‘ചീരയ്ക്കൊരുമ്മ……ചീരയുടെ മഹത്വം'(ആരോഗ്യം)

0
1437
dir="auto">ജോസഫ് ജെന്നിംഗ്സ് എം.എം. (M.Sc. Nursing, MBA)(Street Light fb Group)
ഇലക്കറികളിൽ പൊതുവെ നമ്മൾ ഉപയോഗിച്ച് വരുന്ന ഒന്നാണ് ചീര. നമ്മുടെ വീട്ട് മുറ്റത്ത് നട്ടു വളർത്താൻ പറ്റിയ ഒരിലക്കറിയാണ് ചീര. തെക്കുപടിഞ്ഞാറൻ ഏഷ്യയാണ് ചീരയുടെ സ്വദേശം. വളരെയധികം പോഷകസമ്പുഷ്ടമായ ഒരിലക്കറിയാണ് ചീര. പൊതുവെ നിറവ്യത്യാസത്തിൻറെ അടിസ്ഥാനത്തിൽ രണ്ടു തരം ചീരകളാണുള്ളത്., ചുവപ്പും,പച്ചയും. ഇവ കൂടാതെ മറ്റു പലതരം ചീരകളുമുണ്ട് നമ്മുടെ നാട്ടിൽ. ജീവകങ്ങളുടെയും, ലവണങ്ങളുടെയും കലവറയാണ് ചീര. അമരാന്ത് എന്നാണ് ഇംഗ്ലീഷിൽ അറിയപ്പെടുന്നത്. ‘സ്പിനിഷിയ ഒലറെസിയ’ എന്നാണ് ശാസ്ത്രനാമം.
നട്ട് വളർത്തിയാൽ പെട്ടെന്ന് വളരുകയും, ഒരു നേരത്തെ ആഹാരമായി ഉപയോഗിക്കാനും നമുക്ക് ചീരക്കൊണ്ട് സാധിക്കും. അധികം വേവ് ആവശ്യമില്ലാത്ത ഇവയെ കൂടുതൽ വേവിച്ചാൽ പോഷകങ്ങൾ നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. പാചകവിഭവങ്ങളിൽ ഒത്തിരി പരീക്ഷണങ്ങൾ നടത്താവുന്ന ഒന്നുകൂടിയാണ് ചീര. ചീര തോരൻ, ചീര കട്ലറ്റ്, ചീര സൂപ്, ചീര പരിപ്പ് കറി, ചീര മുട്ട തോരൻ ഇങ്ങനെ പോകും ആ ലിസ്റ്റ്. കുട്ടികൾക്ക് ചീര ഇഷ്ടമില്ലെങ്കിൽ മുട്ടയുടെ കൂടെയോ, പുട്ട്, ചപ്പാത്തി എന്നിവയുടെ കൂടെയോ ഒക്കെ ചേർത്ത് നൽകുന്നത് കൂടുതൽ പോഷകസമ്പുഷ്ടമാക്കും. രാസവളങ്ങൾ ചേർത്ത ചീരയാണിന്ന് വിപണിയിൽ ലഭ്യമാകുന്നതെന്ന ഒറ്റ സങ്കടമേയുള്ളൂ….!
ഗുണങ്ങൾ
——————–
1. വിളർച്ച തടയുന്നു:- ചീരയിലടങ്ങിയിരിക്കുന്ന അയൺ ചുവന്ന രക്താണുക്കൾ കൂടുതൽ ഉൽപാദിപ്പിക്കുകയും, വിളർച്ച തടയുകയും ചെയ്യുന്നു.
2. ക്യാൻസറിനെ പ്രതിരോധിക്കുന്നു:- ചീരയിലുള്ള ഫ്ലാവിനോയ്ഡുകൾ, ആൻ്റിഓക്സിഡൻ്റുകൾ ശരീരത്തിൽ ഉണ്ടാകുന്ന ഫ്രീ റാഡിക്കലുകളുടെ ഉൽപാദനം തടഞ്ഞു ക്യാൻസറിനെ പ്രതിരോധിക്കുന്നു.
3. എല്ലുകളുടെ ആരോഗ്യം:- ചീരയിലടങ്ങിയിരിക്കുന്ന കാൽസ്യം എല്ലിൻ്റെയും പല്ലിൻ്റെയും ആരോഗ്യത്തെ സംരക്ഷിക്കുന്നു.
4. മലബന്ധം തടയുന്നു:- നാരുകൾ ധാരാളമുള്ളതിനാൽ മലബന്ധം തടയുകയും, അൾസർ പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാവുകയും ചെയ്യുന്നു.
5. പ്രമേഹ നിയന്ത്രണം:- ചീരയിലുള്ള ആൽഫാ ലിപോയ്ക്ക് ആസിഡ് രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറയ്ക്കാൻ സഹായിക്കുന്നു.
6. കാഴ്ചശക്തി വർദ്ധിപ്പിക്കുന്നു:- ഇവയിലുള്ള ജീവകം എ മാക്കുലർ ഡീജനറേഷനെ തടഞ്ഞ് കാഴ്ചശക്തി വർദ്ധിക്കാൻ സഹായിക്കുന്നു.
7. ജനനവൈകല്യങ്ങൾ തടയുന്നു:- ചീരയിൽ ധാരാളം ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. ഗർഭിണികൾ ധാരാളം ചീര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി കുട്ടികൾക്കുണ്ടാകുന്ന ജനനവൈകല്യങ്ങൾ തടയാൻ സഹായിക്കുന്നു.
100 ഗ്രാം ചീരയിലുള്ള പോഷകമൂല്യങ്ങൾ
————————————————————
ഊർജ്ജം – 23 കിലോ കലോറി
അന്നജം – 4.02 ഗ്രാം
മാംസ്യം – 2.48 ഗ്രാം
കൊഴുപ്പ് – 0.33 ഗ്രാം
കാൽസ്യം – 215 മില്ലിഗ്രാം
അയൺ – 2.32 മില്ലിഗ്രാം
മഗ്നീഷ്യം – 55 മില്ലിഗ്രാം
ഫോസ്ഫറസ് – 50 മില്ലിഗ്രാം
പൊട്ടാസ്യം – 611 മില്ലിഗ്രാം
സോഡിയം – 20 മില്ലിഗ്രാം
സിങ്ക് – 0.9 മില്ലിഗ്രാം
ജീവകം എ – 3268 IU
ഫോളേറ്റ് – 96 മൈക്രോഗ്രാം
ജീവകം സി- 43.3 മില്ലിഗ്രാം
ജീവകം കെ – 1276 മൈക്രോഗ്രാം
ചീരകട്ലറ്റ്
——————–
ആവശ്യമുള്ള സാധനങ്ങൾ
————————————————
ചീര (ചുവപ്പ്,പച്ച) – 2 കപ്പ്
ഉരുളകിഴങ്ങ് -1 വലുത്
സവാള -1
ഇഞ്ചി- വെള്ളുതുള്ളി അരിഞത്-1/2 റ്റീസ്പൂൺ
കുരുമുളക്പൊടി -1 റ്റീസ്പൂൺ
പച്ചമുളക് -2
ഗരം മസാല -1/4 റ്റീസ്പൂൺ
ഉപ്പ്,എണ്ണ -പാകത്തിനു
മഞൾപൊടി-2 നുള്ള്
കോൺഫ്ലോർ – 1/2 റ്റീകപ്പ്
ബ്രെഡ് പൊടി/ റസ്ക് പൊടി -1 കപ്പ്
ഉണ്ടാക്കുന്ന വിധം
—————————–
ഉരുളകിഴങ്ങ് ലേശം ഉപ്പ് ചേർത്ത് വേവിച്ച് ഉടച്ച് വക്കുക. പാനിൽ കുറച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറുതായി അരിഞ്ഞ സവാള,പച്ചമുളക്, ഇഞ്ചി വെള്ളുതുള്ളി ഇവ ചേർത്ത് വഴറ്റുക. വഴന്ന് വരുമ്പോൾ ചെറുതായി അരിഞ്ഞ ചീരയില ചേർത്ത് വഴറ്റുക. മഞ്ഞൾപൊടി, കുരുമുളക് പൊടി ഇവ ചേർത്ത് ഇളക്കി നന്നായി വഴറ്റി വേവിച്ച് ഉടച്ച് വച്ചിരിക്കുന്ന ഉരുളകിഴങ്ങ് കൂടി ചേർത്ത് ഇളക്കി പാകത്തിനു ഉപ്പ്, ഗരം മസാല ഇവ കൂടെ ചേർത്ത് ഇളക്കുക. 3 മിനുറ്റ് ശേഷം തീ ഓഫ് ചെയ്യാം. കോൺഫ്ലോർ കുറച്ച് വെള്ളം ചേർത്ത് ദോശ മാവിന്റെ അയവിൽ കലക്കി വക്കുക. ചീര കൂട്ട് കുറെശെ എടുത്ത് കട്ലറ്റിന്റെ ഷേപ്പിൽ ആക്കി ആദ്യം കോൺഫ്ലോറിൽ മുക്കി പിന്നെ റസ്ക്പൊടിയിൽ പൊതിഞ്ഞ് എടുക്കുക. ദോശ കല്ലിൽ കുറച്ച് എണ്ണ തടവി കട്ലറ്റുകൾ വച്ച് തിരിച്ചും മറിച്ചും ഇട്ട് മൊരീച്ച് വേവിച്ച് എടുക്കുക. നല്ല ആരോഗ്യകരവും ,രുചികരവുമായ ചീര കട്ലറ്റ് തയ്യാർ.എല്ലാരും ഉണ്ടാക്കി നോക്കണം.

Share This:

Comments

comments