വിദ്യ വേണു.(Street Light fb Group)
ഗീതെ ഒരു വർഷത്തെ ചടങ്ങുകളെല്ലാം കഴിഞ്ഞല്ലെ.?
കഴിഞ്ഞു.
ഒരു വർഷമായി അവൻ പോയിട്ടെന്ന് തോന്നുന്നില്ല ദേവേച്ചീ..
അച്ചുമോന്റെ ചിരിക്കുന്ന മുഖം എനിക്കങ്ങോട്ട് മറക്കാൻ പറ്റുന്നില്ല.
അവൻ അവധിക്കെപ്പം വന്നാലും രാവിലെ എന്നെ കണ്ടാലുടനെ ‘എനിക്കും കൂടി ചായ വെച്ചിട്ടില്ലെ ഇച്ചേയിയേന്ന് ചോദിച്ചും കൊണ്ട് കയറി വരും.
ഇവിടെ കേറിയിറങ്ങി നടന്നു വളർന്ന കൊച്ചനല്ലെ.
ഒരു പട്ടാളക്കാരന്റെ അഭിമാനമാ ചേച്ചീ… മാതൃഭൂമിക്ക് വേണ്ടി ജീവൻ കളയുകാന്ന് പറഞ്ഞാൽ.
അതൊക്കെ ശരിയാ.. പക്ഷെ
രക്നമ്മ ചേച്ചിക്കും ആ കൊച്ചിനും കണ്ണു തോർന്നിട്ടില്ല.
ഹോ! അച്ചൂന്റെ മരണം കഴിഞ്ഞ് എത്ര നാള് അത് കല്യാണ ഫോട്ടോയും പിടിച്ചോണ്ട് ഇരിപ്പാരുന്നു.
കാണുന്നോർക്ക്
സങ്കടം സഹിക്കില്ലാ..
അച്ചു മരിച്ച് പതിനാറ് കഴിഞ്ഞ് അവളുടെ വീട്ടുകാര് കൊണ്ടുപോകാൻ വന്നതാ.
ആ കൊച്ച് കട്ടായം പറഞ്ഞു.
അമ്മെ ഇട്ടിട്ട് വരുന്നില്ലന്ന് .
സത്യം പറഞ്ഞാ അനൂനെ സമ്മതിക്കണം.
ഒരു വർഷത്തെ ദാമ്പത്യം.
ഒരു കുഞ്ഞു പൊലും ഇല്ലാഞ്ഞിട്ടും അത് ഇവിടെ നിക്കുവാ..
ഇന്നെനി അവര് അവളെക്കൂടെ ക്കൊണ്ട് പ്പോയാൽ ചേച്ചീടെ കാര്യമാ അത് എങ്ങനെ സഹിക്കും.
ഭർത്താവും ചെറുപ്പത്തിൽ മരിച്ചു കഴിഞ്ഞ് ഒറ്റ മോനു വേണ്ടി ജീവിച്ചതാ
പാവം എന്താ സുഖം അനുഭവിച്ചു ആ സ്ത്രീ.
ഇനി നമ്മൾ അയലത്ത് കാര് അതിനെ നോക്കണം അല്ലെടീ…
പിന്നെ നമുക്ക് അവർ സ്വന്തം ചേച്ചി തന്നെയല്ലേ.
യ്യോ! അനൂ ന്റെ വീട്ടുകാരുടെ വണ്ടിയല്ലെ ആ പോണത്.
അവള് പോയില്ല അവരുടെ കൂടെ .
വാ.. ദേവേച്ചീ നമുക്ക് അങ്ങോട്ട് പോകാം.
അനുക്കുട്ടീ..
അനുവിന്റെ അടുത്ത് അയലത്തുകാരെല്ലാവരും കൂടി
മോളെ അച്ഛനും അമ്മേ…ഒക്കെ പോയി അല്ലെ.
മ് ‘പോയി.
അവള് പോയില്ല..മായെ.
വീട്ടുകാര് പിണങ്ങിയാ പോയിരിക്കുന്നത് ഞാനും അനൂനെ ഒത്തിരി നിർബന്ധിച്ചതാ.
ചേച്ചീ.. ഏട്ടൻ എന്നെ യാ അമ്മയെ ഏൽപ്പിച്ചിട്ട് പോയത്
അമ്മേ വിട്ട് ഞാൻ എങ്ങും പോവില്ല.
എന്റെ അച്ഛനും അമ്മയ്ക്കും
എന്റെ സഹോദരനുണ്ട്.
ഞാൻ ഡിഗ്രി പൂർത്തിയാക്കും എന്തെങ്കിലും ജോലിക്ക് പോകും അമ്മേ ഞാൻ സംരക്ഷിക്കും.
ഇത് ചേച്ചീടെ മരുമകളല്ല മകളാ.
അതെ എന്റെ മകൾ തന്നെയാ.
രത്നമ്മ അനൂനെക്കെട്ടിപ്പിടിച്ചു.
അഞ്ചു വർഷങ്ങൾ കടന്നു പോയി.
അനൂന് ബാങ്കിൽ ജോലി കിട്ടി.
അവളുടെ അച്ഛൻ മരിച്ചിട്ടും അനു രത്നമ്മയെ വിട്ട് പോകാൻ തയ്യാറായില്ല.
അമ്മമാരു രണ്ടു പേരും നിർബന്ധിച്ചിട്ടും അവൾ മറ്റൊരു വിവാഹത്തിന് സമ്മതിച്ചതുമില്ല.
പക്ഷെ രത്നമ്മ അനുന്റെ അമ്മയ്ക്ക് വാക്ക് കൊടുത്തു. അവളുടെ വിവാഹം നടത്തിക്കൊടുക്കാമെന്ന്.
രാജൻ പിള്ള ഇല്ലെ ഇവിടെ?
ഉണ്ടല്ലോ ചേച്ചീ..
കയറി ഇരുന്നാട്ടെ..
ആഹാ! എന്താ ചേച്ചീ ഇതുവഴി.
ഞാനൊരു കല്യാണ ആലോചനയുടെ കാര്യം പറയാൻ വന്ന താ.
യ്യോ! ഇനി ആർക്കു വേണ്ടിയാ ചേച്ചി.
ചേച്ചിക്ക് ആകെ ഒരു മോനല്ലെ ഉണ്ടാരുന്നുള്ളൂ.
മ് ഇപ്പം എനിക്കൊരു മകളും കൂടെയുണ്ട്.
അനൂ നെ എനിക്ക് രാജനാ
ക്കൊണ്ടു ത്തന്നത്.
എനിക്ക് അവളുടെ വിവാഹം നടത്തണം.
പറ്റിയ ആലോചന ഉണ്ടെ അറിയിക്കണം.
ചേച്ചീടെ നല്ല മനസാ മരുമകളുടെ വിവാഹം നടത്താൻ തോന്നിയല്ലോ.
അതെന്റെ കടമയാ രാജാ.
അവിടുന്നിറങ്ങി നടക്കുമ്പോഴാ..
ബൈക്കിൽ വന്ന ചെറുപ്പക്കാരൻ അടുത്ത് വണ്ടി നിർത്തിയത്.
ഒന്നു നിൽക്കണെ ബാങ്കിൽ ജോലിയുള്ള ഐശ്വര്യയുടെ അമ്മയല്ലേ.
അതെ..
എന്റെ പേര് മനീഷ്.
ഞാൻ ഐശ്വര്യയുടെ ബാങ്കിലെ പുതിയ മാനേജരാണ്.
ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ
വ്, പറയൂ മോനെ.
എനിക്ക് ആ കുട്ടിയെ വിവാഹം കഴിക്കാൻ താത്പര്യം ഉണ്ട്.
മോനെ ഈ കാര്യം വഴിയിൽ നിന്നല്ല പറയണ്ടത് നീ വീട്ടിലേയ്ക്ക് വാ.
കാര്യങ്ങൾ രത്നമ്മ രാത്രി
അനൂ നോട് ചോദിച്ചു.
ഇല്ലമ്മെ എനിക്കറിയില്ല ആ സാറ് എന്നോടൊന്നും പറഞ്ഞില്ല.
എനിക്ക് വിവാഹം വേണ്ടാമ്മെ
അച്ചുവേട്ടനെ മറക്കാൻ എനിക്കു കഴിയുകയില്ല.
അനൂ.. എന്റെ മകൻ മാത്രമായിരുന്നില്ലവൻ
ഭാരതാംബയുടെ വീരപുത്രനായിട്ടാണവൻ പോയത് എനിക്ക് എന്റെ മകനെക്കുറിച്ച് ഓർത്ത് അഭിമാനമുണ്ട്.
ഭൂമിയിലെ ജീവിതം അവസാനിച്ച് പോയവരെ കാത്തിരുന്ന് ശിഷ്ടകാലം നഷ്ടമാക്കിയതുകൊണ്ട് മരിച്ചവർക്ക് തൃപ്തിയാകില്ല.
പിന്നെന്താ അച്ഛൻ മരിച്ചിട്ട് അമ്മ വിവാഹം കഴിക്കാഞ്ഞത്?
പ്രതീക്ഷകളാണ് ജീവിതത്തെ നയിക്കുന്നത് എന്റെ പ്രതീക്ഷ
എന്റെ മകനാരുന്നു.
നീ എന്നെപ്പോലെയല്ല ഞാനും നിനക്ക് നഷ്ടപ്പെട്ടാൽ നീ തനിച്ചാവും
ഒരു കൂട്ട് വേണം മോളെ.
അമ്മയുടെ ആഗ്രഹമാണ് അത് നീ സാധിപ്പിച്ച് തരണം.
ശരി അമ്മയെ ഞാൻ അനുസരിക്കാം പക്ഷെ അമ്മയെ വിട്ട് ഞാൻ പോകാൻ പറയരുത്.
അവൾ എഴുനേറ്റ് അടുക്കളയിലേയ്ക്ക് പോയി.
അടുക്കളയിൽ നിന്നവൾ ആലോചിച്ചു എങ്ങനാ ഈ വിവാഹം മുടക്കുക.
എന്തായാലും ഇന്നത്തെ ചെക്കൻമാർ പെണ്ണിന്റെ വീട്ടിൽ നിൽക്കില്ലല്ലോ. ഇയാളും വന്ന വഴിയെ പോയ്ക്കോളും.
അലമാര തുറന്നവൾ ആൽബം എത്തു നിവർത്തി ..
ഓരോ ഫോട്ടോ യിലേയ്ക്കും അവൾ ഉറ്റുനോക്കി.
അച്ചുവിന്റെ മുഖത്തവൾ വിരലുകൊണ്ടു തൊട്ടു … കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഫോട്ടോയിൽ വീണു ചിതറി.
ആ ആൽബം നെഞ്ചിലേയ്ക്ക് ചേർത്തു പിടിച്ചവൾ കട്ടിലിൽ കിടന്നു..
എന്റെ അച്ചുവേട്ടന് എന്തു സ്നേഹമായിരുന്നു.
ചിന്തിച്ചു കൂട്ടിയ സ്വപ്നങ്ങളെല്ലാം ചിതയിലെരിച്ച് എവിടേയ്ക്കൊ മാഞ്ഞുപോയി.
ഒന്നൂടെ.. ഒന്നു കാണാൻ പറ്റിയിരുന്നെങ്കിൽ ഒന്നു കെട്ടിപ്പിടിച്ച്
കരയാമായിരുന്നു.
അവൾ അടുത്തു കിടന്നതലയണയെ മുറുകെ പിടിച്ചു തേങ്ങിക്കരഞ്ഞു.
സ്നേഹിക്കുന്നവരെ വേർപെടുത്തിക്കളിക്കുന്ന വിധിയെ എന്താ വിളിക്കുക .. ദൈവമെന്നോ
അറിയില്ലല്ലോ? ..
എവിടെയായിരിക്കും ദേഹത്തെ ഉപേക്ഷിച്ച് ജീവൻ പോകുന്നത്?
ഒരിക്കലും ഉത്തരം കണ്ടെത്താനാവാത്ത ചോദ്യം?
ഉത്തരം തേടി തേടി അവളുറങ്ങി.
പിറ്റേ ദിവസം അനു ജോലിക്ക് പോയി..
കുറച്ചു സമയം കഴിഞ്ഞ്
ഒരു മുറ്റത്ത് ഒരു ബൈക്ക് വന്നു നിന്നു.
അതിൽ നിന്നിറങ്ങിയ ആളിനെ രക്നമ്മയ്ക്ക് മനസിലായി.
കയറി വാ.. മോനെ അവർ ക്ഷണിച്ചു.
രത്നമ്മ കൊടുത്ത ചായ കുടിച്ചു കൊണ്ടവൻ പറഞ്ഞു.
ഞാൻ ഐശ്വര്യയെക്കുറിച്ച് അന്വഷിച്ചു വിവരങ്ങൾ ഒക്കെ അറിഞ്ഞു.
ആദ്യമായിട്ട് പറയട്ടെ അമ്മെ ഞാൻ ഒരു അനാഥനാണ് ഒരു ഓർഫനേജിലാണ് വളർന്നത്.
ഞാനും വിവാഹം കഴിഞ്ഞ ആളാണ് എന്റെ ഭാര്യയും ഞാനും ഒന്നിച്ച് വളർന്നവരായിരുന്നു.
അഞ്ച് വർഷം കഴിഞ്ഞാ ഞങ്ങൾക്ക് ഒരു മകൻ ഉണ്ടായത്.
സന്തോഷമുള്ള ജീവിതം ദൈവത്തിന് പോലും അസൂയ തോന്നും എന്ന് കേട്ടിട്ടുണ്ട് .. പ്രിയയ്ക്ക് ചെറിയൊരു പനിവന്നതാ… പക്ഷെ മഞ്ഞപ്പിത്തമായിരുന്നു .. അറിഞ്ഞില്ല. മോന് ആറുമാസം ഉള്ളപ്പോഴാ.. അവൾ ഞങ്ങളെ
വിട്ടു പോയത്.
ഇപ്പോൾ അവന് ഒരു വയസായി
എന്റെ മകനും എന്നെപ്പോലെ അനാഥനായി വളരാതിരിക്കാൻ അവനെ
സ്നേഹിച്ചു വളർത്താൻ ഒരമ്മ വേണം.
എനിക്ക് ഭാര്യയെന്നതിലുപരി അവന് ഒരു നല്ല അമ്മയാകാൻ ഐശ്വര്യയ്ക്ക് കഴിയുമോന്ന് അമ്മ ഒന്നു ചോദിക്കുമോ.?
മോൻ ഐശ്വര്യയൊട് സംസാരിക്കൂ ഞാൻ എല്ലാം അവളോട് പറഞ്ഞിട്ടുണ്ട്.
ശരിയമ്മേ.
ഐശ്വര്യക്ക് സമ്മതമാണോ?
സർ, എന്റമ്മയെ വിട്ട് ഞാൻ എങ്ങും വരില്ല പിന്നെ എനിക്ക് സാറിനെ ഭർത്താവായി കാണാൻ
കഴിയുകയുമില്ല.
മോനെ ഞാൻ വളർത്താം അവന് ഞാനെന്നും നല്ലൊരമ്മയാകാം.
സാറ് എന്തു പറയുന്നു.
ഐശ്വര്യാ .. ഞാനെന്റെ പ്രിയയെ മറന്നതു കൊണ്ടല്ല വീണ്ടും ഒരു ജീവിതം തേടിയിറങ്ങിയത് എന്റെ മകൻ കണ്ടിട്ടില്ലാത്ത അമ്മയ്ക്ക് പകരം അവനെ സ്നേഹിച്ചു വളർത്താൻ ഒരമ്മ വേണം.
പിന്നെ ജീവിതം ഒരു യാത്രയാണ്.
ഇടയ്ക്ക് വെച്ച് പിരിഞ്ഞു പോകണ്ടവരാണ് നമ്മൾ എല്ലാ യാത്രക്കാരും .പോകുന്നവരെ ഓർക്കുന്നതിനൊടൊപ്പം അവർ തിരികെ വരില്ലെന്ന അറിവും നമുക്ക് വേണം.
എനിക്ക് സമ്മതമാണ് ഐശ്വര്യ എന്നെങ്കിലും എന്നെ മനസിൽ സ്വീകരിക്കുന്ന കാലം ഉണ്ടെങ്കിൽ നമ്മൾക്ക് ഒന്നിച്ചു ജീവിക്കാം.
ഇല്ലെങ്കിൽ നമ്മുടെ മകന്റെ അച്ഛനും അമ്മയുമായി നല്ലൊരു സുഹൃത്തായ് ഒന്നിച്ചു ജീവിതയാത്ര തുടരാം.
അനു തിരികെ ചെല്ലുന്നതും കാത്ത് രത്നമ്മ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു.
അകത്തേയ്ക്ക് കടന്നു പോകാൻ തുടങ്ങിയ അവളുടെ കൈയ്യിൽ പിടിച്ചു കൊണ്ട് അവർ ചോദിച്ചു.
അനൂ നീ എന്തു തീരുമാനിച്ചു.
എന്റെ കാര്യങ്ങൾ ഞാൻ പറഞ്ഞു സാറു സമ്മതിച്ചു.
രത്നമ്മ അവളെക്കെട്ടിപ്പിടിച്ചു. എന്റെ മോളെ അമ്മയ്ക്ക് സന്തോഷമായി.
ഭൂമിയിലെ ജീവിതം മഴവില്ല് പോലാ കണ്ട് സന്തോഷിക്കും മുൻപ് അത് മാഞ്ഞ് പോകും.
എല്ലാം ദൈവനിശ്ചയമാണെന്ന് കരുതി… മോള് അച്ചുന്റെ സ്ഥാനത്ത് അവനെ കാണണം ഞാൻ അവനെ എന്റെ മകനായ് തന്നെ കാണും.
ജീവിതം ഒന്നെ ഉള്ളൂ അത് ജീവിച്ചു തന്നെ തീർക്കണം.
ഞാൻ ശ്രമിക്കാം അമ്മെ.
ദൈവമേ.. നന്ദി സമാധാനമായി ഒരമ്മയുടെ കടമ എനിക്കു ചെയ്യാൻ കഴിയുമല്ലോ.
Attachments area