മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ഉറൂബിന്റെ മനുഷ്യദര്‍ശനം ദൈവശാസ്ത്രവിചിന്തനം.

0
244

ജോയിച്ചൻ പുതുക്കുളം.

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റനിലെ സാഹിത്യ സംഘടനയായ മലയാളം സൊസൈറ്റിയുടെ 2020-ലെ മാര്‍ച്ചുമാസ സമ്മേളനം 8-ാം തീയതി ഞായറാഴ്ച വൈകീട്ട് 4 മണിക്ക് സ്റ്റാഫറ്ഡിലെ ദേശി ഇന്ത്യന്‍ റസ്റ്റൊറന്റില്‍ നടത്തപ്പെട്ടു. ജോര്‍ജ് മണ്ണിക്കരോട്ടിന്റെ ഹൃസ്വമായ ഉപക്രമത്തോടെ സമ്മേളനം ആരംഭിച്ചു. തോമസ് കളത്തൂര്‍ അവതരിപ്പിച്ച ‘പ്രതീക്ഷയുടെ അമൂല്യത’ എന്ന ഗദ്യകവിതയും ജോര്‍ജ് പുത്തന്‍കുരിശ് അവതരിപ്പിച്ച ‘ഉറൂബിന്റെ മനുഷ്യദര്‍ശനം ദൈവശാസ്ത്രവിചിന്തനം’ എന്ന റവ. രാജു അഞ്ചേരിയുടെ കൃതിയുടെ ആസ്വാദനവുമായിരുന്നു പ്രധാന ചര്‍ച്ചാവിഷയങ്ങള്‍. ജോണ്‍ കുന്തറ മോഡറേറ്ററായി ചര്‍ച്ച നിയന്ത്രിച്ചു.

ബ്രാഹ്മണരുടെ പരമ്പരാഗതവും അനൗപചാരികവും നിഷ്ക്കളങ്കവുമായ സംഭാഷണശൈലിയിലും അതിലെ കാവ്യഭംഗിയിലും ആകൃഷ്ടനായാണ് ‘പ്രതീക്ഷയുടെ അമൂല്യത’ എന്ന ഗദ്യകവിത രചിക്കാനിടിയായതെന്ന് തോമസ് കളത്തൂര്‍ അറിയിച്ചു. പേരക്കുട്ടികളോടുള്ള അപ്പൂപ്പന്റെ വാത്സല്യവും ലാളനയും കവിതയില്‍ ഉടനീളം തെളിഞ്ഞു കാണാമായിരുന്നു. ഒരു പക്ഷേ സ്വന്തം മക്കളില്‍ അര്‍പ്പിക്കാന്‍ കഴിയാതെപോയ സ്‌നേഹത്തിന്റെയും ലാളനയുടെയും കണക്കുതീര്‍ക്കലാണോ ഇതെന്നു തോന്നിപ്പോകും. എന്തായാലും കളത്തൂരിന്റെ കവിതയ്ക്ക് കേള്‍വക്കാരില്‍ ഗൃഹാതുരത്ത ചിന്തകളുണര്‍ത്താന്‍ കഴിഞ്ഞു.

“അര്‍ത്ഥമില്ലാത്ത എന്തിനൊ കാത്തിരിപ്പാണ് ജീവിതം
കാലം നഷ്ടമാക്കിയ അര്‍ത്ഥവും ചുമന്നുള്ള ജീവിതം”
എന്നതുപോലെയുള്ള താത്വികവും വൈകാരികവുമായ വരികള്‍ കവിതയെ ചിന്തോദ്ദീപകമാക്കി.

ജോര്‍ജ് പുത്തന്‍കുരിശ് അവതരിപ്പിച്ച ‘ഉറൂബിന്റെ മനുഷ്യദര്‍ശനം ദൈവശാസ്ത്രവിചിന്തനം’ എന്ന റവ. രാജു അഞ്ചേരിയുടെ കൃതിയുടെ ആസ്വാദനവുമായിരുന്നു അടുത്ത വിഷയം. ദൈവത്തിന്റെ നിര്‍വചനത്തില്‍ നന്മയും സ്‌നേഹവും ഉണ്ടെങ്കില്‍ ആ ദൈവത്തെ ഉറൂബിന്റെ കഥാപാത്രങ്ങളില്‍ കണ്ടെത്താന്‍ കഴിയുമെന്നും എന്നാല്‍ ആ കഥാപാത്രങ്ങളാകട്ടെ ഇന്നത്തെ ലോകത്തില്‍ നന്മയുടെയും സ്‌നേഹത്തിന്റെയും പ്രതിരൂപങ്ങളായി സങ്കല്പ്പിച്ചിരിക്കുന്ന മനുഷ്യരുമായി യാതൊരു വിധത്തില്‍ പൊരുത്തപ്പെടുന്നില്ലതാനും.

കുഞ്ഞിന്റെ കരച്ചില്‍ കേട്ട് കഠാരപ്പിടിയിലമര്‍ന്ന കൈ താനെ അയഞ്ഞുപോകുന്ന ‘പൊന്നുതൂക്കുന്ന തുലാസും പടച്ചോന്റെ ചോറും’ എന്ന കഥയിലെ മൗലവിയും തുരുത്തില്‍ ഒറ്റപ്പെട്ട് മരണത്തെ അഭിമുഖീകരിച്ചുകഴിയുന്ന മനുഷ്യരെ രക്ഷിക്കാന്‍ അലറുന്ന കടലില്‍ എടുത്തുചാടുന്ന കൊടുങ്കാറ്റിലെ മനുഷ്യരും ഒക്കെ ഒരു പക്ഷെ നമ്മുടെ മാനദണ്ഡങ്ങള്‍വച്ച് നോക്കുമ്പോള്‍ ദൈവത്തിന്റെ മക്കളെന്നു വിളിക്കാന്‍ യോഗ്യതയുള്ളവരായി കാണുന്നില്ല. കാരണം നമ്മുടെ ദൈവസ്‌നേഹത്തിന്റെയും അനുഗ്രഹത്തിന്റെയും അളവുകോല്‍ ബാഹ്യമായ പെരുമാറ്റങ്ങളുടെ അടിസ്ഥാനത്തിലായതുകൊണ്ടാണ്. ആന്തരിക സൗന്ദര്യം കണ്ടെത്താന്‍ നാം ഒരിക്കലും ശ്രമിക്കാറില്ല. ആന്തരിക സൗന്ദര്യത്തിന്റെ അടിസ്ഥാനത്തില്‍ ഉറൂബിന്റെ മനുഷ്യദര്‍ശനവും അതില്‍ ദൈവസ്‌നേഹവും കണ്ടെത്തണമെങ്കില്‍ തീര്‍ച്ചയായിട്ടും അദ്ദേഹത്തിന്റെ സുന്ദരന്മാരും സുന്ദരികളും വായിച്ചിരിക്കണം.

റവ. രാജു അഞ്ചേരിയുടെ ‘ഉറൂബിന്റെ മനുഷ്യദര്‍ശനം ‘ദൈവശാസ്ത്രവിചിന്തന’വും എന്ന ഗ്രന്ഥവും ജോര്‍ജ് പുത്തന്‍കുരിശിന്റെ ആസ്വാദനവും ഉറൂബിന്റെ മനുഷ്യദര്‍ശനത്തെക്കുറിച്ചും ദൈവശാസ്ത്രത്തെക്കുറിച്ചും വ്യക്തമാക്കുന്നതില്‍ വിജയിച്ചു എന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

സമ്മേളനത്തില്‍ പൊന്നു പിള്ള, എ.സി. ജോര്‍ജ്, ആന്റണി അഗസ്റ്റിന്‍, ജോണ്‍ കുന്തറ, മാത്യു പന്നപ്പാറ, ജോയി ചെഞ്ചേരില്‍, നൈനാന്‍ മാത്തുള്ള, ചാക്കൊ മുട്ടുങ്കല്‍, ടി.എന്‍. സാമുവല്‍, ജോസഫ് നടയ്ക്കല്‍, തോമസ് കളത്തൂര്‍, സുകുമാരന്‍ നായര്‍, അല്ലി എസ്. നായര്‍, ജോസഫ് പൊന്നോലി, ജി. പുത്തന്‍കുരിശ്, ജോര്‍ജ് മണ്ണിക്കരോട്ട്, മുതലായവര്‍ പങ്കെടുത്തു.

പൊന്നു പിള്ളയുടെ കൃതഞ്ജത പ്രസംഗത്തോടെ സമ്മേളനം പര്യവസാനിച്ചു. മലയാളം സൊസൈറ്റിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് 281 857 9221, ജോളി വില്ലി 281 998 4917, പൊന്നു പിള്ള 281 261 4950, ജി. പുത്തന്‍കുരിശ് 281 773 1217

Share This:

Comments

comments