അനാഥജീവിതം (കഥ)

0
556

ഷെരീഫ് ഇബ്രാഹിം.

അധികം പ്രായം ഉള്ള ഒരു മനുഷ്യൻ. അദ്ദേഹം പറഞ്ഞ നിലയിൽ ഒരു എഴുപതു വയസ്സായിട്ടുണ്ടാവാം. കണ്ടാൽ അതിൽ കൂടുതൽ തോന്നും. എവിടെയാണ് സ്ഥലമെന്നോ ബന്ധക്കാർ ആരെങ്കിലും ഉണ്ടോ എന്നോ അദേഹത്തോട് ചോദിച്ചാൽ മൌനമാണ് മറുപടി. പേരെന്താണെന്ന് ഒരു പാട് പ്രാവശ്യം ചോദിച്ചാൽ കിട്ടുന്ന മറുപടി ബാബു എന്ന് വിളിച്ചോളാന്നാണ്. വഴിയിൽ കിടക്കുന്ന കാർടൂണുകൾ പറക്കിവിൽക്കുകയാണ് അദ്ദേഹം ചെയ്തിരുന്നത്. രാത്രി ആയാൽ ഏതെങ്കിലും കടത്തിണ്ണയിൽ കിടന്നു ഉറങ്ങും. എല്ലാ ദിവസവും പുഴയിൽ ചെന്ന് കുളിക്കും. അത് കണ്ടപ്പോൾ അദ്ധേഹതോട് തമിഴ് നാട്ടുകാരനാണോ എന്ന് ഞാൻ ചോദിച്ചു. അല്ല എന്ന അർത്ഥത്തിൽ അയാൾ തലയാട്ടി. ആരെങ്കിലും വല്ല സാമ്പത്തികസഹായാങ്ങളോ ഭക്ഷണമോ കൊടുത്താൽ ചിരിച്ചു കൊണ്ട് അയാൾ പറയും ‘ഇപ്പോൾ ഞാൻ അദ്ധ്വാനിച്ചു ജീവിക്കുന്നുണ്ട്. അങ്ങിനെ ആവശ്യം വരുമ്പോൾ ചൊദിക്കാമെന്നു’. എനിക്ക് അയാളെ വളരെ ഇഷ്ടപ്പെട്ടു. ഇത്ര വയസ്സായിട്ടും സ്വയം അദ്ധ്വാനിക്കുന്ന മനുഷ്യൻ.

ഒരു ദിവസം ഞാൻ കടയിലേക്ക് വരുമ്പോൾ ആ മനുഷ്യൻ കിടന്നിടത്ത് നാലഞ്ചു പേർ വട്ടം കൂടി നിൽക്കുന്നു. എന്നെ കണ്ട ഉടനെ ഒരാൾ എന്നോട് പറഞ്ഞു ‘ജബ്ബാർക്ക, അദ്ദേഹത്തിന് എന്തോ പറ്റിയെന്നു തോന്നുന്നു. അനങ്ങുന്നില്ല. സാധാരണ ആറു മണി ആവുമ്പോൾ കുളിച്ചു ജോലിക്ക് പോകുന്ന ആളാണ്‌’

അദ്ദേഹം ചുരുണ്ട് കൂടി കിടക്കുകയാണ്. ഇന്നലെ തോരാത്ത മഴയായിരുന്നു. ഞാൻ അദ്ധേഹത്തിന്റെ ശരീരം തൊട്ടു നോക്കി. നല്ല തണുപ്പ്. നാഡി പിടിച്ചു നോക്കി.

പോലീസിലേക്ക് അറിയീക്കട്ടെ എന്ന് ആരോ എന്നോട് ചോദിച്ചു. വേണ്ട ഞാൻ പറഞോളാമെന്നു അവർക്ക് മറുപടിയും കൊടുത്തു.

ഇതിനിടെ ചിലർ അദ്ധേഹത്തിന്റെ ഫോട്ടോ മൊബൈൽ ഫോണിൽ എടുക്കുന്നുണ്ടായിരുന്നു. മറ്റു ചിലർ ആർക്കൊക്കെയോ ഫോണ്‍ ചെയ്യുന്നുണ്ടായിരുന്നു.

കുറച്ചു സമയത്തിന്നു ശേഷം കുറച്ചു ആളുകൾ വന്നു. വന്ന പാടെ അവർ പറഞ്ഞു ‘ലാ ഇലാഹ ഇല്ലല്ലാഹ്. ഇത് മുസ്ലീമിന്റെ മയ്യത്താണ്. അതു ഇസ്ലാം ശരീഅത്ത്‌ പ്രകാരം പള്ളിയിൽ മറവു ചെയ്യണം.’

‘അതെങ്ങനെയാ മുസ്ലീമിന്റെ ആണെന്ന് നിങ്ങൾ തീരുമാനിക്കുക?’ ഞാൻ അവരോട് ചോദിച്ചു. അതിന്നു അവർ എനിക്ക് നൽകിയ മറുപടി’ജബ്ബാറേ, നീ ഒരു ഇസ്ലാം ആണെന്ന്‌ ഓർക്കുക’ എന്നായിരുന്നു.

‘അത് മനസ്സിലാക്കിയിട്ടാണ് ഞാൻ പറഞ്ഞത്’ എന്ന എന്റെ മറുപടി കേട്ടപ്പോൾ അവർ മാറി നിന്നു.

അപ്പോഴുണ്ട് വേറെ കുറച്ചു ആളുകൾ വന്നിട്ട് പറഞ്ഞു ‘ഇത് ഹൈന്ദവസഹോദരന്റെ പുണ്യശരീരമാണ്. ഇത് ഹൈന്ദവ ആചാര പ്രകാരം ഞങ്ങൾ സ്ഫുടം ചെയ്തു സംസ്കരിച്ചോളാം. അവരോടു ഞാൻ മുസ്ലീമിങ്ങളോട് പറഞ്ഞ വാചകം പറഞ്ഞു. അവർ മറ്റൊന്നും പറഞ്ഞില്ല.

അപ്പോഴതാ വീണ്ടും ഒരു കുരിശുമായി കുറച്ചു കൃസ്ത്യാനികൾ വന്നു. ‘ ഇത് ഞങ്ങളുടെ കുഞ്ഞാടാണ്‌. ഇദ്ദേഹത്തെ ഞങ്ങൾ പള്ളി സെമിത്തേരിയിൽ കബറടക്കും.’

ഞാനവരോട് രണ്ടു മിനിറ്റു സംസാരിച്ചു. ‘അല്ല, മുസ്ലീമീങ്ങളെ, നിങ്ങൾ പരസ്പരം ഗ്രൂപ്പുകളെ പറ്റി കുറ്റം പറയാൻ ഇദ്ദേഹം കിടക്കുന്നിടത്ത് മൈക്ക് വെച്ച് സംസാരിക്കുമ്പോൾ ഇദ്ദേഹത്തെ കാണാനുള്ള കാഴ്ച നിങ്ങളുടെ കണ്ണുകൾക്ക്‌ ഉണ്ടായിരുന്നില്ല അല്ലെ? എന്റെ ഹൈന്ദവ സഹോദരന്മാരെ, കൃസ്തീയ സഹോദരന്മാരെ ഇത്രനാളും ഈ മനുഷ്യൻ ജീവിച്ചിരുന്നപ്പോൾ നിങ്ങളൊക്കെ എവിടെയായിരുന്നു?’.

എന്റെ സംസാരം കേട്ടപ്പോൾ ശത്രുക്കളായി വന്ന മൂന്നു മതക്കാരും പരസ്പരം കൈകൊടുത്തു പിരിഞ്ഞു പോയി.

ഞാൻ വിളിച്ചതനുസരിച്ച് കുറച്ചു കഴിഞ്ഞപ്പോൾ മറ്റൊരു ആംബുലൻസ് വന്നു. ഞാനും മറ്റുള്ളവരും കൂടി അദ്ധേഹത്തെ കയറ്റി ഹൊസ്പിറ്റലിലെക്കു കൊണ്ട് പോയി. തണുപ്പും ക്ഷീണവും കാരണം അദ്ദേഹം ഉറങ്ങി പോയതായിരുന്നു.

Share This:

Comments

comments