ഇല്ലിനോയി സ്‌റ്റേറ്റ് അസ്സംബ്ലിയിലേക്ക് മത്സരത്തിനായി കെവിന്‍ ഓലിക്കല്‍. പിന്തുണയുമായി മലയാളി സമൂഹവും.

0
171

ജോയിച്ചൻ പുതുക്കുളം.

ചിക്കാഗോ: അമേരിക്കന്‍ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് മലയാളി സമൂഹവും കടന്നുവരുന്നതിന്റെ ഭാഗമായി ചിക്കാഗോയില്‍ നിന്നും മലയാളി യുവാവ് ഇല്ലിനോയി സ്‌റ്റേറ്റ് അസംബ്ലിയിലേക്ക് മത്സരിക്കുന്നു. കെവിന്‍ ഓലിക്കല്‍ എന്ന ചിക്കാഗോ മലയാളി സമൂഹത്തിനു സുപരിചിതമായ യുവാവാണ് മലയാളി സമൂഹത്തിന്റെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തികൊണ്ട് മത്സര രംഗത്തേക്ക് കടന്നു വന്നിരിക്കുന്നത്. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കയിലേക്ക് കുടിയേറിയ ജോജോ & സൂസന്‍ ദമ്പതികളുടെ മകനും ചിക്കാഗോയിലെ മലയാളി യുവത്വത്തിന്റെ പ്രതീകവുമായ കെവിന് കലവറയില്ലാത്ത പിന്തുണയുമായി ചിക്കാഗോ പ്രദേശത്തെ എല്ലാ മലയാളി സംഘടനകളും വ്യക്തികളും അണിനിരന്നു കഴിഞ്ഞു. ഫണ്ട് റൈസിംഗിനും സോഷ്യല്‍ മീഡിയയിലൂടെയും നേരിട്ടുമുള്ള ഇലക്ഷന്‍ പ്രാചരണത്തിനുമൊക്കെയായി മലായാളി സമൂഹം തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.

 

ചിക്കാഗോയിലെ 40വേ & 50വേ വാര്‍ഡുകളും സ്‌കോക്കി, മോര്‍ട്ടന്‍ഗ്രോവ്, ലിങ്കന്‍വുഡ് സബര്‍ബുകളും അടങ്ങുന്ന ഇല്ലിനോയി സ്‌റ്റേറ്റിന്റെ 16വേ വാര്‍ഡാണ് കെവിന്റെ മത്സരവേദി. നൈല്‍സ് നോര്‍ത്ത് ഹൈസ്കൂളില്‍ നിന്നും ഒഹായോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പഠിച്ചിറങ്ങിയ കെവിന്‍ അമേരിക്കന്‍ രാഷ്ട്രര്യവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി കടന്നുവന്ന വ്യക്തിയാണ്. സ്‌റ്റേറ്റ് റെപ്രസന്റിറ്റീവ് ഡബ് കോണ്‍റോയിയുടെ ഡിസ്ട്രിക് ഡയറക്ടര്‍ ആയി സേവനം ചെയ്തിട്ടുള്ള കെവിന്‍ ഇന്‍ഡോ അമേരിക്കന്‍ ഡെമോക്രാറ്റിക് ഓര്‍ഗനൈസഷന്റെ (IADO) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയാണ്. അതോടൊപ്പം വര്‍ഷങ്ങളായി മുഖ്യധാരാ രാഷ്ട്രീയ പ്രവര്‍ത്തകരോടൊപ്പം അമേരിക്കന്‍ സമൂഹത്തിന്റെ സാമൂഹിക പ്രശ്‌നങ്ങളില്‍ നിരന്തരമായ ഇടപെടലുകള്‍ നടത്തുകയും അതോടൊപ്പം മലയാളി സമൂഹത്തില്‍ യുവജനങ്ങള്‍ക്ക് അമേരിക്കന്‍ മുഖ്യധാരാ രാഷ്ട്രീയത്തിലേക്കുള്ള പ്രചോദനമാകുവാന്‍ വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള വ്യക്തി കൂടിയാണ്.

 

ഇതിനകം തന്നെ മാര്‍ച്ച് 17 ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാനായി ഔദ്യോഗിക നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച കെവിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പിന്തുണയുമായി രാഷ്ട്രീയത്തിനതീതമായി മലയാളി സമൂഹത്തിലെ നിരവധി വ്യക്തികള്‍ ഇതിനകം തന്നെ മുന്നോട്ട് വന്നിട്ടുണ്ട് എന്നത് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ് എന്ന് തെരെഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമായ ശ്രീ ടോമി മെതിപ്പാറ അറിയിച്ചു. തെരെഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ദിശാബോധം നല്‍കുവാനും തെരെഞ്ഞെടുപ്പ് ഫണ്ട് റൈസിംഗിനുമായി ചിക്കാഗോയിലെ എല്ലാ മലയാളി സംഘടനകളുടെയും പിന്തുണയോടെ, ഡിസംബര്‍ 8 നു വൈകിട്ട് മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന വിപുലമായ സമ്മേളനത്തിലേക്ക് എല്ലാ അഭ്യുദയകാംഷികളെയും ക്ഷണിക്കുന്നതായി ശ്രീ ടോമി മെതിപ്പാറ അറിയിച്ചു,

Share This:

Comments

comments