ലോകഫോട്ടോഗ്രാഫി ദിനത്തില്‍ വിവാഹ ഫോട്ടോഗ്രാഫര്‍മാരുടെ കണ്ണുതുറപ്പിച്ചൊരു കവിത.

0
135
>
റിയാസ് സി.എസ്‌.
എറണാകുളം : വിവാഹ ഫോട്ടോഗ്രാഫിയില്‍ അഗ്രഗണ്യരാണ് കേരളത്തിലെ പുതുതലമുറ. അതുകൊണ്ടുതന്നെ ബിബിസിയില്‍ പോലും വാര്‍ത്തയായിരുന്നു കേരളത്തില്‍ നിന്നുള്ള വിവാഹ ആല്‍ബം ഷൂട്ട്. എന്നാല്‍ വിവാഹ വേദികളില്‍ ഫോട്ടോഗ്രാഫര്‍മാരുണ്ടാക്കുന്ന പൊല്ലാപ്പ് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അനുഭവിച്ചിട്ടുള്ളവരാണ് മലയാളികളില്‍ ഭൂരിഭാഗവും. അത്തരമൊരു സാഹചര്യത്തെ നര്‍മ്മത്തില്‍ ചാലിച്ച് കാലികപ്രസക്തിയുള്ള കവിതയായി അവതരിപ്പിക്കുകയാണ് കവിയും, സംവിധായകനുമായ സോഹന്‍ റോയ്. അടുത്തിടെ സകുടുംബം പങ്കെടുക്കേണ്ടി വന്ന ഒരു വിവാഹചടങ്ങായിരുന്നു കവിതയ്ക്ക് ആധാരം.
ഫോട്ടോഗ്രാഫര്‍മാരുടെ മറയില്ലാതെ വിവാഹചടങ്ങുകള്‍ കാണുവാന്‍ സാധിക്കില്ലെന്ന സ്ഥിതിവിശേഷമാണെന്ന് ”പൃഷ്ഠ ദര്‍ശനം ‘ എന്ന അണുകവിതയിലൂടെ സോഹന്‍ റോയ് പറയുന്നു. ഫോട്ടോപിടിത്തത്തിനെത്തുന്നവര്‍ വിവാഹവേദിയിലാകെ മദിച്ചു നടക്കുമ്പോള്‍ അതിഥികള്‍ ഇവരുടെ പിന്‍ഭാഗം നോക്കിയിരിക്കേണ്ട സാഹചര്യമാണെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കവിതയിലൂടെ സോഹന്‍ റോയ് വിമര്‍ശിക്കുന്നു.
കവിത നവമാധ്യമങ്ങളില്‍ വൈറലായതോടെ ഒരു വിഭാഗം ഫോട്ടോഗ്രാഫര്‍മാര്‍ പ്രതിഷേധവുമായെത്തി. തങ്ങളുടെ ജോലിയുടെ ഭാഗമാണിതെന്നും, അതിനെ ഈ രീതിയില്‍ വിമര്‍ശിച്ചതു ശരിയായില്ലെന്നും നിരവധി പേര്‍ പ്രതികരിച്ചു. ചിലര്‍ സോഹന്‍ റോയിയെത്തന്നെ നേരിട്ടു വിളിച്ചും പ്രതിഷേധമറിയിച്ചു. എന്നാല്‍ കവിതയെ ആരോഗ്യപരമായി തന്നെ കാണുകയാണ് ഒരു വിഭാഗം ഫോട്ടോഗ്രാഫര്‍മാര്‍. ഇനി മുതല്‍ വിവാഹവേദികളില്‍ അതിഥികളുടെ കാഴ്ച മറയ്ക്കാതെ ഫോട്ടോയെടുക്കുമെന്ന ഉറപ്പും ഇക്കൂട്ടര്‍ നല്‍കി. ഇവരെ ഫേസ്ബുക്കിലൂടെ തന്നെ അനുമോദിച്ച് സോഹന്‍ റോയിയും രംഗത്തെത്തി. മറ്റൊരു വിവാഹചടങ്ങില്‍ ഫോട്ടോഗ്രാഫര്‍മാര്‍ അതിഥികളുടെ കാഴ്ചയ്ക്കു തടസ്സം സൃഷ്ടിക്കാതെ തങ്ങളുടെ ജോലി നിര്‍വ്വഹിക്കുന്ന ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തു. ലോകഫോട്ടോഗ്രാഫി ദിനത്തില്‍ ചര്‍ച്ചകള്‍ക്കു വഴിതെളിച്ച കവിത, നല്ലൊരു മാറ്റത്തിനും ഇതോടെ നാന്ദി കുറിച്ചിരിക്കുകയാണ്.
ഇതാദ്യമായല്ല സോഹന്‍ റോയിയുടെ നാലുവരി കവിതകള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. സോഹന്‍ റോയിയുടെ ഉടമസ്ഥതയിലുള്ള ഏരീസ് ഗ്രൂപ്പിന്റെ തലസ്ഥനത്തെ ഏരീസ് പ്ലക്‌സ് തീയേറ്ററില്‍ സൗജന്യമായി പടം കാണാനെത്തുന്ന വിഐപികള്‍ക്കെതിരെ കവിതയെഴുതിയാണ് അദ്ദേഹം പ്രതിഷേധിച്ചത്.
പ്രതിസന്ധിയില്‍ നില്‍ക്കുന്ന സിനിമാ വ്യവസായത്തിന് കൂടുതല്‍ തിരിച്ചടി നല്‍കുന്നതാണ് തീയേറ്ററുകളിലേക്ക് സൗജന്യമായി പടം കാണാനെത്തുന്ന ചിലരുടെ നിലപാടെന്നും സോഹന്‍ റോയ് വിമര്‍ശിച്ചിരുന്നു. സിനിമാക്കാരും രാഷ്ട്രീയ നേതാക്കളും പൊലീസുകാരുമാണ് ഇത്തരത്തില്‍ തീയേറ്ററുകളിലേക്ക് ഒഴുകിയെത്തിയിരുന്നത്. മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് സാധാരണക്കാരായ പ്രേക്ഷകര്‍ വരുമ്പോഴാണ് മുന്നറിയിപ്പ് പോലുമില്ലാതെ ചില രാഷ്ട്രീയക്കാരും പൊലീസുകാരും സിനിമക്കാരും തീയറ്ററുകളിലെത്തുന്നത്.
‘ടിക്കറ്റെടുക്കാതെ സിനിമ കാണുന്നവന്‍ സിനിമയെ കൊല്ലുന്ന പാഷാണമാകുമ്പോള്‍ സിനിമക്കാര്‍ കൂടിയാ ഓസ് തുടങ്ങിയാല്‍ തീയറ്റര്‍ ഓരോന്നായി മണ്ഡപമാക്കിടാം’, എന്നായിരുന്നു അന്ന് സോഹന്‍ റോയ് കുറിച്ചത്. കവിത ചര്‍ച്ചയായതോടെ ഇത്തരക്കാരുടെ ഒഴുക്ക് കുറയുകയും ചെയ്തു.
Poem Link:

Share This:

Comments

comments