ഐഎപിസിയുടെ കമ്മ്യൂണിറ്റി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

0
123
ഡോ. മാത്യു ജോയിസ്.

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) ആറാം ഇന്റര്‍നാഷ്ണല്‍ മീഡിയ കോണ്‍ഫ്രന്‍സിനോടനുബന്ധിച്ച് വിവിധ രംഗങ്ങളില്‍ മികവ് പുലര്‍ത്തിയവരെ ആദരിക്കുന്നു. മാധ്യമപ്രവര്‍ത്തനത്തിനൊപ്പം സാമൂഹ്യരംഗത്തും സജീവമായ ഇടപെടലുകള്‍ നടത്തുന്ന സംഘടനയാണ് ഐഎപിസി. ഇത്തരത്തിലുള്ള ഇടപെടലുകളുടെ ഭാഗമായിട്ടാണ് ഒാരോ വര്‍ഷവും വിവിധ രംഗങ്ങളിലെ മികവുപുലര്‍ത്തുന്നവരെ ആദരിക്കുന്നത്. ബിസിനസ് രംഗത്ത് ഐഎപിസി ഈ വര്‍ഷം ആദരിക്കുന്നത് ടോമര്‍ ഗ്രൂപ്പ് കമ്പനീസിന്റെ പ്രസിഡന്റും അമേരിക്കയില്‍ അറിയപ്പെടുന്ന മലയാളി സംരംഭകനുമായ തോമസ് മൊട്ടയ്ക്കലിനെയാണ്. കഠിനാധ്വാനം കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പെടുക്കാന്‍ സാധിച്ച സംരംഭകനാണ് അദ്ദേഹം.

വനിതാ സംരംഭകയ്ക്കുള്ള അവാര്‍ഡ് ന്യൂയോര്‍ക്കിലെ ആല്‍ബനിയില്‍നിന്നുള്ള ആനി കോലത്തിനാണ്.ഒരു വനിതാ സംരംഭകയെന്നതിലുപരി നിരവധി പ്രതിസന്ധികളെ വിജയകരമായി തരണം ചെയ്തുവെന്നുള്ളതാണ് ആനിയെ ഈ അവാര്‍ഡിന് അര്‍ഹയാക്കിയത്.

ദൃശ്യമാധ്യമരംഗത്തെ സമഗ്രസംഭവാനയ്ക്കുള്ള ഐഎപിസിയുടെ ഇത്തവണത്തെ മീഡിയാ എക്‌സലന്‍സ് അവാര്‍ഡിന് അര്‍ഹനായിരിക്കുന്നത് മലയാളിയും അമേരിക്കയിലെ മുഖ്യധാര മാധ്യമമായ ഡാളസ്സിലെ ABC /WFAA ചാനല്‍ റിപ്പോര്‍ട്ടറുമായ ജോബിന്‍ പണിക്കറാണ്. നിരവധി എമ്മി അവാര്‍ഡുകള്‍ നേടിയിട്ടുള്ള അമേരിക്കന്‍ മലയാളി യുവാവാണ് ഇദ്ദേഹം.

അച്ചടിമാധ്യമരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡിന് ഫോര്‍ട്ട് ബെന്‍ഡ് ഇന്‍ഡിപെന്‍ഡന്റ് എന്ന കമ്മ്യൂണിറ്റി ദിനപത്രത്തിന്റെ പ്രസാധകനും പത്രാധിപരുമായ ശേഷാദ്രി കുമാര്‍ അര്‍ഹനായി. ടെക്സസിലെ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ പ്രചാരമുള്ള പത്രത്തിന് ആഴ്ചയില്‍ 45,000 വരിക്കാരുണ്ട്. ഇന്ത്യ ഹെറാള്‍ഡ് എന്ന മറ്റൊരു പ്രതിവാര പത്രവും ഇദ്ദേഹം പ്രസിദ്ധീകരിക്കുന്നു. ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ പ്രദേശത്തെ ഇന്ത്യന്‍ അമേരിക്കക്കാരുടെ വംശീയ സമൂഹത്തിന്റെ ശബ്ദമായും യുഎസിലെ മറ്റിടങ്ങളിലേക്കുള്ള പാലമായും ഈ പത്രം പ്രവര്‍ത്തിക്കുന്നു.

ഓണ്‍ലൈന്‍ മാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ പരീക്ഷിച്ച് വിജയിച്ച സാജു കണ്ണമ്പിള്ളിക്കാണ് ന്യൂമീഡിയ രംഗത്തെ അവാര്‍ഡ്.
പത്തുവര്‍ഷം മുമ്പ് ലൈവ് പരിപാടികള്‍ ലോകജനതയ്ക്ക് മുമ്പിലെത്തിക്കുകയെന്ന വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ടയാളാണ് അദ്ദേഹം. അമേരിക്കയില്‍നിന്നുള്ള കെടിവിയുടെ അമരക്കാരന്‍കൂടിയാണ് അദ്ദേഹം.

ജോര്‍ജ്ജ് മണ്ണിക്കരോട്ടിനാണ് അമേരിക്കയിലെ മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനകള്‍ക്ക് സാഹിത്യ പ്രതിഭാ അവാര്‍ഡ്. നിരവധി നോവലുകളുടെയും , അമേരിക്കൻ മലയാളി സാഹിത്യ ചരിത്രത്തിന്റെയും രചയിതാവായ അദ്ദേഹം അമേരിക്കയിലെ മലയാള സാഹിത്യരംഗത്ത് അറിയപ്പെടുന്ന വ്യക്തിത്വം കൂടിയാണ്. എഴുത്തുകാരന്‍, പത്രാധിപന്‍ എന്നീനിലകളിലും വ്യക്തിമുദ്രപതിപ്പിച്ചയാളാണ് ജോര്‍ജ് മണ്ണിക്കരോട്ട്.
ലോകമെമ്പാടുമുള്ള പ്രമുഖമാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ-സിനിമാ മേഖലയിലുള്ളവരും പങ്കെടുക്കുന്ന ഐഎപിസിയുടെ ഇന്റര്‍നാഷ്ണല്‍ മീഡിയ കോണ്‍ഫ്രന്‍സില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

ഒക്ടോബര്‍ 11 മുതല്‍ 14 വരെ ഹൂസ്റ്റണിലെ പ്രീമിയര്‍ മാസ്റ്റര്‍-പ്ലാന്‍ഡ് ബിസിനസ് ഡെവലപ്‌മെന്റ് മേഖലയായ ഗ്രീന്‍വേ പ്ലാസയുടെ അഭിമാനമായ ദി ഡബിള്‍ട്രീയിലാണ് ഇത്തവണത്തെ കോണ്‍ഫ്രന്‍സ്.

Share This:

Comments

comments