ന്യുജേഴ്‌സിയിലെ മലയാളി സമൂഹത്തിന്റെ പിന്തുണയോടെ ഇന്ത്യ പ്രസ്സ് ക്‌ളബ് ദേശീയ കോണ്‍ഫറന്‍സ് ഒക്ടോബറില്‍.

0
89

ജോയിച്ചൻ പുതുക്കുളം.

ന്യുജേഴ്‌സി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഒക്ടോബറില്‍ നടക്കുന്ന എട്ടാമത് ദേശീയ കോണ്‍ഫറന്‍സിന് മുന്നോടിയായി ന്യൂജേഴ്‌സിയിലെ ദേശീയ സംഘടനകളുടെയും പ്രാദേശിക സംഘടനകളുടെയും നേതാക്കളുടെ സംയുക്തയോഗം ദേശീയ കോണ്‍ഫറന്‍സ് സ്വീകരണ കമ്മിറ്റി ചെയര്‍മാന്‍ രാജു പള്ളം അധ്യക്ഷനായി എഡിസനില്‍ നടന്നു. നാഷണല്‍ കോണ്‍ഫറന്‍സില്‍ വരുത്തേണ്ട കാലോചിതമായ മാറ്റങ്ങളെ കുറിച്ചും സംഘടനാ തലത്തിലുള്ള പ്രാതിനിധ്യത്തെ കുറിച്ചും യുവജനങ്ങള്‍ക്ക് പ്രയോജനകരമായ രീതിയില്‍ ഗുണകരമായ സെഷനുകള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ചും വിശദമായ ചര്‍ച്ചകള്‍ യോഗത്തില്‍ നടന്നു.

 

സംഘടനാ നേതാക്കള്‍ അഭിപ്രായപ്പെട്ട കാര്യങ്ങളില്‍ ഉള്‍ക്കൊള്ളിക്കാന്‍ ആവുന്നത് കൂടി ഉള്‍ക്കൊള്ളിച്ചു കൊണ്ടാവും ഇത്തവണത്തെ കോണ്‍ഫറന്‍സ് എന്ന് ദേശീയ പ്രസിഡണ്ട് മധു കൊട്ടാരക്കര പറഞ്ഞു.ഇന്ത്യാ പ്രസ് ക്ലബ് നേതാക്കളും വിവിധ സംഘടനകളും തമ്മിലുള്ള കാലാകാലങ്ങളായുള്ള ഊഷ്മളമായ ബന്ധം ഈ കോണ്‍ഫറന്‍സ് വിജയകരമാക്കാന്‍ ഉപകാരപ്പെടണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. ഇതാദ്യമായാണ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക വിവിധ സംഘടനാ നേതാക്കളെയും കൂടി കോര്‍ത്തിണക്കിക്കൊണ്ട് ഒരു കോണ്‍ഫറന്‍സിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്.

ഒക്ടോബര്‍ 10, 11, 12 തീയതികളില്‍ ന്യൂ ജഴ്‌സിയിലെ എഡിസനിലുള്ള ഈ ഹോട്ടലില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ കേരളത്തില്‍ നിന്ന് മന്ത്രി കെ ടി ജലീല്‍, മാധ്യമപ്രവര്‍ത്തകരായ മാതൃഭൂമിയിലെ വേണു ബാലകൃഷ്ണന്‍, ഏഷ്യാനെറ്റിലെ എം ജി രാധാകൃഷ്ണന്‍, ഹിന്ദു പത്രത്തിന്റെ ജോസി ജോസഫ്, സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയ വിനോദ് നാരായണന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കുന്നതാണ്.

 

ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്‍റ് രാജു പള്ളം, റെജി ജോര്‍ജ്, ജോര്‍ജ് തുമ്പയില്‍, മധു കൊട്ടാരക്കര, ഫ്രാന്‍സിസ് തടത്തില്‍, ഷിജോ പൗലോസ്, ജീമോന്‍ ജോര്‍ജ്, മഹേഷ് മുണ്ടയാട് തുടങ്ങിയവരും കമ്മ്യൂണിറ്റി നേതാക്കളായ മാധവന്‍ നായര്‍, അനിയന്‍ ജോര്‍ജ്, ജിബി തോമസ്, സജിമോന്‍ ആന്‍റണി, ജോണ്‍ ജോര്‍ജ്, ബൈജു വര്‍ഗീസ്, ജെയിംസ് ജോര്‍ജ്, സജി മാത്യു, ഷാലു പുന്നൂസ്, സണ്ണി വലിയപ്ലാക്കല്‍, യോഹന്നാന്‍ ശങ്കരത്തില്‍ എന്നിവരും പങ്കെടുത്തു.ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായരുടെ മകള്‍ ജാനകിയുടെ വേര്‍പാടിലും തിരുവനന്തപുരത്ത് മരണമടഞ്ഞ സിറാജ് പത്രത്തിന്റെ ബഷ്കറിനും യോഗം അനുശോചനം രേഖപെടുത്തി. മികച്ച മാധ്യമ പ്രവര്‍ത്തനത്തിനുള്ള ബര്‍ഗ്ഗന്‍ഫീല്‍ഡ് കൗണ്ടി അവാര്‍ഡ് നേടിയ ഏഷ്യാനെറ്റിന്റെ ഷിജോ പൗലോസിനെ യോഗം പ്രത്യേകം അഭിനന്ദിച്ചു.

 

എട്ടാമത് ദേശീയ കോണ്‍ ഫ്രന്‍സ് സര്‍വകാല വിജയമാക്കാന്‍ മധു കൊട്ടാരക്കര (പ്രസിഡന്റ്),സുനില്‍ തൈമറ്റം (സെക്രട്ടറി), സണ്ണി പൌലോസ് (ട്രഷറര്‍),ജയിംസ് വര്‍ഗീസ് (വൈസ് പ്രസിഡന്റ്), അനില്‍ ആറന്മുള (ജോയിന്റ് സെക്രട്ടറി), ജീമോന്‍ ജോര്‍ജ്, (ജോയിന്റ് ട്രഷറര്‍), തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവേശനം സൗജന്യമായ ഈ സമ്മേളനത്തിലേയ്ക്ക് വടക്കേ അമേരിക്കയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സംഘടനകളെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു.ഇന്ത്യാ പ്രസ്ക്ലബിന്റെ 8 ചാപ്റ്ററുകളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍, വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തില്‍ സര്‍വസ്പര്‍ശിയായി പ്രവൃത്തിക്കുന്ന സാമുഹികസാംസ്കാരിക സംഘടനാ പ്രതിനിധികള്‍, കേരളത്തില്‍ നിന്നുള്ള മാധ്യമരാഷ്ട്രീയ പ്രമുഖര്‍, സാഹിത്യപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.

Share This:

Comments

comments