾ തന്നെ പക്ഷേ ഒരിക്കലും മുറിച്ചുകടക്കാനാവാത്ത വൈതരണികൾ ബന്ധങ്ങൾ … ഒരു തരത്തിൽ പറഞ്ഞാൽ താനും അവരും ഒരേ നുകത്തിൽ കെട്ടി വലിയ്ക്കപ്പെടുന്ന രണ്ടു വണ്ടിക്കാളകൾ. തിരിച്ചറിവിൻ്റെ ഏതോ നിമിഷത്തിൽ അവരാ കെട്ടു പൊട്ടിച്ചു രക്ഷപ്പെട്ടു താനോ എത്ര നാളിങ്ങനെ? പെട്ടന്ന് മൊബൈൽ ഫോണടിച്ചു ഗൗതമാണ് നീയെപ്പോ എത്തും മോളൊന്നും കഴിച്ചിട്ടില്ല
അരുന്ധതി പറഞ്ഞ കാണാച്ചങ്ങലകൾ അതിലേറെ കട്ടിയിൽ തൻ്റെ കാലിലും കഴുത്തിലും കുരുങ്ങുന്നത് അനാമിക അറിഞ്ഞു .

Share This:

Comments

comments