കലിതുള്ളൽ.(തുള്ളൽ പാട്ട്)
നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ ജയ
മലകൾ നിരത്തി മരവും വെട്ടി
കായൽ നികത്തി ഫ്ലാറ്റും കെട്ടി
വയലു നികത്തി വികസനമെത്തി
പുഴകയ്യേറി റിസോർട്ടും പണിതു..
കോടി മുടക്കിപ്പണിത നിരത്തുകൾ
കുണ്ടും കുഴിയാൽ മരണക്കിണറായ്
അഴിമതി കാട്ടി കെട്ടിയ പാലം
ഒന്നാം വയസ്സിൽ ചരമമടഞ്ഞു
കോഴകൾ വാങ്ങി ഉയർത്തിയ ഫ്ലാറ്റും
കോടതി കേറി പൊട്ടിച്ചിതറീ
മെട്രോ പായും മെട്രോ നഗരം
ഒരൊറ്റ മഴയിൽ മുങ്ങിത്താണു
കണക്കിന് വാങ്ങിയ കൈക്കൂലിക്കാർ
നാടിൻ നാടിഞരമ്പ് മുറിച്ചൂ ശിവശിവ
കരയും കഴുത ജനത്തെ മാത്രം
കാണാൻ കണ്ണുകൾ ഇല്ലാതായി
ഒരു മഴ വന്നാൽ മുങ്ങും നാട്ടിൽ
ഒരു വെയിൽ വന്നാലുരുകി മരിക്കും
മാലിന്യത്താൽ നാടു നിറഞ്ഞു
മാറാവ്യാധികൾ ഒഴിയാതായി
വികസനമെത്തി പലതും നാട്ടിൽ
വികസിക്കാത്തത് മനസ്സുകൾ മാത്രം
ചപ്പുംച്ചവറും പ്ലാസ്റ്റിക്കും, എറിയുന്നു നാം
വഴിയുടെ വക്കിൽ പുഴയുടെ മാറിൽ
മലീമസമായി മണ്ണും നമ്മുടെ, കുടിനീരും
വായുവിൽ മൊത്തം വിഷമയമായി
കോടികൾ വാരി വിതറി ഭരണം
കീശകൾ പലതും വീർപ്പിക്കുന്നു
പൊതുജനമെന്നൊരു പൊട്ടക്കൂട്ടം
വട്ടം ചുറ്റി, വിശന്ന് കരഞ്ഞ് മരിച്ചീടുന്നു
നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ ജയ