ഫ്ലോറ (ചെറുകഥ)

0
947

ജയശ്രീ സലിലാൽ.(Street Light fb Group)

കോരിച്ചൊരിയുന്ന മഴയിൽ, ഇരുവശത്തും ഇടതൂർന്നുനില്ക്കുന്ന മരങ്ങൾക്കിടയിലെ വീതികുറഞ്ഞ ടാറിട്ട റോഡിലൂടെ സ്പീഡിൽപ്പോകുന്ന ടൂറിസ്റ്റ് ബസിലിരുന്ന് പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിനോടൊപ്പംതന്നെ ഇടയ്ക്കിടയ്ക്ക് കൈയിലിരിക്കുന്ന പുസ്തകവും വായിക്കുന്നുണ്ട് ശ്രീക്കുട്ടി. മധുരമുള്ള ഓർമ്മകളെ താലോലിച്ചുകൊണ്ട് മഴയിലൂടെ പ്രകൃതിയെ നോക്കിയങ്ങനെയിരിക്കണോ അതോ സുഖകരമായ ആ അന്തരീക്ഷത്തിൽ തന്റെ പ്രിയപ്പെട്ട പുസ്തകത്തിൽ ലയിച്ചുചേരണമോയെന്ന ചിന്ത അവളെ അല്‍പ്പം കുഴപ്പിച്ചെങ്കിലും ആ മുഖത്തുവിരിയുന്ന സംതൃപ്തിയും ചിരിയും അവള്‍ വളരെ ഉത്‌സാഹവതിയാണെന്ന് വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. ജീവിതത്തിലെ എല്ലാ തിരക്കുകളിൽനിന്നും മാറി മൂന്നുദിവസത്തെ ഒരു ചെറിയ അവധിക്കാലമാഘോഷിക്കാനായി ഭർത്താവും കുട്ടികളുമൊത്തുള്ള മനോഹരമായൊരു യാത്രയുടെ ലഹരിയാവോളം നുകര്‍ന്നുകൊണ്ട് അവള്‍ പുറംകാഴ്ചകളിലേയ്ക്കിടയ്ക്കിടയ്ക്ക് കണ്ണുനട്ടും ഒപ്പം കൈയിലുള്ള‍ പുസ്തത്തിനുള്ളിലേയ്ക്കൂളിയിട്ടും തന്റെ യാത്ര തുടര്‍ന്നുകൊണ്ടിരുന്നു.

ചൈനയിലെ ഒരുൾഗ്രാമത്തിലേക്കായിരുന്നു അവരുടെ ടൂർപാക്കേജ്. കൂടുതലും ചൈനീസ് ആളുകളാണ് യാത്രയിലുണ്ടായിരുന്നത്. സഹയാത്രികര്‍ക്കായി എന്തു സഹായവും ചെയ്യുന്നവരാണവരെന്ന് അവരെ പരിചയപ്പെട്ടപ്പോഴേ ശ്രീക്കുട്ടിക്ക് തോന്നി.

എപ്പോഴോ ചെറുമയക്കത്തിലായിപ്പോയ ശ്രീക്കുട്ടിയെ വളകിലുക്കംപോലുള്ള ഫ്ലോറയുടെ ശബ്ദമാണ് ഉണർത്തിയത്. അവരുടെ ടൂര്‍ഗൈഡായിരുന്നു ഫ്ലോറെയെന്ന വെളുത്തുകൊലുന്നനെയുള്ള ആ പത്തൊന്‍പതുകാരി. അയഞ്ഞ പർപ്പിൾകളർ ടീഷർട്ടും ഇളംനീലക്കളറിലെ ഹാഫ്ജീൻസുമണിഞ്ഞ ഫ്ലോറയ്ക്ക് ലൈറ്റ്പിങ്ക് നിറത്തിലുള്ള ക്യാപ്പ് നന്നായിചേരുന്നതായി ശ്രീക്കുട്ടിക്ക് തോന്നി. ഡ്രൈവറുടെ സീറ്റിന്റെ തൊട്ടുപുറകിലായി ഫ്ലോറയ്ക്ക് പ്രത്യേകമായൊരു സീറ്റുണ്ട്. വണ്ടി പാഞ്ഞുപോകുന്നതിനിടയിൽ കടന്നുപോകുന്ന സ്ഥലങ്ങളുടെ വിവരണങ്ങള്‍ അവള്‍ തന്റെ കൈയിലുള്ള മൈക്കിലൂടെ മധുരമായ ശബ്ദത്തില്‍ പരിചയപ്പെടുത്തിക്കൊണ്ടിരുന്നു. അവളുടെ ഹോംവില്ലേജിലേക്കായിരുന്നു ഈ ടൂർ അറേഞ്ച് ചെയ്തിട്ടുള്ളത്. യാത്രക്കാരെ സന്തോഷിപ്പിക്കാനായി ഇടയ്ക്കിടയ്ക്ക് ഫ്ലോറ നല്ലനല്ല തമാശകൾ പറയുകയും യാത്രക്കാരുടെ പൊട്ടിച്ചിരികള്‍ക്കൊപ്പം അവളും അതിമനോഹരമായിച്ചിരിക്കുന്നുണ്ടായിരുന്നു. തീര്‍ത്തും രസകരമായ ആ യാത്ര വാഹനത്തിലുള്ളവരെല്ലം നന്നായി ആസ്വദിക്കുന്നുണ്ടെന്നത് ഫ്ലോറയ്ക്കും മനസ്സിലായി.

രാവിലെ എട്ടുമണിക്കുതുടങ്ങിയ യാത്രയവസാനിച്ചത് വൈകുന്നേരം ആറുമണിയോടെ ആ ടൂറിസ്റ്റുവണ്ടി ഫ്ലോറയുടെ വില്ലേജിലെത്തിയപ്പോഴായിരുന്നു. ചെറിയ ചാറ്റൽമഴ അപ്പോഴുമുണ്ടായിരുന്നു. യാത്രക്കാർക്കായി ബുക്കുചെയ്തിട്ടുള്ള വില്ലേജ്ഹോട്ടലിന്റെ ഭംഗിയും ചുറ്റുമുള്ള പ്രകൃതിസുന്ദരമായ മലകളും ഏവരുടേയും മനംകവർന്നു. സ്പ്രിങ്റിസോർട്ടായിരുന്നത്. റൂമിൽപോയി അല്പം വിശ്രമിച്ചശേഷം അവിടെയുള്ള നാച്ചുറൽസ്പ്രിങ്പൂളുകളിൽ പോയി കുളിക്കാനായിരുന്നു എല്ലാവരുടേയും തീരുമാനം. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ പലരും സ്വിമ്മിങ്ഡ്രെസ്സൊക്കെ ധരിച്ച് നാച്ചുറൽസ്പ്രിങ് പൂളുകളിലേയ്ക്ക് പോയി. മലമുകളിൽനിന്നുമൊഴുകിയെത്തുന്ന തണുത്ത വെള്ളത്തിനടിയിൽ കുളിച്ചും ചൂടുവെള്ളം നിറഞ്ഞ നിരവധി കുളങ്ങളിൽ ചാടിമറിഞ്ഞും എല്ലാ ഫാമിലിയും കുളിരുനിറഞ്ഞ ആ മനോഹരസന്ധ്യ ശരിക്കുമാസ്വദിച്ചു!

ഇടയ്ക്കു പരിചയപ്പെട്ടപ്പോള്‍ വൈകുന്നേരം ഹോട്ടലിലെ ഡിന്നർകഴിഞ്ഞിട്ട് റൂമിൽവന്നു കാണാമെന്ന് ഫ്ലോറ ശ്രീക്കുട്ടിക്ക് വാക്കുകൊടുത്തു. തന്റെ ഗ്രാമത്തിന്റെ സ്‌പെഷ്യൽ ചിക്കൻറോസ്റ്റ് ശ്രീക്കുട്ടിയ്ക്കും കുടുംബത്തിനുമായി കൊണ്ടുവന്നുനല്‍കാമെന്നവളറിയിച്ചപ്പോള്‍ ശ്രീക്കുട്ടിയക്ക് ശരിക്കും സന്തോഷം തോന്നി. പറഞ്ഞപ്രകാരം രാത്രി പത്തുമണിയോടെ ഫ്ലോറ സ്പെഷ്യല്‍ചിക്കൻറോസ്റ്റുമായി ശ്രീക്കുട്ടിയുടെ റൂമിലെത്തി. കുട്ടികള്‍ക്കൊപ്പം കളിക്കാനും തമാശപറയാനുമൊക്കെക്കൂടിയ ഫ്ലോറ ആ കുടുംബത്തിലെ ഒരംഗമാണെന്ന പ്രതീതിയാണ് ശ്രീക്കുട്ടിയ്ക്കുണ്ടാക്കിയത്. അവളെ കൂടുതൽ പരിചയപ്പെട്ടപ്പോള്‍ ശ്രീക്കുട്ടിയുടെ മനസ്സു നൊന്തു. വളരെദരിദ്രമായൊരു കുടുംബത്തിലെ ഒരംഗമാണ് ഫ്ലോറ. നിത്യരോഗിയായ തന്റെ പിതാവിന്റെ ചികിത്സയ്ക്കുള്ള മരുന്നുവാങ്ങുവാനും തന്റേയും അനുജന്റേയും പഠനച്ചിലവുകള്‍ക്കുമായുള്ള വരുമാനത്തിനായാണ് താന്‍ ഇങ്ങനെ കഷ്ടപ്പെടുന്നതെന്ന് ഫ്ലോറ പറഞ്ഞപ്പോള്‍ ശ്രീക്കുട്ടിക്ക് സങ്കടം കൂടി. താനൊന്നും യാതൊരുവിധ സാമ്പത്തികപ്രയാസങ്ങളുമറിഞ്ഞിട്ടില്ലാത്തവളാണ്. ഈ പ്രായത്തില്‍ ഇത്രയധികം ബുദ്ധിമുട്ടുന്ന ഫ്ലോറയോട് അവള്‍ക്ക് ബഹുമാനം തോന്നി. അമ്മയുടെ ചെറിയ വരുമാനം കൊണ്ട് ഒന്നുമാകാത്തതുകൊണ്ടാണ് യൂണിവേസിറ്റി സ്റ്റുഡന്റായ അവൾ ടൂറിസ്റ്റ്ബസ്സുടമകളുമായി ബന്ധപ്പെട്ട് വീക്കെൻഡിലും അവധിദിവസങ്ങളിലും ഇതുപോലുള്ള ടൂർഗൈഡ് ജോലി തരപ്പെടുത്തുന്നത്. പഠിത്തത്തിൽ മിടുക്കിയായ അവളുടെ ഉത്തരവാദിത്തബോധത്തിൽ ശ്രീക്കുട്ടിക്ക് അവളോട് വലിയ മതിപ്പ് തോന്നി.

മൂന്നുദിവസത്തെ ടൂർപ്രോഗ്രാമവസാനിച്ചു തിരികെപ്പോകുമ്പോൾ സംതൃപ്‌തിനല്കിയ ദിനങ്ങളുടെ ഓർമ്മകളോടൊപ്പം ശ്രീക്കുട്ടിയുടെ മനസ്സിലിടം പിടിച്ചത്, ചെറിയപ്രായത്തിലും ജീവിതത്തിലെദുഃഖങ്ങളെ ആത്മവിശ്വാസത്തോടുകൂടി നേരിടുകയും, തന്റെ കടമകൾ എന്താണെന്ന് മനസ്സിലാക്കി അവയെ നിറവേറ്റാൻ ശ്രമിക്കുന്ന ഫ്ലോറയുടെ ചിരിച്ചമുഖം മാത്രമായിരുന്നു!

 

Share This:

Comments

comments