പ്രവാസിയുടെ പെട്ടിയുടെ മാറ്റം.(കഥ) 

0
803

ഷെരീഫ് ഇബ്രാഹിം.

‘അടുത്താഴ്ച്ച ഞാൻ നാട്ടിൽ വരുന്നുണ്ട്. എന്താണ് ഉമ്മാക്ക് കൊണ്ട് വരേണ്ടത്?’ ബഹ്റൈനിൽ നിന്നും ശുക്കൂർ മോന്റെ ഫോണിലൂടെയുള്ള ചോദ്യം.

‘വേണ്ട മോനെ ഉമ്മാക്ക് ഒന്നും വേണ്ട. മോൻ ഇങ്ങ് വന്നാൽ മതി. പിന്നെ സുലുവിന് ഒരു മോതിരം വേണമെന്ന് പറഞ്ഞു. അത് കൊണ്ടരാൻ മറക്കണ്ട’.

അവന്റെ ഭാര്യ സുലൂ ആവശ്യപ്പെട്ടത് പറഞ്ഞപ്പോൾ സമാധാനമായി. അവനെ കാണാൻ കൊതിയോടെ കാത്തിരുന്നു. എന്റെ ഏറ്റവും ഇളയ മകനാണവൻ. അവന്ന് മൂത്തവരായി മൂന്ന് പെണ്‍ മക്കളും. അവന് രണ്ട് വയസായപ്പോൾ അവന്റെ ഉപ്പ മരിച്ചു. ഗൾഫിൽ പോയതിന് ശേഷമാണ് അവന്റെ മൂന്നു സഹോദരിമാരെ അവൻ വിവാഹം ചെയ്തു കൊടുത്തത്.

ദിവസങ്ങൾക്ക് ശേഷം മോൻ വന്നെത്തി. സന്തോഷം കൊണ്ട് മോനെ കെട്ടിപ്പിടിച്ച് കുറെ കരഞ്ഞു.

‘മോനെ, മോൻ വല്ലാതെ ക്ഷീണിച്ചല്ലോ?’

‘ഇല്ലുമ്മ, ഉമ്മാക്ക് എന്നോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ട് തോന്നുന്നതാ’ അതായിരുന്നു അവന്റെ മറുപടി.

ഫോണ്‍ ബെല്ലടിക്കുന്നത് കേട്ട് ഞാൻ ചെന്നെടുത്തു. രണ്ടാമത്തെ മകൾ സുലുവായിരുന്നു. ഷുക്കൂർ എത്തിയോ എന്നും എത്തിയാൽ അവൾ വന്നിട്ടേ പെട്ടി തുറക്കാവൂ എന്നാണവൾ പറഞ്ഞത്. വിവരം ഷുക്കൂറിനോട് പറഞ്ഞു. പ്രശ്നം ഒന്നും ഉണ്ടാവാതിരിക്കാൻ അവൻ അപ്രകാരം ചെയ്യാമെന്ന് സമ്മതിച്ചു.

അവന്റെ ഏകമകൻ സലിം സ്കൂളിൽ പോയിരിക്കുകയാണ്. ഉച്ചക്ക് മൂന്ന് പെണ്‍ മക്കളും എത്തി. എല്ലാവരും കൂടി പെട്ടി തുറക്കൽ ആരംഭിച്ചു. അവർക്കിഷ്ടമുള്ളത് ഓരോരുത്തരായി എടുത്തു. അപ്പോഴാണ്‌ ഇളയ മകളുടെ കണ്ണിൽ മോതിരം പെട്ടത്. ‘എന്റെ ഇക്കാടെ നല്ല മനസ്സ്. ഇങ്ങിനെ മോതിരം ഇക്കാട് കൊണ്ട് വരണമെന്ന് പറയാൻ ഞാൻ ആലോചിച്ചതാ. ഇക്കാ സന്തോഷമായി’.

‘മോളെ, അത് മാത്രം നീ എടുക്കരുത്. അത് സുലുവിന് വേണ്ടി കൊണ്ട് വന്നതാ’. ഞാനവളോട് പറഞ്ഞു.

‘ഉമ്മ ഇത് സുലുവിന് വേണമെന്നില്ല’ എന്ന് അവൾ എന്നോട് പറഞ്ഞിട്ട് സുലുവിനോട് ചോദിച്ചു ‘സുലുവിന് ഇത് വേണ്ടല്ലോ. ഞാനെടുത്തോട്ടെ?’ സമ്മതഭാവത്തിൽ സുലു തലയാട്ടി.

പ്രവാസികൾ കറവപ്പശുക്കളെ പോലെയാണ്. കിട്ടാവുന്ന പാൽ മുഴുവൻ കറന്നെടുക്കും, ചോര വരുന്നത് വരെ. ആ സമയത്തൊക്കെ നല്ല സ്നേഹമൊക്കെ കാണിക്കും. അത് കഴിഞ്ഞു പാൽ ഇനി കിട്ടില്ല എന്ന് ഉറപ്പാവുമ്പോൾ അതിനെ കശാപ്പുകാർക്ക് അറക്കാൻ കൊടുക്കും. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഒരു മെഴുകുതിരി പോലെ എന്നും പറയാം.ജീവനാഡി കത്തിച്ചു മറ്റുള്ളവർക്ക് വെളിച്ചം നൽകി മരിച്ചു പോകുന്ന മെഴുകുതിരി.

‘ഷുക്കൂറെ ഈ പെട്ടി ഞാനെടുത്തോട്ടെ.. അളിയന് ഇതിന്റെ ആവശ്യമുണ്ട്. നീ തിരിച്ചു പോകുമ്പോൾകാർട്ടൂണ്‍ പെട്ടി മതിയല്ലോ?’ മൂത്ത സഹോദരി പറഞ്ഞപ്പോൾ മനമില്ലാമനസ്സോടെ ഷുക്കൂർ സമ്മതിച്ചു.

‘മോനെ, മോന്റെ വിഷമം എനിക്കറിയാം. ഉമ്മ എന്താ ചെയ്യാ?’ എന്ന് ഞാൻ പറഞ്ഞപ്പോൾ ‘ഇല്ല, എനിക്കൊരു വിഷമവുമില്ലുമ്മ’എന്ന അവന്റെ വാക്ക് കേട്ടപ്പോൾ മനസ്സിലൊരു നെരിപ്പോട് പോലെ.

സുലു അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുകയാണ്. സഹോദരിമാർ ഒന്ന് സഹായിക്കുന്നു പോലുമില്ല. അവർ ഷുക്കൂർ കൊടുത്ത (അതോ അവർ എടുത്തതോ) സാധനങ്ങളെ കുറിച്ചുള്ള കാര്യങ്ങൾ സംസാരിക്കുകയാണ്.

ഭക്ഷണം കഴിച്ചു കഴിഞ്ഞ് എന്റെ മുന്നിൽ വെച്ച് ഷുക്കൂർ സുലുവിനോട് ചോദിച്ചു.

‘സുലൂ .. നീ എന്റെ ഭാര്യയായത് നിന്റെ കഷ്ടകാലം അല്ലെ?’

‘ഇല്ല. ഇക്ക ഇതൊന്നും സാരമാക്കേണ്ട’ അവളുടെ മറുപടി കേട്ടപ്പോൾ ഷുക്കൂർ കരയുന്നത് ഞാൻ കണ്ടു. എനിക്കും നിയന്ത്രിക്കാനായില്ല.

പിന്നെ, ഇടയ്ക്കിടെ പെണ്‍ മക്കൾ വന്ന് ഷുക്കൂറിനോടും എന്നോടും അവരുടെ പരാതികളും ആവശ്യങ്ങളും പറഞ്ഞു തുടങ്ങി. കുറെയൊക്കെ അവൻ സഹായിച്ചു. എന്നിട്ടും പരാതികൾ തന്നെ ബാക്കി. ഗൾഫുകാരെ കാണുമ്പോഴാണോ പരാതികൾ പൊട്ടിമുളക്കുന്നതെന്ന് പോലും തോന്നിയിട്ടുണ്ട്.

രണ്ടു മാസം പെട്ടെന്ന് തീർന്ന പോലെ. ഇന്ന് എന്റെ മോൻ പെര്ഷ്യക്ക് പോകയാണ്. പോകുന്ന കാര്യം ആലോചിക്കുമ്പോൾ വരുമ്പോഴുണ്ടാകുന്ന സന്തോഷം ഇല്ലാതാവുന്നു.

അവന് പോകാനുള്ള കാർ വന്നു. എല്ലാവരോടും അവൻ യാത്ര പറഞ്ഞു. ഇനി രണ്ടു കൊല്ലം കഴിഞ്ഞേ അവൻ വരികയുള്ളൂ. എന്റെ അടുത്ത് വന്ന് അവൻ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. ‘ഉമ്മാ, എനിക്കും കൂടി പ്രാർഥിക്കണം’ അവൻ പറഞ്ഞു

‘മോനെ ഉമ്മ എപ്പോഴും നിങ്ങൾക്കൊക്കെ വേണ്ടി പ്രാർഥിക്കും’.

അവൻ കാറിൽ കയറി ഇരുന്നു. അവൻ പോകുന്നത് കാണാൻ വിഷമമുണ്ടെങ്കിലും പോകുന്നത് നോക്കി നിൽക്കുകയാണ്.പെട്ടെന്നാണ് അവൻ കാറിൽ നിന്നും ഇറങ്ങി ഞങ്ങളുടെ അടുത്തേക്ക് വന്നത്. എന്താണെന്നറിയാതെ ഞങ്ങൾ നിൽക്കുമ്പോൾ ഷുക്കൂർ എന്റടുത്ത് വന്ന് കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു ‘ഉമ്മാ, ഉമ്മ സുലുവിനേയും മോനെയും നോക്കണം…’ അവൻ കരയാൻ തുടങ്ങി. ‘മോനെ അവളെ ഞാൻ സ്വന്തം മോളായാണ് കരുതിയിട്ടുള്ളത്‌. എന്റെ മരണം വരെ അങ്ങിനെ ആയിരിക്കും’.

അവൻ കാറിൽ കയറി യാത്രയായി.

രണ്ട് മാസം കഴിഞ്ഞിട്ടുണ്ടാവും ഒരു ദിവസം രാത്രി ഉറക്കം തീരെ വരുന്നില്ല. നെഞ്ചത്തൊരു വേദന പോലെ.. എന്റെ ഞരക്കം കേട്ട് അടുത്ത കട്ടിലിൽ കിടന്നിരുന്ന സുലു എഴുന്നേറ്റ് വന്ന് കുഴമ്പ് എടുത്ത് തടവി. കുറച്ചു ആശ്വാസം കിട്ടി. എന്നിട്ടും ഉറങ്ങാൻ കഴിഞ്ഞില്ല.

എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല.

ഫോണ്‍ ബെല്ലടിക്കുന്നത് കേട്ടാണ് ഉണർന്നത്. സുലുവാണ് ഫോണ്‍ എടുത്തത്. എന്റെ ഇക്കാക്ക് എന്ത് പറ്റി എന്ന് ചോദിച്ചു കൊണ്ട് അവളുറക്കെ കരയാൻ തുടങ്ങി.

സുലുവിന്റെ കരച്ചിൽ കേട്ട് അടുത്ത വീട്ടിലെ സലാം ഓടിയെത്തി. ഫോണ്‍ അറ്റൻഡ് ചെയ്തു. അവന്റെ സംസാരത്തിൽ നിന്നും എന്തോ പ്രശ്നമുള്ളത് പോലെ തോന്നി. എന്റെ അടുത്ത് സലാം വന്ന് പറഞ്ഞു. ‘ഉമ്മാ, നമ്മുടെ ഷുക്കൂറിന് വയ്യാതെ ആയി ഇന്നലെ രാത്രി ആശുപത്രിയിൽ കൊണ്ട് പോയി. പേടിക്കേണ്ട ഉമ്മ. അല്ലാഹുവിനോട് പ്രാർഥിക്കുക’. പിന്നെയും എന്തൊക്കെയോ അവൻ പറയുന്നുണ്ടായിരുന്നു.ആളുകൾ വരികയും ഫോണ്‍ ചെയ്യുകയും ചെയ്യുന്നത് കണ്ടപ്പോൾ എന്റെ മോന് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് തോന്നി. ഒടുവിൽ ആ സത്യം കുറേശ്ശേയായി മനസ്സിലായി…എനിക്കൊന്നും ഓർമയില്ല.

എന്റെ മോന്റെ കാര്യം ആലോചിക്കുമ്പോൾ ആൽമഹത്യ ചെയ്യാൻ തോന്നി. പിന്നീട് മനസ്സ് പറഞ്ഞു, അത് ചെകുത്താന്റെ പണിയാണെന്ന്. എന്തിന് നരകം വാങ്ങണം? എല്ലാം അല്ലാഹുവിൽ ഭരമേൽപ്പിച്ചു. അപ്പോൾ മനസ്സിനൊരു സമാധാനം വന്നത് പോലെ. അല്ലെങ്കിലും ഇതൊക്കെ അല്ലാഹുവിന്റെ പരീക്ഷണമല്ലേ? ഇതിന്നാണോ അവൻ ഇപ്രാവശ്യം പോകുമ്പോൾ കാറിൽ നിന്ന്ഇറങ്ങി വന്ന് എന്നോട് രണ്ടാമതും യാത്ര ചോദിച്ചത്? അവന്റെ മരണസമയത്ത് എനിക്ക് നെഞ്ഞു വേദന വന്നത്?

ഇന്ന് എന്റെ മകനെ കൊണ്ട് വരുമെന്ന് കേട്ടു. ക്ഷമ കിട്ടാൻ ഞാൻ അല്ലാഹുവിനോട് പ്രാർഥിച്ചു. മയ്യത്തെത്തി. എന്നെ കാണിക്കാനായി എഴുനെൽപ്പിച്ചു. ഞാനാ മുഖം ഒന്നേ നോക്കിയുള്ളൂ. പൊട്ടിക്കരയുന്നത് ഇസ്ലാമിൽ തെറ്റാണെന്ന് അറിയാവുന്നത് കൊണ്ട് കുറെയൊക്കെ നിയന്ത്രിച്ചു.

മയ്യത്ത് മറവ് ചെയ്തു കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞു. എല്ലാവരും പോയി. ഇനി പെണ്‍ മക്കൾ മാത്രമേ ബാക്കിയുള്ളൂ. അവരും പോകുകയാണെന്ന് പറഞ്ഞു. കുട്ടികളുടെ പഠിപ്പ്, ഭർത്താക്കന്മാരുടെ ജോലി – അതൊക്കെയാണ്‌ അവരുടെ പ്രശ്നം. മൂന്ന് പെണ്‍ മക്കളും യാത്ര പറയാൻ എന്റെ അടുത്ത് വന്നു.

അപ്പോൾ ഷുക്കൂറിന്റെ മകൻ വന്ന് അവരോടു പറഞ്ഞു ‘അമ്മായിമാരേ, എന്റെ ഉപ്പ വരുമ്പോഴെല്ലാം ഉപ്പ കൊണ്ട് വന്ന സാധനങ്ങളും പെട്ടിയും നിങ്ങൾ കൊണ്ടു പോകാറുണ്ടല്ലോ? എന്റെ ഉപ്പാനെ കൊണ്ടുവന്ന പെട്ടി ദാ പുറത്ത് കിടക്കുന്നുണ്ട്. നിങ്ങൾ അത് കൊണ്ട് പൊയ്ക്കോ’ ഇതും പറഞ്ഞ് അവൻ കരയാൻ തുടങ്ങി.

വെറും പതിനൊന്ന് വയസ്സ് മാത്രമുള്ള അവന്റെ വാക്ക് കേട്ട് പെണ്‍ മക്കളടക്കം ഞങ്ങളെല്ലാം സ്തബ്ദരായി നിന്നു.

———————————————————-

മേമ്പൊടി:

മാറ്റുവീൻ ചട്ടങ്ങളെ – സ്വയം

ഇല്ലെങ്കിലത് മാറ്റീടുമത് നമ്മളെത്താൻ

Share This:

Comments

comments