വൈനറി സന്ദർശനവും കേരള ഫെസ്റ്റുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രോവിന്‍സ്.

0
76

ജോയിച്ചൻ പുതുക്കുളം.

ന്യൂജേഴ്‌സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രോവിന്‍സ് ന്യൂജേഴ്‌സിയിലെ ബെല്‍വിഡറിയിലുള്ള ഫോര്‍ സിസ്റ്റേഴ്‌സ് വൈനറിയില്‍ വച്ചു ഓഗസ്റ്റ് 18-ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 5 മണി വരെ വൈന്‍ ടേസ്റ്റിംഗിനുള്ള അവസരം ഒരുക്കുന്നു. ജീവിതത്തിന്റെ തിരക്കില്‍ നിന്നും സൗഹൃദത്തോടൊപ്പം അല്‍പം സംഗീതവും വൈനുമായി ഒരു വാരാന്ത്യം എന്ന ആശയത്തിന്റെ ഭാഗമാകാനും ആസ്വദിക്കാനും ഈ പരിപാടിയുടെ കോര്‍ഡിനേറ്റര്‍മാരായ സോമന്‍ ജോണ്‍ തോമസും, മിനി ചെറിയാനും എല്ലാവരേയും സ്വാഗതം ചെയ്തു.

വൈന്‍ ടേസ്റ്റിംഗും, രുചി വൈവിധ്യമുള്ള ആഹാരത്തോടൊപ്പം സംഗീതവും ഒരുക്കുന്ന സായാഹ്നത്തില്‍ താത്പര്യമുള്ളവര്‍ക്ക് വൈന്‍ യാര്‍ഡും, ആപ്പിള്‍ തോട്ടവും സന്ദര്‍ശിക്കാനുള്ള അവസരവും ഉണ്ടായിരിക്കും.

കേരള പിറവിയോടനുബന്ധിച്ച് ന്യൂജേഴ്‌സിയില്‍ തന്നെ ആദ്യമായി കേരളത്തിന്റെ തനതായ കലാരൂപങ്ങള്‍ ആസ്വദിക്കുന്നതിനും കേരളീയ വിഭവങ്ങള്‍ രുചിക്കുന്നതിനും അതുവഴി കേരളീയ സംസ്കാരത്തെ തൊട്ടറിയുന്നതിനും അമേരിക്കയിലെ മലയാളിയേതര സമൂഹത്തിന് അവസരം ഒരുക്കാന്‍ ഒക്‌ടോബര്‍ 28-നു എഡിസണില്‍ വച്ച് കേരള ഫെസ്റ്റ് നടത്തുന്നതിനു പ്രോഗ്രാം കണ്‍വീനറായി ഷീല ശ്രീകുമാറിനെ ചുമതലപ്പെടുത്തിയതായി ന്യൂജേഴ്‌സി പ്രോവിന്‍സ് പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളി അറിയിച്ചു. ഒരുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവമേളയില്‍ വിവിധ കലാരൂപങ്ങള്‍
കേരളീയ കലാകാരന്മാര്‍ അവതരിപ്പിക്കുമ്പോള്‍ താത്കാലിക ഭക്ഷണശാലകളില്‍ വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ക്രമീകരിച്ചിട്ടുണ്ടാകും. തികച്ചും അവിസ്മരണീയമാകുന്ന ഈ രണ്ടു പരിപാടികളിലേക്കും എല്ലാ മലയാളി സുഹൃത്തുക്കളുടേയും പങ്കാളിത്തം അഭ്യര്‍ത്ഥിക്കുന്നതായി പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളി, ചെയര്‍മാന്‍ ഡോ. ഗോപിനാഥന്‍ നായര്‍, സെക്രട്ടറി വിദ്യാ കിഷോര്‍, ട്രഷറര്‍ ശോഭ ജേക്കബ് എന്നിവര്‍ അറിയിച്ചു.

Share This:

Comments

comments